1470-490

പ്രതിഷേധത്തിന്റെ ശബ്ദങ്ങളെല്ലാം അടിച്ചമർത്തപ്പെടുന്നു: ടി. പത്മനാഭൻ

സംഭാഷണം
ടി.പത്മനാഭൻ/ കെ.പി.സജീവൻ

കഥയച്ഛൻ 93ാം വയസിലേക്കാണ്. ഈ പ്രായത്തിലും അവശനാകാത്ത കഥാകാരനായി വേറിട്ടു നിൽക്കുകയാണ് ടി. പത്മനാഭൻ.
വെറുതെ കുറച്ച് സാഹിത്യം വിളമ്പിക്കളയാം എന്നുകരുതി കഥയെഴുതുന്ന ആളല്ല ടി.പത്മനാഭൻ. എഴുത്തുവന്ന് പേനത്തുമ്പിൽ മുട്ടിനിൽക്കുമ്പോൾ മാത്രമാണ് കഥയച്ഛനിൽ നിന്നും ഒരു കഥ പിറക്കുക. ഒരോകഥയും അദ്ദേഹത്തിന്റെ യാത്രകളിൽ, ദിവസങ്ങളിൽ, സൗഹൃദങ്ങളിൽ, ബന്ധങ്ങളിൽ നിന്നുണ്ടാവുന്നതാണ്. അതിൽ രാഷ്ട്രീയവും കലയും സാഹിത്യവും സംഗീതവുമെല്ലാം ഇഴപിരിയാതങ്ങനെ കിടക്കും. മാധ്യമ പ്രവർത്തകൻ കെ.പി.സജീവൻ നടത്തിയ സംഭാഷണത്തിൽ നിന്ന്.

‘രാജ്യം ഭരിക്കുന്നത് ഗാന്ധിജിയെ ഭയപ്പെടുന്നവർ’

സംഭാഷണം
ടി.പത്മനാഭൻ/ കെ.പി.സജീവൻ

 • രാജ്യം ഭരിക്കുന്ന സർക്കാർ നേരിടുന്ന വിമർശനങ്ങൾ അനവധിയാണ്. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെല്ലാം അടിച്ചമർത്തപ്പെടുന്നു, എഴുത്തുകാർക്കുപോലും രക്ഷയില്ല, ജനാധിപത്യമൂല്യങ്ങളെല്ലാം തച്ചുടയ്ക്കപ്പെടുന്നു. എഴുത്തുകാരനനെന്ന നിലയിൽ താങ്കളുടെ സമീപനം..?

‘ ഗാന്ധിജിയെ ഭയപ്പെടുന്ന സർക്കാരണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് പോയി ഗാന്ധി സ്തുതികൾ നടത്തുക. ഇന്ത്യയിൽ പരമാവധി മഹാത്മാവിന്റെ ഓർമകൾ തുടച്ച് നീക്കുക. ചർക്കയിലിരുന്ന് ഇങ്ങനെ നൂൽ നൂറ്റാലൊന്നും ഗാന്ധീയനാവില്ല. ഒരു പാഠപുസ്തകത്തിൽ ഗാന്ധിജി ആത്മഹത്യചെയ്തതാണെന്നുവരെ എഴുതിവെച്ചത് ഈ ഇന്ത്യാ മഹാരാജ്യത്തല്ലേ.? ഒഡീഷയിലെ ഒരു പുസ്തകത്തിൽ സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ ഗാന്ധിജി മരിച്ചുപോവുകയാണെന്നല്ലേ പബ്ലിഷ് ചെയ്തു വന്നത്. അതൊക്കെ യാദൃശ്ചികമാണോ..? അക്ഷകത്തെറ്റോ, കൈപ്പിഴയോ ആണോ..? മഹാത്മാവിനോടുള്ള തീർത്താൽ തീരാത്ത വെറുപ്പുകാരണം ഇവരുടെയൊരു നേതാവ് തന്നെയല്ലേ ഗാന്ധിയുടെ പടത്തിലേക്ക് വെടിയുണ്ട ഉതിർത്തത്. മറ്റൊരാൾ അവരുടെ എംപിയല്ലേ..! അവരല്ലേ ഗോഡ്സെയാണ് മഹാനെന്ന് കാച്ചിയത്. ഇതാണ് ലോകം. അതുകൊണ്ടൊക്കെയാണ് ഞാനൊന്നും മിണ്ടാത്തത്…മിണ്ടാത്തതല്ല. എനിക്ക് ശരിയെന്ന് തോന്നിയതെല്ലാം എക്കാലത്തും ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നൊരു കാര്യം…’ കഥയച്ഛനിൽ നിന്നും അപ്പോൾ പ്രതീക്ഷിക്കാത്തൊരു കുലുങ്ങിച്ചിരി, കളിയാക്കുകയാണ്, എന്നാലും അതൊന്ന് കേട്ടുകളയാം, ‘ ‘ എടോ സത്യമൊന്നും ഇക്കാലത്ത് ഇങ്ങനെ വിളിച്ചുപറയാൻ പറ്റില്ല. ഇങ്ങനെയൊക്കെ പറഞ്ഞാൽ പലതും നഷ്ടപ്പെടും. അതുകൊണ്ടല്ലേ നമ്മുടെ പല എഴുത്തച്ഛൻമാരും മൗനം വിദ്വാന് ഭൂഷണം എന്ന മട്ടിൽ മിണ്ടാതിരിക്കുന്നത്. അല്ലെടോ ഇവരെപ്പോലെയൊക്കെ ചാകുന്നതിന് മുമ്പ് എനിക്കും ജ്ഞാനപീഠവും പദ്മപുരസ്‌കാരവുമൊക്കെ കിട്ടേണ്ടേ…?

 • ഹിന്ദുവായതിൽ അഭിമാനിക്കുന്നു’ എന്നുപറയുന്ന താങ്കൾക്ക് എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട്?

ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഇന്നത്തെ ഹിന്ദുവിന്റെ പോക്ക് കാണുമ്പോൾ പേടിതോന്നുന്നുണ്ട്. ഹിന്ദുവായിട്ടാണ് ഞാൻ ജനിച്ചത്. അത് ഞാൻ അങ്ങനെ ആഗ്രഹിച്ചത് കൊണ്ടല്ല. എന്റെ അച്ഛനും അമ്മയുമെല്ലാം ഹിന്ദുവായതിനാലാണ്. പിന്നീടെപ്പഴെങ്കിലും ഈ മതത്തിൽ നിന്ന് പുറത്ത് ചാടണമെന്നും ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ രാജ്യത്തെ വിളക്കുകൾ ഒന്നൊന്നായി അണയുമ്പോൾ വല്ലാതെ വിഷമം തോന്നുന്നുണ്ട്. ഞാൻ വിശ്വസിച്ചുപോരുന്ന ഹിന്ദുമതം ലോക സമസ്ത സുഖിനോഭവന്ദു എന്ന തത്വത്തിലധിഷ്ടിതമാണ്. ലോകത്തുള്ള എല്ലാവരും ഒരുപോലെ സുഖിച്ച് സന്തോഷിച്ച് ജീവിക്കണം. അതായിരുന്നു ഹിന്ദുമതത്തിന്റെ സത്ത. അല്ലാതെ ഹിന്ദുവായി പിറന്നവൻമാത്രം നന്നായി ജീവിക്കണമെന്നല്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഞാനെഴുതിയൊരു ലേഖനം അവർ പാട്ടുപാടി, നമ്മൾ പള്ളിപൊളിച്ചു എന്നായിരുന്നു. അവർപാട്ടുപാടി എന്നുപറയുമ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മഹത്വത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. അമീർഗുസ്രുമുതൽ ഇങ്ങോട്ടുള്ള നൂറുകണക്കായ സംഗീതജ്ഞരാണ് ഹിന്ദുസ്ഥാനി സംഗീതത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത്. അവരിൽ ഭൂരിഭാഗവും ഇസ്ലാംമതവിശ്വാസികളായിരുന്നു. പക്ഷെ അവർക്കൊന്നും മതമായിരുന്നില്ല പ്രധാനം. മറിച്ച് സംഗീതം. അങ്ങനെ അവരെല്ലാം മതം നോക്കിയിരുന്നെങ്കിൽ ലോകത്ത് തല ഉയർത്തി നിൽക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന് ഇത്രമേൽ ആഴവും പരപ്പും ആസ്വാദ്യതയുമുണ്ടാകുമായിരുന്നില്ല. അത്തരത്തിലുള്ള സംഗീതജ്ഞർക്ക് നമ്മൾ നൽകിയ സംഭാവനയോ, അവരുടെ പള്ളിപൊളിക്കലും. ഒരു ബാബറി മസ്ജിദിൽ തീരുന്നില്ല കാര്യങ്ങൾ. പലപേരുകളിൽ വിഷയങ്ങളിൽ അതാവർത്തിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്തെ മുമ്പില്ലാത്തവിധം അസഹിഷ്ണുത മൂടുകയാണ്. ഇതിനെതിരെ രാജ്യമാകെ ചെറുത്ത് നിൽപുകളുണ്ടാവുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മാസങ്ങൾക്ക് മുമ്പ് രാജ്യത്തെ സ്ഥിതി വഷളാകുന്നതിൽ പ്രതിഷേധിച്ച് മലയാളികളടക്കമുള്ള എഴുത്തുകാർ പ്രധാനമന്ത്രിക്ക് കത്തെഴുതി. ആദരവോടെ കുലീനമായ ഭാഷയിൽ. പക്ഷെ സായിപ്പൻമാർ കാണിച്ചതിലും വലിയ അപരാധമല്ലേ മറുപടിയായികിട്ടിയത്. ദേശവിരുദ്ധപ്രവർത്തനം നടത്തുന്നെന്നാരോപിച്ച് കേസ്. എഴുത്തുകാർ എത്ര പെട്ടന്നാണ് രാജ്യ വിരുദ്ധരാവുന്നത്..! ഈ കെട്ടകാലത്തോട് മരണംകൊണ്ടുപോലും പ്രതിഷേധിക്കണമെന്നതിനാലാണ് എന്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ എന്റെ പ്രിയിപ്പെട്ട മുസ്ലീം സുഹൃത്ത് അടുത്ത് വേണമെന്ന് ഞാൻ പറഞ്ഞത്..

 • താങ്കൾ കോൺഗ്രസാണെന്ന് പറയുന്നു, പക്ഷെ വാക്കുകളെല്ലാം കമ്യൂണിസ്റ്റിന്റേത്..!

അതെന്ത് ചോദ്യമാണെടോ..ഞാൻ കോൺഗ്രസാ. പക്ഷെ ഇപ്പഴത്തെ കോൺഗ്രസല്ല പഴയ കോൺഗ്രസ്…
1945ൽ ചിറക്കൽ രാജാസ് സ്‌കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി കോൺഗ്രസ് സെക്രട്ടറിയായിരുന്നു. അന്നത്തെ രാഷ്ട്രീയപ്രവർത്തനം പക്ഷെ ദേശീയ പ്രസ്ഥാന സമരത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയം പിന്നീട് അങ്ങോട്ട് തുടർന്നില്ലെങ്കിലും 1943മുതൽ ഇന്നുവരെ ഖാദി മാത്രമേ ധരിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യസമരാനന്തരം രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ സെൽ ഭരണത്തിന് പകരം ആദ്യ കമ്യണിസ്റ്റ് സർക്കാർ സെൽഭരണത്തിലേക്ക് വഴിമാറിയപ്പോൾ ഉണ്ടായ വിമോചന സമരത്തിൽ ഞാനും പങ്കാളിയായിട്ടുണ്ട്. എന്നാലത് കോൺഗ്രസുകാർക്കൊപ്പമല്ല, ഞാൻ ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് കലക്റ്ററേറ്റിലേക്ക് മാർച്ച് നടത്തുകയായിരുന്നു. അതിന്റെ പേരിൽ 15 ദിവസം ജയിലിൽ കിടന്നു. പിന്നീടിങ്ങോട്ട് രാഷ്ട്രീയത്തിലെ നെറികേടു കൊണ്ടു തന്നെയാണ് രാഷ്ട്രീയം ഉപേക്ഷിച്ചത്. കെ.കേളപ്പന്റെ നേതൃത്വത്തിൽ ഗുരുവായൂർ സത്യാഗ്രഹം നടക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ചുണ്ണാമ്പുവെള്ളം ഒഴിച്ചവർ പിന്നീട് വലിയ നേതാക്കളാവുന്നത് കാണേണ്ടിവന്നു. രാഷ്ട്രീയത്തിലെ പൊള്ളത്തരം കാണിച്ചുതന്ന ഇതുപോലെ എത്രസംഭവങ്ങൾ. ഇപ്പോൾ ഞാൻ കോൺഗ്രസല്ല, എന്നാൽ കമ്യൂണിസ്റ്റുമല്ല. എന്നാൽ ചില നേതാക്കളെ എനിക്കിഷ്ടമാണ്. പികൃഷ്ണപിള്ളയും ഇഎംഎസ്സും ആർസുഗതനും പിണറായിവിജയനുമടക്കമുള്ളവരെ..’

