കൊച്ചി: ഭര്‍ത്താവിന്റെ മദ്യപാനവും പ്രേതബാധയും മാറ്റമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവില്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പൂജാരി റിമാന്റില്‍. നോര്‍ത്ത് പറവൂര്‍ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടില്‍ ശ്യാം ശിവന്‍ (37) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകള്‍ നടത്തി പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. പൂജകള്‍ക്കു മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്.
സംഭവം പുറത്തെറിഞ്ഞാല്‍ ഫലം കിട്ടില്ലെന്നും ആരും ഇത് അറിയരുതെന്നും ഇയാള്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പൂജ കഴിഞ്ഞ് ആള്‍ മുങ്ങിയതോടെയാണ് തട്ടിപ്പാണെന്ന കാര്യം വീട്ടുകാര്‍ക്ക് മനസ്സിലായത്. ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ആന്റെണി ജയ്‌സണ്‍, പി.ടി. സ്വപ്ന, എ എസ് ഐ എം.ടി. ലാലന്‍, എസ് സി പി ഓ എ.യു. ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply