3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പു നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സിപി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്.
തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്നും പറഞ്ഞ് പ്രതി ആദ്യം പരാതിക്കാരനെ സമീപിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലെന്ന വ്യാജേന ഇയാൾ പരാതിക്കാരനെ മണിക്കൂറുകളോളം വീഡിയോ കോളിന് മുന്നിൽ ഇരുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പ് മനസിലാക്കി പൊലീസിൽ പരാതി നൽകി തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇയാൾ കേരളത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള ആളുകളുടെ വ്യത്യസ്ത പേരുകളിൽ 42 ഓളം ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും സൈബർ തട്ടിപ്പ് വഴി ലഭിച്ച പണമെല്ലാം ദുബായിൽ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി.

Comments (0)
Add Comment