 • മഹാത്മാ ഗാന്ധി ഒരു വികാരമാണ്…

എന്റെ രണ്ടാം അമേരിക്കൻ യാത്രയിലെ ഒരനുഭവം പറയാം. 1992ൽ. 82ലെ ആദ്യ യാത്രയിൽ തന്നെ ഏതാണ്ട് അമേരിക്ക അരിച്ചുപെറുക്കിയിട്ടുണ്ട്. ഞാനും ഭാര്യയും ചിക്കാഗോ എയർപോർട്ടിലെത്തിയത് വൈകുന്നേരം ആറുമണിയോടെ. കൂട്ടാൻ മരുമകൻ വരുമെന്ന് പറഞ്ഞതിനാൽ അവിടെ യാത്ര ചെയ്യാനുള്ള പണമൊന്നും എടുത്തിട്ടില്ല. വിമാനമിറങ്ങി ഏറെ കാത്തിരുന്നിട്ടും മരുമകനെ കാണുന്നില്ല. പോകേണ്ടത് ഓക്ബ്രൂക്കിലേക്കാണ്. കോടീശ്വരൻമാർ താമസിക്കുന്ന സ്ഥലം. ഞങ്ങൾ വിഷണ്ണരായി നിൽക്കുന്നത് കുറേ സമയമായി കണ്ടുനിൽക്കുകയായിരുന്ന
ഒരു ടാക്സി ഡ്രൈവർ അടുത്തുവന്ന് കാര്യങ്ങൾ ചോദിച്ചു. വിഷയം പറഞ്ഞപ്പോൾ പോകേണ്ട സ്ഥലത്ത് എത്തിക്കാമെന്ന് ഡ്രൈവർ. ആള് നീഗ്രോയാണ്. ഓക്ബ്രൂക്കിൽ മരുമകന്റെ ഫ്ളാറ്റിലെത്തിയാൽ ഉടൻ പണം തരാമെന്ന് ഞാൻ. യാത്രയിലാണ് അയാൾ നാടിനെക്കുറിച്ച് ചോദിച്ചത്. ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോൾ അയാൾ ആവേശത്തോടെ വിളിച്ചുപറഞ്ഞു ‘ ഓ മൈ ഗാന്ധിസീ ഇന്ത്യാ..’ വല്ലാത്ത അഭിമാനം തോന്നിയ നിമിഷം. ഇവിടെ ഗാന്ധി ആത്മഹത്യ ചെയ്തതാണെന്നുവരെ ചിലർ പറയാൻ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ അധികാരമേറിയവർതന്നെ ഗോഡ്സെയെ പരസ്യമായി നമിക്കുന്നു, അയാൾക്ക് ക്ഷേത്രവും സ്മാരകങ്ങളും പണിയാനിരിക്കുന്നു..വല്ലാത്ത വൈരുദ്ധ്യം..! അമേരിക്കയിലെ ഒരു ടാക്സി ഡ്രൈവർക്ക് ഇത്രമാത്രം ഗാന്ധി പ്രിയങ്കരനാണെങ്കിൽ പിന്നെ എന്റെ കാര്യം എന്ത് ചോദിക്കാൻ..!

 • ആഴ്ചയിലൊരു ദിവസമെങ്കിലും താങ്കളുടെ ക്ഷേമമന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിക്കാറുണ്ട്. കോൺഗ്രസുകാരനായ താങ്കൾക്കെങ്ങനെപിണറായി വിജയൻ പ്രിയങ്കരനാവുന്നു?

എനിക്ക് പണ്ടേ പുസ്തകംവായിക്കുന്നവരേയും ചിന്തിക്കുന്നവരേയുമാണ് ഇഷ്ടം…

 • അഹങ്കാരി, നിഷേധി, മനുഷ്യപറ്റില്ലാത്ത എഴുത്തുകാരൻ…താങ്കളെക്കുറിച്ച് പറയുമ്പോൾ ഉണ്ടാകുന്ന ചില വിലയിരുത്തലുകൾ ഇങ്ങനെയാണ്..?

