1470-490

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാഷിസ്റ്റ് വാഴ്ച്ച – റോയ് അറയ്ക്കൽ

തിരുവനന്തപുരം: പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാഷിസ്റ്റ് വാഴ്ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പ്രകടനം നടത്താൻ അനുമതിക്ക് 10,000 രൂപ വരെ ഫീസ് ഈടാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്.പ്രക്ഷോഭങ്ങളിലൂടെയും നവോത്ഥാന പോരാട്ടങ്ങളിലൂടെയും മുന്നോട്ട് വന്ന പ്രബുദ്ധമായ കേരളത്തിന്റെ സമര ചരിത്രത്തെ റദ്ദ് ചെയ്യാനുള്ള ശ്രമമാണിത്.വിമർശനങ്ങളോടും വിയോജിപ്പുകളോടുമുള്ള ഈ അസഹിഷ്ണുതയാണ് ഫാഷിസം.പ്രതിഷേധങ്ങളെ ഭയക്കുന്നത് സ്വേഛാധിപത്യമാണ്. അവശ്യ സേവനങ്ങൾക്ക് ഫീസ് ഈടാക്കിഇടതു സർക്കാർ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മുതൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വരെ ഭീകരമായി ഫീസ് വർധിപ്പിച്ചു.പോലീസ് സേനയ്ക്ക് വേണ്ടി പൊതുജനാവിൽ നിന്ന് ഭീമമായ തുകയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്. മൈക്ക് ഉപയോഗിക്കുന്നതും പ്രകടനം നടത്തുന്നതുമൊക്കെ പ്രധാനമായും പൊതുപ്രവർത്തനം നടത്തുന്ന സംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണ്. ഇതിലൂടെ വിമർശകരുടെ വായ മൂടാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്.കൂടാതെ ഭരണാധികാരികളുടെ അതിരില്ലാത്ത ധൂർത്തിന് പണം കണ്ടെത്തുന്നത് ജനങ്ങളുടെമേൽ തൊട്ടതിനൊക്കെ പിഴയും നികുതിയും ചുമത്തിയാണ്. കൊവിഡ് മഹാമാരിയെ പോലും പണ സ്വരൂപണത്തിനുള്ള മാർഗ്ഗമായി ഉപയോഗപ്പെടുത്തുകയായിരുന്നു ഇടതു സർക്കാർ. അവശ്യ സേവനങ്ങൾക്കുൾപ്പെടെയുള്ള പുതിയ ഫീസും അന്യായ ഫീസ് വർധനയും പിൻവലിക്കണമെന്നും റോയ് അറയ്ക്കൽ ആവശ്യപ്പെട്ടു.

Comments are closed.