1470-490

ലൈംഗിക ചൂഷണം:കുട്ടികള്‍ക്കിടയില്‍ ശരിയായ ബോധവല്‍ക്കരണം നല്‍കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്

പോക്‌സോ ആക്ട് 2012 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും പരിശീലനം നല്‍കികുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പലപ്പോഴും അവര്‍ക്ക് അറിവില്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ തന്നെ ശരിയായ ബോധവല്‍ക്കരണം നല്‍കണമെന്നും ജസ്റ്റിസ് പറഞ്ഞു. പോക്‌സോ ആക്ട് 2012 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. പ്രായ വ്യത്യാസം ഇല്ലാതെ നിരവധി ലൈംഗിക ചൂഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വയസ് മുതല്‍ 79 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ പീഡനത്തിനിരയാകുന്നുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ലൈംഗിക ചൂഷണങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രങ്ങള്‍ എല്ലാ ദിവസവും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും ജസ്റ്റിസ് പറഞ്ഞു. പോക്‌സോ അതിജീവിതരായ കുട്ടികളുടെ വൈദ്യ പരിശോധന വേളയില്‍ ഡോക്ടര്‍മാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ (മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോള്‍) എന്ന വിഷയത്തെക്കുറിച്ച് ചീഫ് കണ്‍സള്‍ട്ടന്റ് ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് പോലീസ് സര്‍ജന്‍ ഡോ പി.ബി ഗുജറാള്‍ ക്ലാസുകള്‍ നയിച്ചു. ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പോക്‌സോ ആക്ട് എന്ന വിഷയത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് കെ എബ്രഹാം മാത്യു, പോക്‌സോ ആക്ട് 2012 എന്ന വിഷയത്തെക്കുറിച്ച് സ്‌പെഷ്യന്‍ പോക്‌സോ കോടതി ജില്ലാ ജഡ്ജ് കെ.സോമന്‍ എന്നിവരും ക്ലാസ് നയിച്ചു. ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന പരിശീലന പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പോക്‌സോ നോഡല്‍ ഓഫീസര്‍ റിട്ട. സബ് ജഡ്ജ് എം.ആര്‍ ശശി, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ ഷാജി, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗിരീഷ് പഞ്ചു, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ മനോജ് കെ ജോണ്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പന്മാരായ ബി.ബബിത ബല്‍രാജ്, റെനി ആന്റണി, പി.പി ശ്യാമള ദേവി, എന്‍.സുനന്ദ, ടി.സി ജലജ മോള്‍, സി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.