എടോ താൻ പറയുന്നപോലല്ല കാര്യങ്ങൾ. തന്നെപ്പോലെ പലരും ഇവിടെ വരാറുണ്ട്. ചിലരോട് ഞാൻ ഇറങ്ങിപ്പോകാൻ പറയാറുണ്ട്. പറഞ്ഞിട്ടുണ്ട്. സത്യാ. അതുപിന്നെ താങ്കെളെഴുതിയ അവസാനത്തെ നോവൽ ഏതാണെന്നൊക്കെ ചോദിക്കുന്ന വിദ്വാൻമാരെയൊന്നും സഹിക്കാൻ എനിക്ക് പറ്റില്ല. ചെറുകഥകൾമാത്രം എഴുതി ജീവിതത്തിലുടനീളം അതിനുവേണ്ടി സമരം നടത്തുകയും അതിനുവേണ്ടിമാത്രം സുപ്രധാനമായ ചില അവാർഡുകൾ നിരസിക്കുകയും ചെയ്തൊരാളോട് ഇത്തരം ചോദ്യങ്ങളുന്നയിക്കുന്ന പത്രപ്രവർത്തകരോടൊന്നും സഹിക്കാൻ എനിക്കാവില്ല..പത്രപ്രവർത്തകരെന്നല്ല, ആരേയും. എനിക്കാരുടേയും ഗുഡ്സർട്ടിഫിക്കറ്റ് വേണ്ട. തല ഉയർത്തിപ്പിടിച്ചേ ഇത്രയും കാലം നടന്നിട്ടുള്ളൂ. അതുകൊണ്ട് പത്മനാഭന്റെ തലയ്ക്ക് വലിയ കനമാണെന്ന് പറയുന്നവരോട് എനിക്ക് പുച്ഛമല്ല, സ്നേഹമാണ്. അതാണ് ഞാൻ…’ കുറച്ചുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു, ‘ എനിക്ക് എന്റെ മുമ്പിൽ നല്ലവനായി നിൽക്കാനാണ് ആഗ്രഹം. നിങ്ങളുടെ മുമ്പിൽ നല്ലവനായി നിൽക്കേണ്ട. പലരോടും ദേഷ്യം കൂടിയിട്ടുണ്ട്. ഇഷ്ടമുള്ളവരായിട്ട് കൂടി. നിലപാടാണ് പ്രശ്നം. എന്നെ പരസ്യമായും രഹസ്യമായും ഉപദ്രവിക്കുന്നവരുണ്ട്. സാഹിത്യത്തിലും പുറത്തും. എന്നെ അതൊന്നും ബാധിക്കാറില്ല. എന്റെ കഥാപാത്രങ്ങളെ നിങ്ങൾ നോക്കുക. അശ്ളീലം പറയാത്ത, മദ്യപിക്കാത്ത, വ്യഭിചരിക്കാത്തവരാണ് എന്റെ കഥാപാത്രങ്ങളെല്ലാം. കാരണം ഞാൻ കുടിക്കാറില്ല, വലിക്കാറില്ല, കഞ്ചാവടിക്കാറില്ല. ദേഷ്യം തോന്നുമ്പോൾ അപ്പോൾ വായിൽ വരുന്നത് പറയും. പത്മനാഭന് അങ്ങനെയേ ആവാനാവൂ…ഇപ്പോ നിരന്തരം ചിലര് ചോദിക്കുന്നുണ്ട്, സാറെന്താ അത്മകഥയെഴുതാത്തതെന്ന്..! ഓ തൊണ്ണൂറൊക്കെ ആയി. നിങ്ങളെ കണക്കിൽ തട്ടിപ്പോവാൻ സമയമായി. അപ്പോൾ ആത്മകഥയെഴുതണം. എഴുത്തച്ഛൻ പുരസ്‌കാരമൊക്കെ കിട്ടിയൊരു സാഹിത്യകാരന്റെ ആത്മകഥയാവുമ്പോൾ അത്യാവശ്യം വിൽക്കാനുണ്ടാവും. അല്ലേ. എന്നാൽ എനിക്കിപ്പോൾ സൗകര്യമില്ല. മാത്രമല്ല എനിക്ക് മരിക്കാനും സമയമായിട്ടില്ല. സമയമുണ്ടല്ലോ, നോക്കാം…’

 • വീട്ടിലേക്ക് വരുന്നവർ വിളിച്ചിട്ട് വരണം. അല്ലാത്തവർക്കു മുമ്പിൽ വാതിൽ തുറക്കാറില്ല. എന്തിനാണ് ഇത്രയും ശാഠ്യങ്ങൾ ?

