കുഞ്ഞഹമ്മദ് മാഷിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

സ്വതന്ത്ര ചിന്തകനും അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന മങ്കട കുഞ്ഞഹമ്മദ് മാഷ് അന്തരിച്ചു. ദീർഘകാലം ഹൈസ്കൂൾ അദ്ധ്യാപകനും ഹെഡ് മാഷും പിന്നീട് AEO ആയും സേവനമനുഷ്ഠിച്ച് 1993 ൽ റിട്ടയർ ചെയ്ത ശേഷം യുക്തിവാദി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി പ്രവർത്തിക്കുകയും നാട്ടിലും സമൂഹത്തിലും ആദരണീയനായി ജീവിക്കുകയും ചെയ്ത മാഷ് ജീവിതത്തിൽ ഒരിക്കലും തന്റെ ആദർശത്തിൽ വെള്ളം ചേർക്കുകയോ മതവുമായി സന്ധി ചെയ്യുകയോ ഉണ്ടായില്ല. പറയുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ധ്യാപകനായിരിക്കെ ആ ജോലിയെ ഒരു സാമൂഹ്യ സേവനമായി കണ്ട കുഞ്ഞഹമ്മദ് മാഷിന് സംസ്ഥാനത്തെ മികച്ച അദ്ധ്യാപകർക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.സംപൂർണ സാക്ഷരതാ പ്രോജക്ടിന്റെ ഭാഗമായും മാഷ് അക്കാലത്ത് ജില്ലയിലെ വിദ്യാഭ്യാസപ്രവർ ത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
നല്ല ഭാഷാ പാണ്ഡിത്യവും വിജ്ഞാനവും കൈമുതലായുള്ള അദ്ദേഹം ലോകപ്രസിദ്ധമായ ചില പുസ്തകങ്ങൾ മലയാളത്തിലേക്ക് മികച്ച രീതിയിൽ മൊഴിമാറ്റം ചെയ്തിട്ടുണ്ട് . ഇറാനിലെ മതവിമർശകനായിരുന്ന അലി ദാസ്തിയുടെ 23 Years; the prophetic career of muhammd എന്ന വിഖ്യാത കൃതി “മുഹമ്മദ് നബി മറ നീക്കിയപ്പോൾ ” എന്ന പേരിൽ ഭാഷാന്തരം ചെയ്തത് കുഞ്ഞഹമ്മദ് മാഷായിരുന്നു.20 വർഷത്തോളമായി ഹൃദ്രോഗബാധിതനായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ യുക്തിവാദി പ്രസ്ഥാനത്തിനൊപ്പം സജീവമായി നിലകൊണ്ടു. 87 ആം വയസ്സിൽ അദ്ദേഹം വിട വാങ്ങുമ്പോഴും തന്റെ സാമൂഹ്യ പ്രതിബദ്ധതയും ആദർശ നിഷ്ഠ യും അദ്ദേഹം പാലിച്ചു .
തന്റെ അഭിലാഷ പ്രകാരം മൃതദേഹം പെരിന്തൽമണ്ണ mes മെഡിക്കൽ കോളേജിലെ അനാടമി വിഭാഗത്തിന് കൈമാറിക്കൊണ്ട് ബന്ധുക്കളും അദ്ദേഹത്തോട് നീതി കാണിച്ചു . മഞ്ചേരി ഗവ. ഗേൾസ് ഹയർ സെകൻഡറി സ്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ് ആയി റിടയർ ചെയ്ത മറിയം ബീവിയാണ് സഹധർമ്മിണി.

Leave a Reply

Your email address will not be published.