കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ്:അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലെ അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് കെ.എസ്.ടി.പി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ പാച്ച് വര്‍ക്ക് നടത്തേണ്ടതുണ്ട്. പുതുതായി രൂപപ്പെട്ട കുഴികളും തകരാറുകളും ജൂലൈ അഞ്ചിനകം പരിഹരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിങ് ജോലികള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

അറ്റക്കുറ്റപണിക്ക് ശേഷം ഗതാഗത ക്രമീകരണങ്ങള്‍ നടത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനുള്ള ഡൈവേര്‍ഷന്‍ പ്ലാന്‍ ബസ് ഉടമകള്‍, വ്യാപാര വ്യവസായി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നവര്‍ക്ക് ഭീമമായ നഷ്ടം വരാത്ത രീതിയിലും സുരക്ഷ ഉറപ്പാക്കിയും പ്രവൃത്തികള്‍ ആസൂത്രണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പണി പൂര്‍ത്തിയാക്കിയ പാലയ്ക്കല്‍- അമ്മാടം റോഡ് പരിശോധനയ്ക്ക് ശേഷം ജൂലൈ രണ്ടിന് തുറന്നു നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

കളക്ടറേറ്റിലെ വീഡിയോ കോണ്‍ഫറന്‍സ് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. മുരളി, തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി.എം കുര്യന്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍, ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.