1470-490

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തം ദുരൂഹം: പി ആര്‍ സിയാദ്

തിരുവനന്തപുരം: അഴിമതിയുടെ പേരില്‍ വിവാദമായ മെഡിക്കല്‍ കോര്‍പറേഷന്‍ ഗോഡൗണുകളില്‍ തുടര്‍ച്ചയായി തീപ്പിടുത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കൊവിഡ് കാലത്ത് മരുന്നുകളും മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാമഗ്രികളും വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു മാസത്തിനുള്ളില്‍ കൊല്ലത്തും തിരുവനന്തപുരത്തും ഗോഡൗണുകളില്‍ തീപ്പിടുത്തമുണ്ടായിരിക്കുന്നത്. കൊവിഡ് മറവില്‍ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് തീപ്പിടുത്തത്തില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അത്യന്തം തീപ്പിടുത്ത സാധ്യതയുള്ള രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന ഗോഡൗണുകളില്‍ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇല്ല എന്നത് ഏറെ അപഹാസ്യമാണ്. തീപ്പിടുത്തം പിണറായി ഭരണത്തില്‍ സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന സാഹചര്യം വന്നപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപ്പിടുത്തമുണ്ടായി. എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ വ്യവസായ മന്ത്രിയുടെ ഓഫീസിലും തീപ്പിടുത്തമുണ്ടായി. ഇതിനെല്ലാമുപരി തീപ്പിടുത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായിരുന്നെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ ജീവന്‍ അപഹരിച്ച ബോട്ട് നിയമവിരുദ്ധമായാണ് സര്‍വീസ് നടത്തിയിരുന്നത്. കേരളത്തില്‍ നിലവില്‍ എന്താണ് നിയമാനുസൃതം നടക്കുന്നതെന്നു കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.

Comments are closed.