കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ∙ കനത്ത മഴയെ തുടർന്നു ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,  പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്‌ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.  മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകളാണു തുറന്നത്. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പുണ്ട്.

Comments (0)
Add Comment