പുഷ്പ ബ്രാന്‍ഡ്: വാഴുമോ? വീഴുമോ..!

ഗ്രീഷ്മ ധർമജൻ

ഇടം തോള്‍ അല്പം പൊക്കി വലം തോള്‍ താഴ്ത്തി, കാട് പിടിച്ച മുടിയും ഇരുനിറത്തില്‍ ഗൗരവമാര്‍ന്ന മുഖവും പളപള മിന്നുന്ന ഫാഷനബിള്‍ ഡ്രസും കഴുത്തിലെ സ്വര്‍ണ മാലകളും തെലുങ്ക് വില്ലന്‍ ഗെറ്റപ്പില്‍ നമ്മുടെ മനം കവര്‍ന്ന കള്ളക്കടത്തുകാരന്‍ പുഷ്പ. ഫയറായും ഫ്‌ളവറായും മൂന്നര മണിക്കൂര്‍ നീളുന്ന അവന്റെ രണ്ടാം വരവ്. തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങളും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും അല്ലു അര്‍ജുന്റെ വിവിധ ഗെറ്റപ്പിലെ പകര്‍ന്നാട്ടങ്ങളും കൊണ്ട് ലക്ഷണമൊത്ത തെലുങ്ക് സിനിമയായി ‘പുഷ്പ 2: ദ റൂളി’ന്റെ ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയോ? ബോറഡിപ്പിക്കുന്ന, ലാഗടിപ്പിക്കുന്ന, അഭിനയം കൊണ്ട് മലയാളികളെ ‘എന്റെ സിവനേ..!‘ ( സുരാജ് ജെപിജി) എന്ന് വരെ വിളിപ്പിക്കുന്നു. സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പുഷ്പയുടെ തേരോട്ടത്തെ കൈയടിച്ച് തന്നെയാണ് മലയാളികള്‍ വരവേറ്റതെങ്കിലും, ഓവര്‍ ആക്റ്റിങ്ങിനെ സഹിക്കാന്‍ മാത്രം മലയാളികള്‍ വളര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നു രണ്ടാം പകുതിയില്‍ തിയെറ്ററുകളില്‍ ഉയര്‍ന്നു കേട്ട കൂവലുകള്‍.

സിനിമയെ ആഘോഷമാക്കി മാറ്റുന്ന ഫ്രെയിമുകള്‍, വൈഡ് ഫ്രെയ്മുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദൃശ്യപരത, ആക്ഷന്‍ സ്വീകന്‍സുകള്‍ ചിത്രീകരിച്ചിരിക്കുന്ന ചടുലത, ഇതിനോടകം ജനപ്രീതി നേടിയ ഗാനങ്ങള്‍, ഗാനരംഗങ്ങളിലെ അല്ലു അര്‍ജുന്‍- ശ്രീല- രശ്മിക എന്നിവരുടെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകള്‍, സംഘട്ടന രംഗങ്ങളിലെ തകര്‍പ്പന്‍ പശ്ചാത്തല സംഗീതം, സാങ്കേതികത്തികവ്… ഒരു മാസ് മാസാലയില്‍ ചേരേണ്ടതൊക്കെയും ചേരുംപടി ചേര്‍ത്ത് സുകുമാര്‍ ഒരുക്കിയ സിനിമയാണ് പുഷ്പ എന്നതില്‍ സംശയമില്ല.

പുഷ്പ എന്നാല്‍ ബ്രാന്‍ഡ് ആടാ..!