പത്മനാഭന് ഇങ്ങനെ ആവാനേ കഴീയൂ. എനിക്ക് ചില നിർബന്ധങ്ങളുണ്ട്. അതനുസരിച്ച് നിൽക്കണം. അപ്പോൾപിന്നെ പ്രശ്നം തീർന്നു. സമയത്തിന്റെ കാര്യത്തിൽ ഞാൻ കണിശക്കാരനാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും നിർബന്ധം. ഒരു പരിപാടി ഏറ്റാൽ പത്ത് മിനുട്ട് മുമ്പേ അവിടെ എത്തുന്നതാണ് ശീലം. ഇക്കാലമത്രയും അത് മുടങ്ങിയിട്ടില്ല. എത്ര ചെറുതായാലും വലുതായാലും. അതുപോലെ സംഘാടകരും പെരുമാറണം. പരിപാടി വിളിക്കാൻ വരുമ്പഴേ അത് പറയും. നിങ്ങൾക്ക് പരിപാടി തുടങ്ങാൻ കഴിയുന്ന സമയം എന്നോട് പറഞ്ഞാൽമതി. നോട്ടീസിൽ നിങ്ങൾ എങ്ങിനേയും വെച്ചോ. പക്ഷെ ഞാൻ എത്തിയാൽ പരിപാടി തുടങ്ങണം. അത് സമ്മതിക്കുന്നവർക്ക് മാത്രമേ ഡേറ്റ് കൊടുക്കൂ. വേദിയിലെത്തിയാൽ ഒരു അരണണിക്കൂറൊക്കെ കാത്തിരിക്കും. അതുകഴിഞ്ഞാൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയായാലും തൊടങ്ങണം. അല്ലെങ്കിൽ ചൂടാവും. അല്ലെങ്കിൽ ആരോടും മിണ്ടാതെ ഇറങ്ങിപ്പോരും. ആതാണ് ശീലം.
അതുപോലെ ആരെങ്കിലും വീട്ടിൽ വരുന്നുണ്ടെങ്കിൽ വിളിച്ചിട്ട് വരണം. മുൻകൂട്ടി വിളിച്ച് പറയാതെ ആരെങ്കിലും വന്നാൽ വാതിൽ തുറക്കില്ല. അങ്ങനെ വന്ന് മടങ്ങിപ്പോയ പ്രമുഖർ പോലുമുണ്ട്. ഒരിക്കൽ കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥും സംഘവും വന്നു. എംഎൽഎ ആണ്. കാസർഗോട് നിന്ന് പുറപ്പെട്ട ജാഥയുടെ ഭാഗമായി കണ്ണൂരിലെത്തിയപ്പോൾ വിളിച്ചു. കോൺഗ്രസ് ജാഥയാണ്. അപ്പോ നേതാക്കളുടെ പടതന്നെ കാണും. നേരത്തെ പറഞ്ഞു.
‘ വീട്ടിൽ സൗകര്യം കുറവാണ്. രണ്ടോ മൂന്നോ പേരേ വരാവൂ..’
വിഷ്ണുനാഥ് ഒകെ പറഞ്ഞു. പക്ഷെ വന്നത് വൻപട. വിഷ്ണുനാഥിനേയും രണ്ടുപേരേയും അകത്ത് കയറ്റി. പിന്നെ വാതിൽ അടക്കാതെ നിവൃത്തിയില്ല. പലരും പുറത്തായി. അതവരെ ചൊടിപ്പിച്ചു. ഉള്ളിൽ കയറുയവരെയല്ല, പുറത്തായവരെ. പറയണോ പുകിൽ. പിന്നെ ഏതാണ്ട് ഒരുമാസം കാലം സോഷ്യൽമീഡിയയിലൂടെ വന്നവരിൽ ചിലരുടെ തെറിവിളികൾ നീണ്ടു. ഞനത് മൈൻഡ് ചെയ്തതേ ഇല്ല.
ഞാൻ ഫേസ്ബുക്ക് നോക്കാറില്ല, ഒരു സോഷ്യൽമീഡിയയും ഉപയോഗിക്കാറില്ല. എന്നെക്കുറിച്ച് ഫേസ്ബുക്കിൽ ആരെങ്കിലുമൊക്കെ തെറിപറയുന്നത് ഞാനെന്തിന് ഗൗനിക്കണം. കൂടാളിയിൽ ഒരാളുണ്ട്. അയാൾ കൊല്ലങ്ങളോളം എന്നെ തെറിവിളിച്ചു. സാഹിത്യകാരനാണ്. വീട്ടിൽ വന്നപ്പോൾ ഞാനയാളെ അകത്ത് കയറ്റിയില്ലെന്നതാണ് കാരണം. ഒന്നാമത് എനിക്ക് സുഖമില്ലായിരുന്നു. മാത്രവുമല്ല അദ്ദേഹം വിളിച്ചിട്ടുമില്ല. അതുകൊണ്ട് ഞാൻ അകത്ത് കയറ്റിയില്ല. പക്ഷെ അയാൾ സത്യസന്ധനാണ്. കാരണം അദ്ദേഹത്തിന് എന്നോടുള്ള ദേഷ്യം വ്യക്തമാക്കികൊണ്ടാണ് എന്നെ തെറിപറഞ്ഞത്. ഇപ്പോഴുള്ള പലരും അങ്ങനെയല്ല, കേട്ടുകേൾവിയുടെ പേരിൽ തെറിവിളിക്കുന്നു…എന്നെകാണാൻ വരുന്നവർ എന്നോട് അനുവാദം ചോദിച്ചിട്ട് വരണം. വെറുതേവന്ന് പത്മനാഭനോട് കുറച്ച് തമാശ പറഞ്ഞുകളയാമെന്ന് കരുതി ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതിനെനിക്ക് സമയമില്ല. വരുന്നവരുടെ ആവശ്യം അറിഞ്ഞതിന് ശേഷമേ ഞാൻ ആരേയും സ്വീകരിക്കാറുള്ളൂ. വയസൊക്കെ കുറേ ആയില്ലേ, ഇനി സ്വഭാവമൊന്നും മാറ്റാൻ പറ്റില്ല…

 • ഈ സവിശേഷമായ സ്വഭാവം പഴയ ഗുസ്തിക്കാരനിൽ നിന്ന് കിട്ടിയതാണോ..?

‘ ഗുസ്തിക്കാരനാണെടോ..ഞാൻ ഗുസ്തിക്കാരൻ. 90കഴിഞ്ഞു. ഇനിയൊന്നും മാറ്റാൻ പറ്റില്ല..’

