സ്മാർട്ടായി രാമമംഗലം:ഹരിതകർമ്മ സേനയുടെ ഹരിത മിത്രം

ശുചിത്വ പ്രവ൪ത്തനങ്ങളുടെ ഭാഗമായി രാമമംഗലം പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണം മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കൂടുതൽ സുതാര്യമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവ൪ത്തനങ്ങൾ ഓൺലൈ൯ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹരിത മിത്രം സ്മാ൪ട്ട് ഗാ൪ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന് പഞ്ചായത്തിൽ തുടക്കമായി.

പഞ്ചായത്തിനു കീഴിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഹരിത ക൪മ്മ സേനയുടെ യൂസ൪ഫീ ശേഖരണം, കലണ്ട൪ പ്രകാരമുള്ള പാഴ്വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാം. മാത്രമല്ല ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനും കഴിയും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എൽദോ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ ജിജോ ഏലിയാസ്, ഷൈജ ജോർജ്, ആലീസ് ജോർജ് മെമ്പർമാരായ സണ്ണി ജേക്കബ്, സജീവ് എം യു, ബിജി രാജു, അഞ്ജന ജിജോ, ആന്റോസ് പി സ്കറിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോർജ് വി, അസിസ്റ്റന്റ് സെക്രട്ടറി റെയ്സൺ വർഗീസ്, VEO ലിൻഡ ഡിക്രൂസ്, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഷെഫ്ന, സി ഡി എസ് ചെയർപേഴ്സൺ ഷീബ യോഹന്നാൻ, കെൽട്രോൺ അസിസ്റ്റന്റ് പ്രൊജക്റ്റ് കോർഡിനേറ്റർ ഗ്രീഷ്മ ഇ എസ് ഹരിത കേരളം മിഷൻ ആർ പി സുരേഷ് എ എ, വൈ പി വർണ്ണ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.ഹരിതകർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.