വെറുമൊരു കൂലിക്കാരനില്‍ നിന്നും രക്തചന്ദനക്കടത്തിന്റെ സിന്‍ഡിക്കേറ്റ് അംഗമായുള്ള ഉദയവും, അവന്റെ വളര്‍ച്ചയുമാണ് ആദ്യ ഭാഗത്തിലെങ്കില്‍, സിന്‍ഡിക്കേറ്റിന്റെ തലവനായി ലോകം കീഴടുക്കുന്ന ബ്രാന്‍ഡായി, പുഷ്പ മാറുന്നതെങ്ങനെയെന്നാണ് രണ്ടാ ഭാഗം പറയുന്നത്. ജപ്പാന്‍ വരെ നീണ്ടു വളര്‍ന്നു കിടക്കുന്ന തന്റെ ശൃംഖല, പരിധികളില്ലാത്ത അധികാരം തനിക്കുണ്ടെന്ന് കാട്ടിത്തരുന്നു ഈ സീനുകള്‍. തുടര്‍ന്ന് ആന്ധ്രയിലെ ചിറ്റൂരില്‍ പുഷ്പ കെട്ടിപ്പടുത്ത സാമ്രാജ്യം. തന്റെ കൂട്ടാളികളെ രക്ഷപെടുത്താന്‍ പൊലീസ് സ്റ്റേഷന്‍വരെ വിലയ്ക്കു വാങ്ങുന്ന, ഭാര്യയുടെ നിസാരമായ ഒരു ആഗ്രഹപൂര്‍ത്തികരണത്തിന് കത്തിവയ്ക്കുന്ന മുഖ്യമന്ത്രിയെ മാസങ്ങള്‍ക്കിപ്പുറം രാജിവപ്പിച്ച് തന്റെ കൈയ്യാളിയെ അധികാരത്തിലേറ്റുന്ന പവര്‍. ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസുകാന്‍ മാത്രമാണ് പുഷ്പയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാവുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ കുടുംബപ്പേരില്ലാത്തത് പുഷ്പയെ തളര്‍ത്തുന്നു. പണംകൊണ്ടും ബ്രാന്‍ഡ് കൊണ്ടും മായ്ക്കാനാവാത്ത ദുഃഖങ്ങളിലൊന്നായി ഇത് അവശേഷിക്കുന്നു. തുടര്‍ന്നു വരുന്ന സംഭവവികാസങ്ങളില്‍ കുടുംബപ്പേര് നേടുന്ന പുഷ്പ, കുടുംബത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതില്‍ അവസാനിക്കാതെ, ബലപ്പെട്ടുവരുന്ന ശത്രുസൈന്യത്തെ കാണിച്ച് ശേഷം മൂന്നില്‍ എന്ന് അവസാനിക്കുന്നതാണ് പുഷ്പ രണ്ടാം ഭാഗത്തിന്റെ കഥാപശ്ചാത്തലം. പുഷ്പ ബ്രാന്‍ഡ്: വാഴുമോ? വീഴുമോ..! എന്ന് അടുത്ത പാര്‍ട്ടില്‍ ഉണ്ടാവുകയുള്ളു എന്ന് സാരം.
എടുത്തു പറയത്തക്ക വഴിത്തിരിവുകളൊ ട്വിസ്റ്റുകളോ ഇല്ലാത്ത ക്ലീഷേ കത്തി പടം. ഭന്‍വര്‍ സിങ് ഷെഖാവത്തും പുഷ്പയും തമ്മിലുള്ള കിടമത്സരങ്ങള്‍ മാത്രമാണ് കഥയിലെ ഹൈലൈറ്റ്. ഭാര്യ ശ്രീവള്ളിയുമായിയുള്ള കോമ്പിനേഷന്‍ സീനുകള്‍ കണ്ടിരിക്കാന്‍ രസമുള്ളതാണ്. ഫ്‌ളവറായ ഫാമിലിമാനായ പുഷ്പയെ നമുക്കതില്‍ കാണാം.

തകര്‍ത്താടുന്ന അല്ലു – ഫഫ

പുഷ്പയായി നിറഞ്ഞാടി തിമര്‍ക്കുന്ന അല്ലു അര്‍ജുന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും പ്രത്യേകത. ആക്ഷന്‍ രംഗങ്ങളിലും ഡാന്‍സ് സ്വീകന്‍സുകളിലും അല്ലു അര്‍ജുനെ കവച്ചുവയ്ക്കാന്‍ ആരുമില്ലെന്ന് ഊട്ടിയുറപ്പിക്കുന്നു പുഷ്പ 2. തിരുപ്പതി ഗന്‍ഗമ്മയായി തകര്‍ത്താടുന്ന അല്ലു അര്‍ജുന്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നു. ആഘോഷമായി മാറിയ ഫ്രെയിമില്‍ മറ്റൊന്നില്‍പോലും കണ്ണുടക്കാതെ അല്ലു അര്‍ജുനില്‍ മാത്രം കണ്ണ് കൊരുക്കുന്നു. രശ്മിക ഒത്തുള്ള റൊമാന്‍സ് സീനുകള്‍ അല്ലു അര്‍ജുന്‍ തന്നെ സ്വന്തമാക്കി എന്നു വേണം പറയാന്‍. ഭന്‍വര്‍ സിങ് ഷെഖാവത്തും പുഷ്പയുമായുള്ള സീനുകള്‍ തകര്‍ത്തു. പക്ഷേ പണ്ടും അല്ലുവിന് കാലിടറിയ ഇമോഷ്ണല്‍ സീനുകള്‍ ഇത്തവണയും പുഷ്പയെ ചതിച്ചു. കരച്ചില്‍ സീനുകള്‍ അഭിനയിക്കാന്‍ അല്ലു ഇനിയും വളരേണ്ടതുണ്ടെന്ന് സിനിമ കാട്ടിത്തരുന്നു.

