നഗരസഭയുടെ ശുചീകരണ യജ്ഞം ‘ആവേശം -2.0’ ന്റെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റ ഭാഗമായി മഞ്ചേരി നഗരസഭ മിനി മാരത്തൺ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30 ന് ചുള്ളക്കാട് സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണി നിരന്നു. ജില്ലാ കളക്ടർ വി.ആർ. വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ‘എൻറെ പരിസരം സുന്ദരം’ എന്ന മുദ്രാവാക്യം ഉയർത്തി ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് ജനങ്ങൾക്ക് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്.
ചുള്ളക്കാട് നിന്നും ആരംഭിച്ച റാലി നഗരത്തിലൂടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ സമാപിച്ചു. തുടർന്ന് ജില്ല കളക്ടർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നരസഭയുടെ ബ്രാൻഡ് അംബാസിഡറായ ആട് ജീവിതത്തിലെ ‘പെരിയോനെ’ ഗാനം ആലപിച്ച് വൈറലായ മീരയ്ക്ക് ജില്ല ജഡ്ജി സനിൽകുമാർ ഉപഹാരം സമ്മാനിച്ചു. നഗരസഭയുടെ ശുചീകരണ കാമ്പയിന് ‘ആവേശം 2.0’ എന്ന പേര് നിർദേശിച്ച കൗൺസിലർ എ.വി. സുലൈമാൻ, മഞ്ചേരിയിൽ നിന്നും സൈക്കിളിൽ കാശ്മീർ വരെ സഞ്ചരിച്ച നിശാൽ മോഴിക്കൽ എന്നിവർക്ക് കളക്ടർ ഉപഹാരം നൽകി.
അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, ചെയർപേഴ്സൺ വി.എം.സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, സി.സക്കീന, എൻ.എം. എൽസി, സെക്രട്ടറി എച്ച്. സിമി തുടങ്ങിയവർ സംസാരിച്ചു.
നഗരസഭ ജീവനക്കാർ, വിവിധ ക്ലബ് പ്രതിനിധികൾ, വ്യാപാരി സംഘടനകൾ, യുവജന, സന്നദ്ധ സംഘടനകൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് ജീവനക്കാർ, താലൂക്ക്, പൊലീസ്, ഫയർ ഫോഴ്സ്, കോടതി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ജീവനക്കാർ, ട്രോമകെയർ പ്രവർത്തകർ, സിവിൽ ഡിഫൻസ്, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ട്രേഡ് യൂനിയൻ പ്രതിനിധികൾ, കുടുംബശ്രീ, പാലിയേറ്റീവ് പരിരക്ഷാ വളണ്ടിയർമാർ, ബാങ്ക് ജീവനക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, മഞ്ചേരി നഴ്സിങ് സ്കൂൾ വിദ്യാർഥികൾ, വിവിധ കോളജ്- സ്കൂളുകളിലെ എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ തുടങ്ങിയവർ മാരത്തണിൽ അണിനിരന്നു.
Leave a Reply