വേഷം മാറിയ ദൈവങ്ങളുടെ ചരിത്രവുമായി ടോമി സെബാസ്റ്റ്യൻ ലിറ്റ്മസിൽ
യഹോവ ബൈബിളിലെ ദൈവമല്ല; ഗ്രീക്കുകാരുടെ ജൂപീറ്റർ, ഗോമാതാവിന്റെ ഉദയം ഈജിപ്തിൽ : തെളിവുകളുമായി അയർലൻഡ് മലയാളി

മനുജ മൈത്രി
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് വയലാർ എഴുതിയത് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. കേവലം പാട്ടിനപ്പുറം അക്ഷരാർത്ഥത്തിൽ ഇത് ശരിയാണെന്ന തെളിവുകൾ ലഭിച്ചാൽ വിശ്വസിക്കുന്ന എത്ര മലയാളികൾ ഉണ്ടാകും. വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവത്തെ ഉണ്ടാക്കിയത് മനുഷ്യരാണെന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി സമർഥിക്കുകയാണ് സ്വാതന്ത്ര ചിന്തകനും അയർലൻഡ് മലയാളിയുമായ ടോമി സെബാസ്റ്റ്യൻ.
ഒക്ടോബർ 1ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസിൽ ഇതു സംബന്ധിച്ച പ്രഭാഷണം നടത്തുന്നുണ്ട് ടോമി സെബാസ്റ്റ്യൻ. വേഷം മാറുന്ന ദൈവങ്ങൾ എന്ന വിഷയത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഭാഷണം
നമ്മൾ വിശ്വസിച്ചിരുന്ന വായുദേവൻ, സൂര്യദേവൻ, ചന്ദ്രദേവൻ, നാഗദേവൻ
യമദേവൻ അടക്കം മുപ്പത്തി മുക്കോട് ദൈവങ്ങളും മനുഷ്യരുണ്ടാക്കിയതെന്നാണ് ടോമിയുടെ വാദം. ഇതിന് ടോമി സെബാസ്റ്റ്യൻ നൽകുന്ന ശാസ്ത്രീയ തെളിവുകൾ പരിശോധിക്കേണ്ടതാണ്.

മനുഷ്യ ചരിത്രത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളാണ് ചിന്ത വിപ്ലവം (cognitive revolution), കാർഷിക വിപ്ലവം (agricultural revolution), ശാസ്ത്ര വിപ്ലവം (scientific revolution) എന്നിവ. ചിന്താ വിപ്ലവ കാലഘട്ടത്തിൽ പ്രകൃതി ശക്തികളെ കുറിച്ചുള്ള അജ്ഞതയിൽ നിന്നും സങ്കല്പങ്ങളാൽ മെനഞ്ഞെടുത്ത അതിജീവനത്തിന് സഹായിച്ച, ഗോത്രമായി നിലനിർത്താൻ സഹായിച്ച സങ്കല്പങ്ങൾ ആയിരുന്നു ദൈവങ്ങൾ .

കാർഷിക വിപ്ലവത്തിന്റെ അവസാന ഘട്ടത്തോടുകൂടി മനുഷ്യൻ വളരെയധികം കൂടുതലായി കൂടിക്കലരാൻ തുടങ്ങിയതോടെ ഈ ദൈവസങ്കൽപങ്ങളും മനുഷ്യരുടെ കുടിയേറ്റത്തിനൊപ്പം കാലദേശാന്തരങ്ങൾ സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെയുള്ള കൂടിക്കലരലുകളിലൂടെ ഇത്തരം ദൈവസങ്കൽപങ്ങൾക്കും കൂടിച്ചേരലുകളും വിട്ടുപോകലുകളും സാധാരണമായി മാറി. ഭാഷകൾ മാറിയപ്പോൾ ദൈവങ്ങളുടെ പേരുകൾ മാറി. സംസ്കാരം മാറിയപ്പോൾ ദൈവങ്ങളുടെ വേഷവിധാനങ്ങൾ മാറി. യുദ്ധങ്ങളിലൂടെയും അധിനിവേശങ്ങളിലൂടെയും ഒരു രാജ്യം മറ്റൊരു രാജാവ് പിടിച്ചെടുക്കുമ്പോൾ പലപ്പോഴും ആ രാജ്യത്തെ ദൈവങ്ങളും മരണപ്പെട്ടു. പുതിയ രാജാവിൻറെ ദൈവത്തെ ആളുകൾ ഉൾക്കൊണ്ടപ്പോൾ അവർക്ക് പഴയ ദൈവത്തിൻറെ ഛായ കൂടി കൈവന്നു.