ഭന്‍വര്‍ സിങ് ഷെഖാവത്ത് പുഷ്പയുടെ ശത്രുവായുള്ള ഫഹദിന്റെ പ്രകടനം ഗംഭീരം. ഷമ്മിയും രംഗണ്ണനുമൊക്കെ കണ്ടുവളര്‍ന്ന മലയാളികള്‍ക്ക് വലിയ അദ്ഭുതം തോന്നിയില്ലെങ്കിലും മറ്റൊരു നടന് ഇത്ര ഗംഭീരമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. സിനിമയിലുട നീളം മുഴങ്ങി കേള്‍ക്കുന്ന പേരാണ് ശ്രീവള്ളിയുടേത്. ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം. പുഷ്പയുടെ പ്രേമഭാജനമായുള്ള രശ്മികയുടെ അഭിനയം പലപ്പോഴും അതിരുകടന്നില്ലേ എന്നു തോന്നുന്നത് സ്വാഭാവികം. തിരുപ്പതി ഗന്‍ഗമ്മയായി അല്ലു അര്‍ജുന്റെ പ്രകടനത്തിനുശേഷം രശ്മികയുടെ മാസ് ഡയലോഗിന് ലഭിച്ച കൂവല്‍ സ്വാഭാവികം.

പാളിച്ചകള്‍

മുഖ്യമന്ത്രിയുമായി പുഷ്പ ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടൊ ഹാളില്‍ പതിക്കണമെന്ന ശ്രവള്ളിയുടെ ആഗ്രഹത്തിനു പിന്നാലെ ഒരുങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, അവളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് പടവെട്ടുന്ന പുഷ്പയും. ഭന്‍വര്‍ സിങ് ഷെഖാവത്തുമായുള്ള പുഷ്പയുടെ പോരാട്ടങ്ങള്‍ക്കുമൊടുവിലെ വിജയത്തോടെ പടം അവസാനിപ്പിച്ചെങ്കില്‍ ഒത്തിരി പരിക്കുകള്‍ ഇല്ലാതെ പുഷ്പ 2 കാണികളുടെ മനസില്‍ ഇടം പിടിച്ചേനെ.
രണ്ടാം പകുതിയിലെ അനാവശ്യ ലാഗിങ്ങും കുടുംബ പാസത്തില്‍ ഉടലെടുത്ത മെലോ ഡ്രാമയും ഓവര്‍ ആക്ടിങ്ങും. സന്ദര്‍ഭത്തില്‍ മുഴച്ചു നില്‍ക്കുന്ന ഇമോഷ്ണല്‍ സീനുകളിലെ പശ്ചാല സംഗീതവും… തെലുങ്ക്, തമിഴ്, ഹിന്ദി പ്രേക്ഷക സമൂഹം കൈയടിച്ച് വരവേറ്റാലും മലയാളികള്‍ക്ക് പെട്ടന്ന് ദഹിക്കാന്‍ കെല്‍പ്പുള്ളവയല്ല ഇവയെല്ലാം. കുടുംബപ്പേര് ചേര്‍ത്ത് നിര്‍ത്തി ഒരു ഇമോഷണല്‍ ഡ്രാമയാണ് ‘സംവിധായകന്‍ കണ്ട കിനാശ്ശേരിയെങ്കില്‍’, അതിന് തക്ക അഭിനയ ശേഷിയുള്ള ആളുകളല്ല തന്റെ അഭിനേതാക്കള്‍ എന്ന തിരിച്ചറിവ് സംവിധായകന് ഉണ്ടാവേണ്ടിയിരുന്നു. മൂന്നര മണിക്കൂര്‍ എന്ന ദൈര്‍ഘ്യം വെട്ടിക്കുറച്ചിരുന്നെങ്കിലും സിനിമയ്ക്ക് പ്രത്യേകം ഒന്നും സംഭവിക്കില്ല. പാര്‍ട്ട് മൂന്നിലേക്കുള്ള സംവിധായകന്റെ വലിച്ചുനീട്ടല്‍ വലിയ രീതിയില്‍ കാണികള്‍ക്ക് അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. തെലുങ്കില്‍ മാത്രം പുറത്തിറങ്ങുന്ന മസാല പടമെങ്കില്‍ ഇതൊക്കെ ഒരു അപാകതകള്‍ ആവില്ലായിരുന്നു. ഒരു പാന്‍ ഇന്ത്യന്‍ മൂവിയായി പുഷ്പ ഇറങ്ങുകയും പുഷ്പ ഒന്നിന്റെ അമിത പ്രതീക്ഷയുടെ ഭാരം ചുമലില്‍ ഏറ്റിയതും പുഷ്പ 2വിന് വിനയാകും.
ഇതൊക്കെയായാലും റെക്കോഡ് കളക്ഷന്‍ നേടുന്ന കാര്യത്തില്‍ പുഷ്പ പുറകോട്ട് പോയിട്ടില്ല. പുഷ്പ രണ്ട് കാണികള്‍ ഹൃദയത്തിലേറ്റുമോ എന്ന് കണ്ടറിയാം. കുറഞ്ഞത് കേരളത്തില്‍ എങ്കിലും പുഷ്പ ബ്രാന്‍ഡിന് മങ്ങലേല്‍ക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published.