ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം

മലപ്പുറം,: ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് പറഞ്ഞു. ഇതേ ഓഡിറ്റോറിയത്തിൽ മേയ് 13നു നടന്ന ചടങ്ങാണ് തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തിലും രോഗം പടരാൻ കാരണമായത്.

‘‘കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലധികം പേർക്ക് രോഗം ബാധിച്ചതായി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 38 രോഗികളായി ചുരുങ്ങി. മേയ് 16നു മൂന്നിയൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ആളുകൾക്കാണ് രോഗം ബാധിച്ചത്. വിവാഹത്തിനു വന്നവർക്കു നൽകിയ ‘വെൽകം ഡ്രിങ്കാണ്’ രോഗത്തിന്റെ ഉറവിടം. എന്നാൽ ജൂൺ 30ന് മരിച്ച വിദ്യാർഥിനിയുടെ മരണകാരണം മഞ്ഞപ്പിത്തമല്ലെന്നാണ് മെ‍ഡിക്കൽ യോഗത്തിന്റെ വിശദീകരണം. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് ജൂണ്‍ 28നാണ്. മരിച്ചത് ജൂൺ 30നും. ഈ കാലയളവ് കണക്കിലെടുത്താണ് മെഡിക്കൽ സംഘം മഞ്ഞപ്പിത്ത സാധ്യത തള്ളിക്കളയുന്നത്.

Comments (0)
Add Comment