പോരാടാനുള്ള ധൈര്യം-ആരോടും എന്തിനോടും-അതെനിക്ക് സമ്മാനിച്ചത് ചെറുപ്പത്തിൽ അഭ്യസിച്ച ഗുസ്തിയായിരുന്നു. ഗോദയിൽ എതിരാളികളെ നിഷ്പ്രയാസം അടിച്ചിടുന്ന ഹർഭൻ സിങ്. ആർപ്പുവിളികൾ ഉച്ചത്തിലാവുമ്പോൾ ഹർഭൻ സിങ്ങിന് ശക്തി ഇരട്ടിയാവും. പിന്നെ എല്ലാം പെട്ടന്ന് തീരും.
എതിരാളികളെ താഴെയിട്ട് ഹർഭൻസിങ്ങ് കൈ ഉയർത്തി ഗോദയിൽ നിന്ന് ഇറങ്ങിവരുന്നു.
എനിക്ക് ആവേശം പിടിച്ച് നിൽക്കാനായില്ല. ഞാൻ ഓടിച്ചെന്ന് വിയർപ്പിറ്റുവീഴുന്ന ആ കൈകളിൽ പിടിച്ചു. ലോകം മുഴുവൻ എന്നെ എടുത്തുയർത്തുന്നതുപോലെ. ജയിച്ചത് ഞാനാണെന്ന് തോന്നിയ നിമിഷം.
ഗുസ്തി, അതെന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. മനസിൽ പോരാട്ടവീര്യം ചോരാതെപോകുന്നത് ഗുസ്തിക്കാരനായതുകൊണ്ടുമാത്രമാണ്.
ആരാടാ എന്നു ചോദിക്കുമ്പോൾ ഞാനാടാ എന്നുപറയാനുള്ള ധൈര്യം പകർന്നത് ഗുസ്തിയായിരുന്നു.
കുട്ടിക്കാലത്തേ എനിക്ക് ഗുസ്തിയിൽ താൽപര്യമുണ്ടായിരുന്നു. ചന്ദനവീട്ടിൽ ചോയിക്കുട്ടി ഗുരുക്കൾ അന്ന് വടക്കേ മലബാറിൽ പേരെടുത്ത കളരിയുടെ ഉടമയായിരുന്നു. മംഗലാപുരത്ത് നിന്നും തിരുവിതാംകൂറിൽ നിന്നും ധാരാളം പേർ ആദ്ദേഹത്തിന്റെ ആര്യബന്ധു കളരിയിൽ വരും. കൊല്ലം സ്വദേശി ശേഖരൻ ഫയൽവാൻ കർണാടകയിലാണ് പ്രശസ്തനായിരുന്നത്. അദ്ദേഹം ചോയിക്കുട്ടിഗുരുക്കളുടെ ശിഷ്യനായിരുന്നു.
അവർക്കുള്ളപോലെ പേശികളും കുരുത്തും ഉണ്ടാകണമെന്ന് ഹൈസ്‌കൂൾ വിദ്യാർഥിയിയാരുന്ന ഞാൻ ആഗ്രഹിച്ചിരുന്നു. പലരാത്രികളിലും അതുതന്നെയായിരുന്നു ചിന്ത. ഉഴിച്ചിലിനായി കിടക്കുന്ന ഈ ഉരുക്കു മനുഷ്യരുടെ അടുത്തുപോയി നിൽക്കുക എനിക്കിഷ്ടമുള്ള കാര്യമായിരുന്നു. കളരിയുടെ ബാലപാഠങ്ങൾ പഠിച്ചില്ലെങ്കിലും ശരിക്കൊരു അഭ്യാസിയായത് മംഗലാപുരത്ത് എത്തിയശേഷമായിരുന്നു. കളരി മുറകൾ മുഴുവൻ പഠിക്കാൻ കഴിയില്ലെന്ന മോഹ ഭംഗവുമായാണ് ഞാൻ 1948-ൽ മംഗലാപുരത്ത് കോളജിൽ ചേർന്നത്. പരിചയമില്ലാത്ത നാട്ടിൽ എങ്ങിനെ കളരി പഠിക്കാൻ കഴിയും..?
എന്നാൽ മുഹമ്മദ് മല തേടിപ്പോയില്ലെങ്കിൽ മല മുഹമ്മദിനെ തേടി വരുമെന്നല്ലേ. ഇവിടേയും അതുതന്നെ സംഭവിച്ചു.
ഹോസ്റ്റലിൽ എന്റെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായിരുന്ന രാഘവൻ നല്ലൊരു ഗുസ്തിക്കാരനായിരുന്നു. കോഴിക്കോട് സ്വദേശമാണെന്നേ ഉള്ളൂ, വളർന്നതും പഠിച്ചതുമെല്ലാം കർണാടകയിലായിരുന്നു. രാഘവന് മലയാളം തീരെ അറിയില്ല. ഒരു കൊടുക്കൽവാങ്ങലിന് ഞങ്ങൾ തയാറായി. രാഘവൻ എന്നെ ഗുസ്തി പഠിപ്പിക്കും. അമ്പത്തൊന്നക്ഷരങ്ങൾക്ക് പകരം 18മുറകൾ. മലയാളം നന്നായി പഠിപ്പിച്ചാൽ രാഘവൻ എന്നെ ഗോദയിൽ കയറ്റും.
ഗുസ്തിയിൽ ഇന്ത്യൻരീതിയാണ് രാഘവൻ എന്നെ പഠിപ്പിച്ചു തന്നത്. അങ്ങനെ ഗാമയും ഹർഭൻ സിങ്ങുമെല്ലാം എന്റെ ആരാധനാ മൂർത്തികളായി..’

(ഈ വരികൾ ഇതേപോലെ കഥകൾക്കിടയിൽ എന്ന പുസ്തകത്തിലുണ്ട്. )

 • താങ്കളെപ്പോലെ യാത്രചെയ്തിട്ടുള്ള ആൾ കേരളത്തിൽ മറ്റ് സാഹിത്യകാരൻമാരുണ്ടാവുമോ എന്ന് സംശയം. എന്നിട്ടും എന്താണ് യാത്രാ വിവരണമെഴുതാത്തത്..?

