ഇന്നസെൻ്റ് അന്തരിച്ചു

കൊച്ചി
മലയാളത്തിന്റെ നിഷ്‌കളങ്ക ചിരി മാഞ്ഞു. അർബുദത്തോട് നർമത്തിലൂടെ പോരടിച്ച പ്രിയ നടൻ ഇന്നസെന്റ് (75) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് മാർച്ച് മൂന്നിന് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ – പ്രവേശിപ്പിച്ച അദ്ദേഹം നാല് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒ (എക്‌സ്‌ട്രാകോപ്പോറിയൽ മെംബ്രേയ്‌ൻ ഓക്‌സിജനേഷൻ) സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്‌ച രാത്രി എട്ടിന് അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽബോർഡ് ചേർന്നു. 10.30നാണ് അന്ത്യം സംഭവിച്ചത്. 10.40ന് മന്ത്രി പി രാജീവാണ് മരണവിവരം അറിയിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും കൂടെയുണ്ടായിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, കെ രാജൻ, നടന്മാരായ മമ്മൂട്ടി, ജയറാം, എം മുകേഷ് എംഎൽഎ, സംവിധായകൻ കമൽ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും ആശുപത്രിയിലെത്തി.
രാത്രി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കൾ രാവിലെ എട്ടുമുതൽ 11വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക് കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ ‘പാർപ്പിട’ത്തിലെത്തിക്കും. ചൊവ്വ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും.
Read more: https://www.deshabhimani.com/news/kerala/actor-innocent-passed-away/1082197
Comments are closed.