തൊഴില്‍ മേളകള്‍ വഴി 96,792 പേര്‍ക്ക്തൊഴില്‍ ലഭിച്ചു: മന്ത്രി വി. ശിവന്‍കുട്ടി

കൊച്ചി :നിയുക്തി 2023 മെഗാ ജോബ് ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍മേളകള്‍ വഴി സംസ്ഥാനത്ത് 96,792 പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തൊഴില്‍ വകുപ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി സംഘടിപ്പിക്കുന്ന നിയുക്തി 2023 മെഗാ ജോബ് ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാസമ്പന്നരായ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന ‘നിയുക്തി’ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ദാതാക്കളെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേവേദിയില്‍ കൊണ്ടുവന്ന് പരമാവധി തൊഴില്‍ നേടിയെടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേളകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.സ്വകാര്യമേഖലയിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തൊഴില്‍ വകുപ്പ് മാറി. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുത്തു. ഇടനിലക്കാരില്ലാതെ നേരിട്ട് സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളകള്‍ വഴി തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യരായവരെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം തൊഴില്‍ദായകരുടെ വിവിധ ഒഴിവുകളിലേക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് അര്‍ഹമായ തൊഴില്‍ നേടുന്നതിനും അവസരം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.2016 മുതല്‍ 75,116 പേര്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മേഖലകളില്‍ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. 15,436 പേര്‍ക്ക് സ്ഥിരം നിയമനവും 59,680 പേര്‍ക്ക് താല്‍ക്കാലിക നിയമനവും ലഭിച്ചു. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യപരിശീനം നല്‍കുക എന്ന ഉദ്ദേശത്തോടെ 11 എംപ്ലോയബിലിറ്റി സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസവും അനുയോജ്യമായ തൊഴിലും നേടിയെടുക്കുവാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ നടത്തിയ 41 പ്ലേസ്‌മെന്റ് ഡ്രൈവുകള്‍ വഴി 1106 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ ‘ധനുസ്’ പദ്ധതി വഴി വിദേശ സര്‍വകലാശാലകളിലടക്കം കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനുളള അവസരം ലഭിച്ചു. മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ആധുനിക തൊഴില്‍ എടുക്കുന്നതിന് യുവാക്കളെ പ്രാപ്തരാക്കുക, പ്രാപ്തി നേടിയവര്‍ക്ക് ഉചിതമായ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായ വാണിജ്യ വകുപ്പും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ചെറുകിട സംരംഭങ്ങളും വലിയ വ്യവസായ സംരംഭങ്ങളും ഒരുക്കുന്നതിന് സഹായം നല്‍കുകയാണ്. നിരവധി പ്രധാന വ്യവസായ പദ്ധതികള്‍ക്ക് വേദിയായി ഇന്ന് കൊച്ചി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.വിദ്യാര്‍ത്ഥികളെ തൊഴില്‍ എടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ്. നിരവധി കോളേജുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം ജോലിചെയ്ത് വരുമാനം കണ്ടെത്താനും പഠനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത് വഴി നൈപുണ്യ വികസനം നേടാനും സാധിക്കും. സര്‍ക്കാര്‍ ആരംഭിച്ച ഒരു ലക്ഷം സംരംഭം പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണ്. സ്ത്രീകളാണ് സംരംഭക രംഗത്തേക്ക് കൂടുതലായി കടന്നുവരുന്നത്. അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ത്രീ സംരംഭകര്‍ക്ക് 5 ശതമാനം വായ്പ നല്‍കുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ നെഷീദ സലാം, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്‍, സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എസ് ബിന്ദു, എറണാകുളം മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുറഹ്മാന്‍ കുട്ടി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.എസ് ബീന, കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ഗീതാ ദേവി, വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ ബി. ഇന്ദു ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.