ഇപ്പോൾ എന്റെ പാസ്പോർട്ടിൽ അടയാളപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണമെടുത്താൽ അത്രയും സഞ്ചരിച്ച സാഹിത്യകാരൻമാർ കേരളത്തിൽ കുറവായിരിക്കും. താങ്കളുടെ നിരീക്ഷണം ശരി. എന്നിട്ടും ഞാനിതുവരെ ഒരു യാത്രാ വിവരണം എഴുതിയിട്ടില്ല. അതിന് കാരണമുണ്ട്. ഞാൻ സഞ്ചരിക്കുന്നത് സാഹിത്യം വിൽക്കാനല്ല. സഞ്ചാര സാഹിത്യം എഴുതില്ലെന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാ ഞാൻ യാത്ര തുടങ്ങിയത്. അപ്പോപിന്നെ നിങ്ങളെല്ലാവരും കൂടെക്കൂടെ എന്താ യാത്രവിവരണം എഴുതാത്തേന്ന് ചോദിക്കുന്നത്..? വലിയ കാശുംകൊണ്ട് കുറേ പ്രസാധകർ എന്റടുത്ത് വന്നതാ, സാറേ ഒരു കുഞ്ഞ് യാത്രാവിവരണമെങ്കിലും എഴുതി താ എന്നു പറഞ്ഞ്. എനിക്ക് മനസില്ല. എന്റെ സഞ്ചാരങ്ങളൊന്നും ആഴ്ചപതിപ്പിൽ കോളമെഴുതാനോ, പുസ്തകമുണ്ടാക്കാനോ ആയിരുന്നില്ല. അങ്ങനെയെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകമെഴുതിയ സാഹിത്യകാരന് കിട്ടുന്ന അവാർഡ് കൂടെ എനിക്ക് കിട്ടുമായിരുന്നു. എഴുത്തിനും പുസ്തകങ്ങൾക്കും അതുവഴിയുള്ള പ്രശസ്തികൾക്കുമപ്പുറത്ത് എന്റെ യാത്രകളെല്ലാം എന്റെ സ്വകാര്യതയായിരുന്നു. എന്റെ മാത്രം ആത്മസംതൃപ്തി. ചങ്ങാതി… നിങ്ങൾ കേട്ടിട്ടുണ്ടോ നിങ്ങളുടെ ഒരു പ്രമുഖ സഞ്ചാരസാഹിത്യകാരന്റെ സൃഷ്ടിയെക്കുറിച്ച്. അദ്ദേഹത്തിന്റെ മകൾ വിദേശത്താണ്. ഗർഭിണിയായിരിക്കേ ശുശ്രൂഷയ്ക്ക് അച്ഛനും അമ്മയും ചെല്ലണം. ഗർഭിണിയായ മകൾക്കെന്ത് സാഹിത്യകാരൻ. പക്ഷെ അയാൾക്ക് ബഹുസന്തോഷം. മടങ്ങിവന്നത് വലിയൊരു കെട്ട് സാഹിത്യവുമായാണ്. മൂപ്പരുടെ സഞ്ചാരസാഹിത്യത്തിലെ പത്താം അധ്യായത്തിലാണ് നാട്ടിൽ നിന്ന് ‘വിമാനപക്ഷി’ പറക്കുന്നത്. വേറൊരു വിദ്വാനുണ്ട്, ആൾ ഏതെങ്കിലും രാജ്യത്ത് പോയിട്ടുണ്ടോ എന്നറിയാൻ പാസ്പോർട്ട് പരിശോധിക്കണം. കേരളത്തിൽ മറ്റെല്ലാ കുറ്റകൃത്യങ്ങളും കണ്ടുപിടിക്കുംപോലെ സഞ്ചാരസാഹിത്യകാരന്റെ ക്രഡിബിലിറ്റി അറിയാൻ അയാളുടെ പാസ്പോർട്ട് പരിശോധിക്കണമെന്ന നിയമം കൂടി വരണം. അങ്ങനെ വന്നാൽ ഇവിടെ പലരും കുടുങ്ങും. ഗൈഡല്ലേ, ഗൈഡ്. ലോകത്ത് ഏത് രാജ്യത്തിന്റെ, സംസ്‌കാരത്തിന്റെ ഗൈഡാണ് (ഗൂഗിൾ മാമൻ) ഇപ്പോൾ ലഭ്യമല്ലാത്തത്. പിന്നെ ചിലരുണ്ടല്ലോ അവർക്ക് സ്വന്തം പേര് മറ്റുള്ളവരുടെ തൂലികാ നാമമായതിനാൽ എത്രയും യാത്രവിവരണങ്ങളാവാം. ഇതൊക്കെകൊണ്ടാണെടോ ഞാൻ യാത്രാ വിവരണമെഴുതാത്തത്. കള്ള നാണയങ്ങളെ വായിക്കുന്നവർക്ക് തിരിച്ചറിയുന്നില്ലെങ്കിൽ സത്യം എഴുതുന്നവന് എന്ത് വില..?’

 • നോവലുകളോട് എന്താണിത്ര അനിഷ്ടം..?

‘ എടോ നോവൽ എനിക്കിഷ്ടമാണ്. വാർ ആൻഡ് പീസ്, ഫാദേഴ്സ് ആൻഡ് സൺസ് പോലുള്ള നോവലുകൾ വായിച്ചവർക്ക് എങ്ങിനെയാണ് നോവലുകളെ താഴ്ത്തിക്കെട്ടാനാവുക. പക്ഷെ എന്റെ കാര്യം അങ്ങനെയല്ല. വയസ്സ് 90 കഴിഞ്ഞു. ക്ഷമ എന്നത് എന്റെ നിഘണ്ടുവിലില്ല. വളരെ വേഗം അക്ഷമനാവും. പണ്ടൊക്കെ ഭക്ഷണം കഴിക്കാനിരുന്നാൽ ഐറ്റങ്ങളോരാന്നായി വരുന്നത് എന്റെ ക്ഷമ കെടുത്തും. പലപ്പോഴും സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു പത്മനാഭന്റെ മുമ്പിൽ പേപ്പർ വെയ്റ്റ് വയ്ക്കണ്ട, അവനതും എടുത്ത് തിന്നുകളയും. ക്ഷമ തീരെ കുറവാണ്. അങ്ങിനെയുള്ള ഞാനങ്ങെന ഒരു നോവലെഴുതും..? നോവലെഴുതാത്തവനെ പണ്ടൊന്നും സാഹിത്യകാരനായി അംഗീകരിച്ചിരുന്നില്ല. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനാണ് ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തി, ഇഷ്ടകവിയും. നോവലെഴുതാതെ എഴുത്തഛൻ പുരസ്‌കാരത്തിലേക്ക് വരെ എത്തിയപ്പോഴും ഞാൻ ആദരവോടെ ഓർത്തത് കുമാരനാശാനെയാണ്. ഇവിടെ നോവലെഴുതുന്നവനാണ് വലിയ സാഹിത്യകാരൻ. സാഹിത്യകാരനാവണമെങ്കിൽ നോവലെഴുതണം. 1948ലാണ് ഞാൻ എഴുത്ത് തുടങ്ങിയത്. അപ്പഴേ മനസ്സിൽ ചില ദൃഢ നിശ്ചയങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനം അധികം എഴുതില്ല. പിന്നെ നോവലെഴുതില്ല. സത്യത്തിൽ ഇപ്പഴും ചെറുകഥമാത്രം എഴുതുന്നവരുടെ കാര്യം മോശമാണ്. നോവലെഴുതിയാൽ പല ലാഭങ്ങളുമുണ്ട്. പുസ്തകത്തിന്റെ ഫേസ് വാല്യു വലുതാവും. ഫേസ് വാല്യു നോക്കിയല്ലേ റോയലിറ്റി തീരുമാനിക്കുന്നത്. കഥയ്ക്കൊരു കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടാൻ 42വർഷം കാത്തിരിക്കേണ്ടിവന്നില്ലേ. അതിനായി ഒരുപാട് കോലാഹലങ്ങൾ ഉണ്ടാക്കേണ്ടിവന്നു. അങ്ങനെ ചെറുകഥയ്ക്ക് ആദ്യ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് എനിക്കായിരുന്നു. പക്ഷെ അന്ന് അത് നിരസിച്ചു എന്നിടത്താണ് പത്മനാഭന്റെ നിലപാടുതറ. എനിക്ക് അവാർഡ് കിട്ടാനല്ല ഞാൻ സമരം നടത്തിയത്. അത് കഥയ്ക്കുള്ള അംഗീകാരത്തിനായിരുന്നു. എന്നാലും സാഹിത്യത്തിലെ അധ:കൃതനാണ് ഇപ്പോഴും ചെറുകഥ…’

