അന്താരാഷ്ട്ര സഹകരണദിനത്തോടനുബന്ധിച്ച്, സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സഹകരണവകുപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സഹകരണ വകുപ്പ് തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായുളള പരിശോധനയിലൂടെയാണ് മികച്ച സംഘങ്ങളെ തിരഞ്ഞെടുത്തത്.
എറണാകുളം ജില്ലയിലെ 7 സഹകരണ സംഘങ്ങള്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡിനര്‍ഹരായി. സംസ്ഥാനത്തെ മികച്ച അര്‍ബന്‍ ബാങ്കായി തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്കിനെയും മികച്ച പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കായി കണയന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെയും തിരഞ്ഞടുത്തു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണസംഘം രണ്ടാംസ്ഥാനം നേടിയപ്പോള്‍ പലവക സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ കര്‍ത്തേടം റൂറല്‍ സഹകരണ സംഘവും, കേരള പോലീസ് ഹൗസിംഗ് സഹകരണസംഘവും രണ്ടാം സ്ഥാനം പങ്കിട്ടു. ഇതേ വിഭാഗത്തില്‍ത്തന്നെ കൊച്ചിന് നേവല്‍ ബേസ് കണ്‍സ്യൂമര്‍ സഹകരണ സംഘത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. എംപ്ലോയിസ് സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ എറണാകുളം ജില്ലാ പോലീസ് ക്രഡിറ്റ് സഹകരണ സംഘത്തിന് മൂന്നാം സ്ഥാനം ലഭ്യമായി.
2004-2005 വര്‍ഷം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കണയന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള അര്‍ബന്‍ ബാങ്കുകളില്‍ 1000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിമൂല്യമുള്ള 4 അര്‍ബന്‍ ബാങ്കുകളില്‍ ഒന്നാണ് വിദേശ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള റിസര്‍വ് ബാങ്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ള തൃപ്പുണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക്.
സഹകരണ മേഖല പോയ വര്‍ഷം അഭിമുഖീകരിച്ച വെല്ലുവിളികള്‍ക്കിടയിലും നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനമാണ് എറണാകുളം ജില്ലയിലെ സംഘങ്ങളെ സംസ്ഥാനതല അവാര്‍ഡുകള്‍ക്ക് അര്‍ഹരാക്കിയത്. വൈവിധ്യവല്‍ക്കരണത്തിലൂടെയും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംസ്കരണത്തിലൂടെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെയും എറണാകുളം ജില്ലയിലെ സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിയ വര്‍ഷം കൂടിയാണ് കടന്നു പോയത്.
Leave a Reply