പെയര്‍ ട്രോളിങ്: യാനങ്ങള്‍ പിടിച്ചെടുത്തു!

അശാസ്ത്രീയവും നിയമ വിരുദ്ധവുമായ പെയര്‍ ട്രോളിങ്: യാനങ്ങള്‍ പിടിച്ചെടുത്തു

കാര തട്ടുംകടവില്‍ കടലില്‍ മത്സ്യസമ്പത്തിനു വിനാശം വിതയ്ക്കുന്ന പെയര്‍ ട്രോളിങ് (ഡബിള്‍ നെറ്റ്) നടത്തിയ മത്സ്യ ബന്ധന യാനങ്ങള്‍ പിടിച്ചെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് – കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം. നിരോധിച്ച ഡബിള്‍നെറ്റ് വല (പോത്തന്‍ വലകള്‍) ഉപയോഗിച്ചു 2 വള്ളങ്ങള്‍ ചേര്‍ന്നു നടത്തുന്ന മീന്‍പിടിത്ത രീതിയാണ് പെയര്‍ ട്രോളിങ് (ഡബിള്‍ നെറ്റ്). ഇതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവയ്ക്കും. കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച മത്സ്യബന്ധനം നടത്തിയ 2 വഞ്ചികള്‍ ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി. തൃശ്ശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി യാന ഉടമകള്‍ക്ക് പിഴ ചുമത്തും. പുലര്‍ച്ചേയാണ് വള്ളങ്ങള്‍ കടലില്‍ ഡബിള്‍ നെറ്റ് വലിക്കുന്നത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകമാരി അറിയിച്ചു.

അഴീക്കോട് കോസ്റ്റല്‍ പോലീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് പരമ്പരാഗത വള്ളക്കാര്‍ എന്ന വ്യാജേന പെയര്‍ ട്രോളിങ്ങിലൂടെ അടിയൂറ്റല്‍ നടത്തിയ കൈപ്പമംഗലം ബീച്ച് സ്വദേശികളായ കൈതവളപ്പില്‍ ധനീഷ്, കോഴിപ്പറമ്പില്‍ ബാഹുലേയന്‍ മകന്‍ രമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളവള്ളങ്ങള്‍ പിടിച്ചെടുത്തത്.

എഫ് ഇ ഒ സുമിത, കോസ്റ്റല്‍ എസ്‌ഐ സജീവന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിംങ്ങ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, കോസ്റ്റല്‍ സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രെജീഷ്, സുധീഷ് ബാബു, സി.പിഒ മാരായ ഷാമോന്‍, ഷൈജു, ലൈഫ് ഗാര്‍ഡുമാരായ പ്രമോദ്, സീജീഷ്, സ്രാങ്ക് ഹാരീസ്, ഡ്രൈവര്‍ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.