 • പപ്പേട്ടൻ പലപ്പോഴായി എഴുതിയിട്ടുണ്ട്, പക്ഷെ അധികമാർക്കും അറിയില്ല അങ്ങയുടെ പാട്ട് ജീവിതം. പാട്ടുകേൾക്കാൻ മാത്രമായി മദ്രാസിലേക്ക് യാത്രപോകാറുള്ള പത്മനാഭനെക്കുറിച്ച്..?

‘എന്റെ യാത്രകളിൽ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. ഒരു സ്ഥലത്തെത്തിയാൽ അവിടുത്തെ പത്രങ്ങളിലെ ഇന്നത്തെ പരിപാടി നോക്കുക എന്നതാണ്. എനിക്കിഷ്ടപ്പെട്ട കച്ചേരികളുണ്ടെങ്കിൽ പോകാമല്ലോ..!. ഇങ്ങനെ കേൾക്കാൻ തരപ്പെട്ട കച്ചേരികൾ എത്രയോ വരും. ഡൽഹിയിലും ബോംബെയിലും മദ്രാസിലും തിരുവനന്തപുരത്തും മാത്രമല്ല ഇന്ത്യയ്ക്ക് വെളിയിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രശസ്ത ദ്രുപത് വ്ദ്വാനായ സിയാമൊഹിയുദ്ദീൻ ദാഗറുടെ രുദ്രവീണക്കച്ചേരി ഞാൻ കേൾക്കുന്നത് ആംസ്റ്റർഡാമിൽ വച്ചാണ്. അതുപോലെ പണ്ഡിറ്റ് രവിശങ്കറെ ആദ്യമായിക്കാണുന്നതും കേൾക്കുന്നതും ചിക്കാഗോയിൽ വച്ചും.! മൊസാർട്ടിന്റെ ഒരു സിംഫണിയെക്കുറിച്ച് എഴുതുമ്പോൾ പ്രശസ്തനായ ഒരു സംഗീത വിമർശകൻ പറഞ്ഞു, ‘ മഹത്തായ ഈ സംഗീതം പറഞ്ഞുമനസിലാക്കിക്കൊടുക്കാനുള്ളതല്ല. അത് അനുഭവിച്ചറിയാനുള്ളതാണ്; ആസ്വദിക്കാനുള്ളതാണ്.’ എന്റെ ഏകാന്തതകളിൽ എനിക്ക് കൂട്ടായി വരുന്ന അബ്ദുൾകരീംഖാനേയും ഓംകാർനാഥ് ഠാക്കൂറിനേയും അമീർഖാനേയും ഭീംസെൻ ജോഷിയേയും ചെമ്പെയേയും പട്ടമ്മാളേയും സുബ്ബലക്ഷ്മിയേയും ജിഎൻബിയേയും രാമനാഥനേയും നന്ദിപൂർവം ഞാനോർക്കുന്നു. കഴിഞ്ഞ എത്രയോ കൊല്ലമായി ഞാൻ മദ്രാസിൽ ചെന്ന് പാട്ട് കേൾക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി അതഴ മുടങ്ങിയിരിക്കുകയാണ്. പിന്നെ ഇപ്പോൾ അവിടേയും ഇവിടത്തെപ്പോലെ കച്ചേരികളെല്ലാം കുറഞ്ഞു.

ടി.പത്മനാഭനെന്ന കഥയച്ഛനോടുള്ള ചോദ്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ല. ചോദിച്ചാൽ തീരാത്തത്ര ചോദ്യങ്ങൾ ഇനിയും ഒരുപാടുണ്ട്. അതങ്ങനെ കടലുപോലെ… പലപ്പോഴായി നടത്തിയ അഭിമുഖങ്ങളിൽ നിന്നെടുത്താണീ ഉത്തരങ്ങൾ. അല്ലാതെ ഒരു ദിവസം ഒരഭിമുഖം വേണമെന്ന് ചോദിച്ചങ്ങ് ചെന്നാൽമതി…


 • എന്തുകൊണ്ടാണ് അത്മകഥയെഴുതാത്തത് ..?

ഓ തൊണ്ണൂറൊക്കെ ആയി. നിങ്ങളുടെ കണക്കിൽ തട്ടിപ്പോവാൻ സമയമായി. അപ്പോൾ ആത്മകഥയെഴുതണം. എഴുത്തച്ഛൻ പുരസ്‌കാരമൊക്കെ കിട്ടിയൊരു സാഹിത്യകാരന്റെ ആത്മകഥയാവുമ്പോൾ അത്യാവശ്യം വിൽക്കാനുണ്ടാവും. അല്ലേ. എന്നാൽ എനിക്കിപ്പോൾ സൗകര്യമില്ല. മാത്രമല്ല എനിക്ക് മരിക്കാനും സമയമായിട്ടില്ല. സമയമുണ്ടല്ലോ, നോക്കാം..

Comments are closed.