താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും

താനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍മ്മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കാനും മണ്ഡലം എം.എല്‍.എ കൂടിയായ കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി. അബ്ദറഹിമാന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പദ്ധതികളുടെ നടത്തിപ്പിന് ഭൂമിയേറ്റെടുക്കല്‍ ആവശ്യമായ കേസുകളില്‍ ഉടനടി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാനും ഭൂമി സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

താനൂര്‍ പനമ്പാലം പാലം & അനുബന്ധ റോഡ്, കൂട്ടിലത്തറി- മഞ്ഞക്കടവ് പാലം, ബംഗ്ലാംകുന്ന്- ഓവുങ്ങല്‍ മിനി ബൈപ്പാസ്, അഞ്ചടി- കുണ്ടുങ്ങള്‍ പാലം & അനുബന്ധ റോഡ്, തീരദേശ ഹൈവേ, ദേവധാര്‍ ബൈപ്പാസ്, മീസപ്പടി റോഡ്, താനൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം, നിര്‍ദ്ദിഷ്ട വല നിര്‍മാണ ഫാക്ടറി, ബിസ്‌ക്കറ്റ് ഫാക്ടറി, താനാളൂര്‍ തിയേറ്റര്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അൂര്‍വ ത്രിപാദി, എ.ഡി.എം കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, റവന്യൂ- സര്‍വ്വേ- പി.ഡബ്ലിയു.ഡി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.