രാഹുൽ വയനാട് കൈവിട്ടു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

◾ വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്കെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്‌നേഹിച്ചു. പ്രിയങ്ക വയനാട്ടില്‍ വിജയിക്കുമെന്നും പ്രിയങ്കയ്‌ക്കൊപ്പം താനും വയനാടിന്റെ എം.പിയായിരിക്കുമെന്നും വയനാടിന് ഇനി രണ്ട് എംപിമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഒഴിയാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾ വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി

Comments (0)
Add Comment