സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ: സ്ക്വാഡ് രൂപീകരിച്ച് സ്കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും- ജില്ലാ കളക്ടര്‍
ജില്ലയിലെ രണ്ട് സ്കൂളുകളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സ്ക്വാഡ് രൂപീകരിച്ച് എല്ലാ സ്കൂളുകളിലും പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ടോയ്‍ലറ്റുകള്‍, ഉച്ചഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കും. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ഉപയോഗിച്ച് ഓഡിറ്റോറിയങ്ങളിലും മറ്റും വെല്‍ക്കം ഡ്രിങ്ക് തയ്യാറാക്കുന്നത് ജില്ലയില്‍ മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ പടരാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് തടയാന്‍ ഓഡിറ്റോറിയങ്ങളിലും മറ്റും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. ലൈസന്‍സ് ഉള്ള കാറ്ററേഴ്സ് മാത്രമേ ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം തയ്യാറാക്കാന്‍ പാടുള്ളൂ എന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പത്താംതരം വിജയിച്ച ഒരു കുട്ടി പോലും പ്രവേശനം കിട്ടാതെ പുറത്തിരിക്കുന്ന അവസ്ഥയുണ്ടാവാത്ത വിധം പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത അപേക്ഷകര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങളിലെ സ്കളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവി ഡോ. പി. എ അനില്‍ യോഗത്തില്‍ അറിയിച്ചു. ആര്‍.എം.എസ്.എ പദ്ധതി പ്രകാരം അനുവദിച്ച ജില്ലയിലെ 21 ഗവ. ഹൈസ്കൂളുകള്‍ ഹയര്‍സെക്കന്ററി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവിടങ്ങളില്‍ താത്കാലിക ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കാന്‍ ശിപാര്‍ശ നല്‍കുമെന്നും ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവി അറിയിച്ചു.
സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ തടയാന്‍ നൂണ്‍ മീല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നും നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ശരിയായി നടന്നിട്ടില്ലെന്നും ഇതാണ് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിക്കാനാവുമെന്ന് അഡ്വ. യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോറന്‍സിക് വിഭാഗത്തില്‍ രണ്ട് സീനീയര്‍ റസിഡന്റുമാരെ ഇവിടെ നിയമിക്കേണ്ടതുണ്ടെന്നും വൈസ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മലപ്പുറം മേല്‍മുറിയില്‍ മൂന്നു പേര്‍ മരിച്ച അപകടത്തില്‍ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് വൈകിയത് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കമണെന്നും പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം കോട്ടക്കുന്നില്‍ മഴക്കാലത്തെ മണ്ണിടിച്ചില്‍ തടയുന്നതിന് ഡ്രൈനേജ് നിര്‍മിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പരപ്പനങ്ങാടി ലെപ്രസി കോളനിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നത് അവസാന ഘട്ടത്തിലാണെന്നും ജൂലൈ 15 ന് ശേഷം നടക്കുന്ന പട്ടയമേളയില്‍ വെച്ച് പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും പരപ്പനങ്ങാടി ഫിഷറീസ് കോളനി നിവാസികള്‍ക്ക് പട്ടയം ലഭിക്കുന്നതിനായി നിരാക്ഷേപ പത്രം വകുപ്പ് ആസ്ഥാനത്തേക്ക് അയച്ചു നല്‍കിയിട്ടുണ്ടെന്നും കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി റവന്യൂ വകുപ്പ് അറിയിച്ചു.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം ജില്ലയില്‍ പൂര്‍ത്തിയായതായി ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനുത്തിരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 69,10,401 പാഠപുസ്തകങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. മെയ് 30 നകം വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോം വിതരണം ഒഴാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം അറിയിച്ചു. ഉപയോഗ ശൂന്യമായ ക്വാറികളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വീണ് കുട്ടികള്‍ മരിക്കുന്നത് തടയാന്‍ ക്വാറികള്‍ മണ്ണിട്ടു മൂടുകയോ വേലി കെട്ടി തിരിക്കുകയോ ചെയ്യണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി ഉപയോഗ ശൂന്യമായ ക്വാറികളുടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള എണ്ണം നല്‍കാന്‍ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ തൃപാദി, അസി. കളക്ടര്‍ വി.എം ആര്യ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി ജ്യോതിമോള്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു
Leave a Reply