പള്ളി തർക്കം: മുഖം തിരിച്ച് പോലീസ്

കോതമംഗലം: പുളിന്താനം യാക്കോബായ പള്ളിയിൽ കോടതി പ്രകാരം അധികാരം സ്ഥാപിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗവും പ്രതിരോധം തീർത്ത് യാക്കോബായ വിഭാഗവും അണിനിരന്നതോടെ പോത്താനിക്കാട് മുൾമുനയിൽ ആയി. പോത്താനിക്കാട് പുളിന്താനം പള്ളിയിലാണ് ഇന്നലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുളിന്താനം സെൻറ് ജോൺസ് ബസ്ഫകെ യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരികെപ്പോയി.

സ്ഥലത്ത് പൊലീസിന്റേയും, തഹസിൽദാരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. ഇതിനുമുൻപും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുവാൻ എത്തിയപ്പോൾ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം ഉയർത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം പ്രാർത്ഥനയും നടത്തി. വൈദികരും വിശ്വാസികളും അടക്കം നിരവധി പേരാണ് ഓർത്തഡോക്സ് വിഭാഗത്തെ പ്രതിരോധിക്കുവാൻ എത്തിയത്.

ബലപ്രയോഗത്തിലൂടെ യാക്കോബായ വിശ്വാസികളെ നീക്കം ചെയ്യാൻ കഴിയില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ വൈദികർ ഉൾപ്പെടെയുള്ള ഓർത്തഡോക്സ് പക്ഷം പിൻവാങ്ങുകയായിരുന്നു. കോടതിവിധി അട്ടിമറിക്കാൻ സർക്കാർ യാക്കോബായ വിഭാഗത്തോടൊപ്പം ചേർന്ന് നടത്തുന്ന നാടകമാണ് നടക്കുന്നത് എന്ന് ഓർത്തഡോക്സ് പക്ഷം പിന്നീട് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.