അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കം ചെയ്യല്‍; ജില്ലാതല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങുകള്‍ എന്നിവ നീക്കം ചെയ്യല്‍ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നു.

ജൂലൈ 25 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ തദ്ദേശസ്ഥാപനതല സമിതിയുടെ നേതൃത്വത്തില്‍ അനധികൃതമായി സ്ഥാപിക്കപ്പെട്ടിട്ടുളള എല്ലാ ബോര്‍ഡുകളും, ബാനറുകളും നീക്കം ചെയ്യുന്നതിന് ‘സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. തദ്ദേശസ്ഥാപനതലത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവില്‍
തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി, തദ്ദേശസ്ഥാപന പരിധിയിലെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് എഞ്ചിനീയര്‍ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തും. അനധികൃതമായി സ്ഥാപിക്കപ്പെട്ടിട്ടുളള മുഴുവന്‍ ബോര്‍ഡുകളും, ബാനറുകളും, കൊടിതോരണങ്ങളും, ഹോര്‍ഡിങുകളും ഹൈക്കോടതി നിര്‍ദ്ദേശാനുസരണം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. അനധികൃതമായി സ്ഥാപിച്ചവര്‍ക്കെതിരെ പിഴ ചുമത്തി കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അനുമതിയോടെ സ്ഥാപിക്കപ്പെട്ടിട്ടുളളതും, പരിപാടി കഴിഞ്ഞതുമായ എല്ലാ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന് തദ്ദേശസ്ഥാപനതല സമിതികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

തദ്ദേശസ്ഥാപനതല സമിതികളുടെ നേതൃത്വത്തില്‍ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചതിനെതിരായ പരിശോധന കൃത്യമായ ഇടവേളകളില്‍ തന്നെ നടത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ബോര്‍ഡുകളും ബാനറുകളും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അത് നിര്‍മ്മിച്ച സ്ഥാപനങ്ങളുടെ പേരും, വിലാസവും, ഏത് സ്ഥാപനത്തിന് വേണ്ടിയാണ് എന്നതുള്‍പ്പടെയുളള വിവരങ്ങള്‍ (ക്യൂ ആര്‍ കോഡ്) ഉള്‍പ്പടെ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നിയമാനുസൃത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഓരോ തദ്ദേശസ്ഥാപനതലത്തിലും സ്വീകരിക്കുന്ന നടപടികളുടെയും, നീക്കം ചെയ്യുന്ന വസ്തുക്കളുടെയും കണക്കുകള്‍ കൃത്യമാക്കി സൂക്ഷിക്കണം.

ജില്ലയില്‍ ജൂണ്‍ മാസത്തില്‍ 90 തദ്ദേശസ്ഥാപനങ്ങളിലായി 126 പരിശോധനകള്‍ നടത്തി. പരിശോധനയില്‍ 603 അനധികൃത ബോര്‍ഡുകളും, 121 ബാനറുകളും, 29 കൊടിത്തോരണങ്ങളും, 4 ഹോര്‍ഡിങുകളും നീക്കം ചെയ്തു. കുന്നംകുളം മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, പാണഞ്ചേരി, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ പരിശോധന നടത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. 4 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പിഴ ഈടാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 1,83,100 രൂപ ഫൈന്‍ ചുമത്തുകയും, 21,560 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 14,500 രൂപയും, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 6,500 രൂപയും, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2,000 രൂപയും ഫൈന്‍ ചുമത്തിയതായും യോഗം വിലയിരുത്തി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 500 രൂപയും, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2,000 രൂപയും ഈടാക്കി.

ലോക്‌സഭ ഇലക്ഷന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകള്‍ പലയിടത്തും നീക്കം ചെയ്തിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ പരിശോധന നടത്തി നീക്കം ചെയ്യാത്തവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പരസ്യനികുതി ചുമത്താനാകാത്ത സാഹചര്യത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഫീസ് ഉള്‍പ്പെടുത്തി അനുമതി നല്‍കാവുന്നതാണോ എന്ന് പരിശോധിക്കണം. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാമെന്നും യോഗം നിര്‍ദ്ദേശിച്ചു.

നാഷണല്‍ ഹൈവേകളില്‍ സ്ഥാപിച്ചിട്ടുളള അനധികൃതമായ പരസ്യബോര്‍ഡുകള്‍ പരിശോധിച്ച് നീക്കം ചെയ്യുന്നതിനായി ഒരു ടീം പ്രവര്‍ത്തിക്കുന്നതായി ദേശീയ പാത അതോറിറ്റി പ്രതിനിധികള്‍ അറിയിച്ചു. തദ്ദേശസ്ഥാപനതല സമിതികള്‍ ആവശ്യപ്പെടുന്നമുറക്ക് ഉദ്യോഗസ്ഥരെ വിട്ട് നല്‍കുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കാമെന്നും പോലീസ് വകുപ്പ് യോഗത്തെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ധിഖ്, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.എസ് ദീപക്, സബ് ഇന്‍സ്‌പെക്ടര്‍, ജില്ലാ പോലീസ് (റൂറല്‍) മേധാവിയുടെ പ്രതിനിധി കെ.ഐ മാര്‍ട്ടിന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ജില്ലാ പോലീസ് (സിറ്റി) മേധാവിയുടെ പ്രതിനിധി വി.പി സോജന്‍, ദേശീയ പാത അതോറിറ്റി എ.എച്ച്.എം.ഇ കണ്‍സള്‍ട്ടന്റ് വി. ഹരികൃഷ്ണന്‍, തൃശ്ശൂര്‍ എക്‌സ്പ്രസ് വേ പ്രതിനിധി എ.എല്‍ നീരജ് പ്രകാശം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.