ഇതിനൊരു ഉദാഹരണമായി യഹോവ ഉണ്ടായ കഥ നോക്കാം. ജൂപ്പിറ്റർ അഥവാ മർദ്ദൂക്ക് ദേവൻ വ്യാഴം നക്ഷത്രമായിരുന്നു മർദ്ദൂക്ക് അഥവാ ജൂപ്പിറ്റർ. ഈ നക്ഷത്രം ആകാശത്ത് ഒരു പ്രത്യേക സ്ഥലത്ത് കാണപ്പെടുമ്പോൾ കാലാവസ്ഥ മാറ്റം വെള്ളപ്പൊക്കം എന്നിവ ഉണ്ടാവുന്നു. അന്നത്തെ മനുഷ്യർ ഈ ദേവനാണ് വെള്ളപ്പൊക്കം കൊണ്ടുവരുന്നത് എന്ന് വിശ്വസിച്ചു. ഈ മർദ്ദൂക്കിനെ ഗ്രീക്കുകാർ ജൂപ്പിറ്റർ എന്നും യോവ് പാറ്റർ എന്നും വിളിച്ചു. യോവ് പാറ്റർ (Father) എന്നാൽ പിതാവായ യോവ്. അത് പിന്നെ ഭാഷാപരമായി പിതാവായ യോവേയും യഹോവയും ഒക്കെയായി മാറുന്നു.

പശുവിനെ ഗോമാതാമാവായി കാണുന്നവർക്ക് ടോമി സെബാസ്ട്യന് മറുപടി ഉണ്ട്. ഈജിപ്ഷ്യൻ സംസ്കാരത്തിൽ രൂപപ്പെട്ട ഹാത്തോർ എന്ന പശുദൈവമാണ് കാലങ്ങൾക്കിപ്പുറം ഇന്ന് കാണുന്ന ഗോമാതാവായി മാറിയത്. അതിന്റെ കഥ ഇങ്ങനെയാണ്.
കാർഷിക സംസ്കാരം ഉടലെടുത്ത സിന്ധു നദീതട സംസ്കാരത്തിലും ഈജിപ്ഷ്യൻ സംസ്കാരത്തിലും ഗ്രീക്ക് സംസ്കാരത്തിലും മെസപ്പൊട്ടോമിയൻ സംസ്കാരത്തിലുമെല്ലാം കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരു മൃഗമായിരുന്നു പശു. ആഹാരത്തിനും കൃഷി സംബന്ധമായ ജോലികൾക്കുമായി പശുവിനെ മനുഷ്യർ ഉപയോഗപ്പെടുത്തിയിരുന്നു. കൂടുതൽ പശുക്കൾ ഉള്ള സമൂഹങ്ങളിൽ കൂടുതൽ അഭിവൃദ്ധിയും ആരോഗ്യവും കാർഷികവിളകളും ഉണ്ടായി. കൂടുതൽ പശുക്കളെ വളർത്തിയിരുന്നവർക്ക് അതുവഴി കൂടുതൽ സുരക്ഷിതത്വവും സാമൂഹ്യ അംഗീകാരവും കിട്ടാൻ തുടങ്ങി. അങ്ങനെ പശു ഐശ്വര്യത്തിന്റെ ഒരു അടയാളമായും പിന്നീട് അതിനെ ദൈവമായും കണക്കാക്കാൻ തുടങ്ങി. ഈജിപ്തിൽ ഹാത്തോർ എന്നത് പശു ദൈവം ആയിരുന്നു. ഗ്രീക്കുകാർക്ക് ഈ പശു ലോ എന്ന ദൈവവും, ഇന്ത്യക്കാർക്ക് കാമധേനുവും, കാനാന്യാ വിഭാഗങ്ങൾക്ക് ഷപാഷും ഉഗാറിറ്റ് സംസ്കാരത്തിൽ ഉള്ളവർക്ക് ഏലും ആയിരുന്നു.
പശുവിനെ ഗോമാതാവായി ആരാധിക്കുന്നതിന്റെ ഒരു പശ്ചാത്തലം ഇങ്ങനെ ആദ്യകാല ഗോത്രങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഒന്നായിരുന്നു.
ഇങ്ങനെ ചരിത്രത്തിലെ ദൈവസങ്കല്പങ്ങളെ ഒന്ന് ഓടിച്ചു നോക്കിയാൽ വേഷം മാറി വേഷം മാറി കടന്നുവരുന്ന ദൈവങ്ങളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഏതോ കാലത്ത് ഉണ്ടായതും ഉണ്ടാക്കിയതുമായ ഈ സങ്കല്പങ്ങൾ ആധുനിക കാലഘട്ടത്തിന് ഒരു ബാധ്യതയാണ്. മനുഷ്യന്റെ ശാസ്ത്രബോധത്തെയു
pയും പരിഷ്കരണ ബോധത്തെയും മാനവിക ബോധത്തെയും അത് തടസ്സപ്പെടുത്തുന്നു. മതങ്ങൾ ഇന്ന് ചൂഷണത്തിനുള്ള ഒരു ഉപാധി കൂടിയാണ്. മതങ്ങൾ ഉണ്ടായതും ഉണ്ടാക്കിയതുമായ ചരിത്രം പഠിക്കുന്ന ഒരാൾക്ക് ഒരിക്കലും ആ ചൂഷണത്തിനൊപ്പം നിൽക്കാൻ സാധിക്കില്ല. മത ചൂഷണങ്ങളിൽ നിന്നും മാനവിക വിരുദ്ധ സമീപനങ്ങളിൽ നിന്നും സ്വതന്ത്രമാകാൻ ഈ മതങ്ങളുടെ ചരിത്രം സഹായകരമാകും.
Comments are closed.