1470-490

വേരു പിടിക്കാത്ത ചില മരങ്ങൾ (കഥ)ശ്രീകുമാർ മാവൂർ

ജനറൽ കമ്പാർട്ട്മെന്‍റിലെ തിരക്കൊന്നയഞ്ഞപ്പോ ശങ്കർ ലഗേജ് ഹോൾഡറിൽ നിന്ന് താഴെയിറങ്ങി. കുറേ നേരം ഒരേ ഇരുപ്പിരുന്ന് നടു വളഞ്ഞിരിക്കുന്നു. നല്ല വേദനയും ക്ഷീണവും. കമ്പികൾ പിടിച്ച് കാൽവിരലുകളിൽ ഉയർന്ന് ക്ഷീണമെല്ലാം കുടഞ്ഞുകളഞ്ഞ് തെല്ലാശ്വാസത്തോടെ കമ്പാർട്ടുമെന്‍റിലാകെ നോക്കി. നിറയെ യാത്രക്കാരുണ്ട്, മുഴുവനും തന്നെപ്പോല ഉത്തരേന്ത്യയിൽനിന്നുള്ളവരാണ്. എല്ലാവരും ഉറങ്ങുകയോ പാട്ട് കേൾക്കുകയോ ചെയ്യുന്നു. ഉലഞ്ഞുലഞ്ഞു പായുന്ന തീവണ്ടിയുടെ വാതിൽക്കലേയ്ക്ക് നടന്നു. മുഷിഞ്ഞ ജീൻസിന്‍റെ കീശയിൽനിന്ന് ഒരു ബീഡിയെടുത്ത് പലതവണ ശ്രമിച്ച് കത്തിച്ച് ഉള്ളിലേയ്ക്ക് ആഞ്ഞൊരു പുകയെടുത്തു. ഹൌ… എന്തൊരാശ്വാസം!! ഞരമ്പുകളൊക്കെ ഒന്ന് അയഞ്ഞപോലെ. ക്ഷീണത്തെ മറികടക്കാനുള്ള ബീഡിയുടെ കഴിവോർത്ത് ബീഡിയെ സ്നേഹപൂർവ്വം താലോലിച്ചുകൊണ്ട്, പിറകിലേയ്ക്ക് അതിവേഗം മറഞ്ഞുപോകുന്ന വരണ്ട കാഴ്ചകളിലേയ്ക്ക് അലസമായി നോക്കി, അയാൾ നിന്നു. തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിലെ നാക്കെത്താ ദൂരം നീണ്ട വയലിന്‍റെ നടുക്കൂടെയാണ് ട്രയിൻ പാഞ്ഞുകൊണ്ടിരിക്കുന്നത്. ദൂരെ ഉയർന്നു നിൽക്കുന്ന നരച്ച കുന്നുകളിലെ ഉന്തിനിൽക്കുന്ന വെളുത്ത പാറക്കൂട്ടങ്ങളിൽ സായന്തനസൂര്യൻ സ്വർണ്ണ നിറം പകരുന്നത് നോക്കി നിൽക്കെ, അയാൾക്ക് സന്തോഷം തോന്നി. ഒന്നിരുട്ടി വെളുത്താൽ ഞാൻ കേരളത്തിലെത്തും…. ശങ്കർ ഉത്സാഹത്തോടെ ഏതോ ഒരു പാട്ടു മൂളി. ഇരുപത്തൊന്നു കൊല്ലത്തിന് ശേഷം ഒരു തിരിച്ചുവരവ്. ഓരോ ദിവസവും തിരിച്ചുവരാൻ കൊതിച്ചിരുന്നതാണല്ലോ.. എന്നിട്ടും എന്തുകൊണ്ട് മടിച്ചു ? അറിയാനാവുന്നില്ല. അല്ലെങ്കിലും ചിലതൊക്കെ അങ്ങനെയാണ്. വേണമെന്നാഗ്രഹിച്ചാലും നടക്കാത്തവ… ഇപ്പോഴിത് പെട്ടെന്നുള്ളൊരു തോന്നലിന്‍റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതാണ്. ഒരുപാടു കാലം സ്വന്തമായിരുന്നിടത്തേയ്ക്ക് ഒരു തിരിച്ചുപോക്ക്. അച്ഛന്‍ മരിച്ചതിന് ശേഷം എത്രയും വേഗം തിരിച്ച് നാട്ടിലേയ്ക്ക് പോകാൻ അമ്മ തിടുക്കപ്പെട്ടു.. അമ്മ എപ്പോഴും മനസ്സുകൊണ്ട് നാട്ടിലായിരുന്നല്ലോ. ബിഹാര്‍ഷെരീഫിലെ ഒരുള്‍നാടൻ ഗ്രാമത്തിൽ നിന്നും വിവാഹശേഷം അച്ഛന്‍റെ കൂടെ പോന്ന അമ്മ നാട്ടിലെ വരണ്ട പാടത്തെ ആട്ടിന്‍പറ്റത്തോടൊപ്പംതന്നെയാണിപ്പോഴുമെന്ന് അച്ഛൻ കളിയാക്കാറുണ്ടായിരുന്നതോര്‍ത്തപ്പൊ ശങ്കറിൽ‍ ഒരു പുഞ്ചിരി വിരിഞ്ഞു. പാവം.. അയാള്‍ നെടുവീപ്പിട്ടു. അച്ഛന്‍റെ ഗ്രാമം നളന്ദയോട് ചേര്‍ന്നായിരുന്നു. നൂറ്റാണ്ടുകളുടെ ഓര്‍മ്മഭാരം പേറുന്ന നളന്ദയോട് ചേര്‍ന്ന്.. ഉൾഗ്രാമങ്ങളിലെ ചെറുപ്പക്കാരെല്ലാം നക്സലുകളായി മുദ്രകുത്തപ്പെട്ടിരുന്ന അക്കാലത്ത് രക്ഷതേടി പലയിടങ്ങളിലേയ്ക്ക് ചേക്കേറിയിരുന്ന പലരേയും പോലെ കേരളത്തിലെത്തിയതായിരുന്നു. അച്ഛന്‍. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ആരംഭിച്ച വലിയ കമ്പനിയിലേയ്ക്ക് തൊഴിലുതേടി രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും ആയിരക്കണക്കായ ആളുകള്‍ എത്തി. അതിലൊരാളായി അച്ഛനും. കേരളത്തിലേയ്ക്കു തന്നെ വരാന്‍ വേറേയുമുണ്ടായിരുന്നു കാരണമെന്ന് പിന്നീട് അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ച് അക്കാലത്ത് രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ചര്‍ച്ചയായിരുന്നല്ലോ. വല്ലപ്പോഴും കിട്ടുന്ന പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ കേരളവും ഇ.എം.എസ്സും എ.കെ.ജി.യും കമ്മ്യൂണിസ്റ്റ് ആശയങ്ങളും അച്ഛനെ വിടാതെ പിന്തുടരവെയാണ് നാടുവിടാൻ തീരുമാനിക്കുന്നത്. കൂട്ടുകാർ ഡൽഹിയിലേക്കും ബോംബെയിലേക്കുമൊക്കെ പോയപ്പൊ രണ്ടാമതൊന്നാലോചിക്കാതെ അച്ഛന്‍ കേരളത്തിലേയ്ക്ക് വണ്ടികയറുകയായിരുന്നു. അച്ഛന്‍റെ ഇ.എം.എസ്സിനോടുള്ള കടുത്ത ആരാധനയുടെ അടയാളമായി എന്‍റെ ശങ്കറെന്ന പേര്. കുട്ടിക്കാലത്ത് കൂട്ടുകാരുടെ ‘ചങ്കരാ….’ എന്ന വിളിയിൽ ഒരുപാട് വിഷമിച്ചിരുന്നെങ്കിലും പിന്നീട് മനസ്സിലായി, പേരിലൊന്നും പ്രത്യേച്ചൊരു കാര്യവുമില്ലെന്ന്. പേര്… ഒരു വെറും അടയാളപ്പെടുത്തൽ മാത്രം. ഒരേ പോലുള്ള ജീവികളെ തിരിച്ചറിയാനുള്ള ഒരു ഏകകം. “ചായ്…. ചായ്…..” “ബായ്.. ഏക് ചായ് ദേദോ.” സന്ധ്യയായിരിക്കുന്നു. ചായ ഊതിക്കുടിക്കുന്നതിനിടയില്‍ നാളെ കേരളത്തിലെത്തുന്നത് ശങ്കര്‍ ഓര്‍ത്തു. അയാളില്‍ സന്തോഷവും സങ്കടവും മാറിമാറിഞ്ഞുകൊണ്ടിരുന്നു. ഞാനും പെങ്ങളുമൊക്കെ ജനിച്ചതും വളര്‍ന്നതുമൊക്കെ ആ വലിയ കമ്പനിയുടെ സാധാരണ തൊഴിലാളികള്‍ക്കുള്ള ക്വാര്‍ട്ടേഴ്സിലാണ്. ഭംഗിയും വൃത്തിയുമുള്ള ഓടുമേഞ്ഞ ഒറ്റ നില കെട്ടിടങ്ങളും കോണ്‍ക്രീറ്റിലുള്ള നാല് നില കെട്ടിടങ്ങളും നിരനിരയായി കിടക്കുന്നതിനിടയിൽ ഞങ്ങൾ കുട്ടികൾ കളിച്ചു തിമിത്തു. കമ്പനിവക സ്കൂളില്‍ പഠിച്ചു. ആദ്യം ഞങ്ങള്‍ ഓടിട്ട കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആ കെട്ടിടം റിക്രിയേഷന്‍ ക്ലബ്ബുണ്ടാക്കാനായി പൊളിച്ചപ്പൊ ഞങ്ങളെയൊക്കെ പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേയ്ക്ക് മാറ്റി. എനിക്കോര്‍മ്മ വെക്കുമ്പൊ ഞങ്ങള്‍ കോണ്‍‍ക്രീറ്റ് കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു. ക്വോർട്ടേഴ്സുകൾക്കിടയിലെ വൃത്തിയുള്ള റോഡുകളും പൂന്തോട്ടങ്ങളും. പല നിറത്തിൽ പെയ്ന്‍റടിച്ച് ഭംഗിയാക്കിയ തൊട്ടുതൊട്ടുള്ള മുറികളിൽ ഏതൊക്കെയോ നാട്ടിൽ നിന്നുള്ളവർ ചെറിയചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി കഴിഞ്ഞു കൂടി. എന്തു നല്ല കാലമായിരുന്നു.. ശങ്കര്‍ ദീര്‍ഘമായി ശ്വാസമെടുത്തു. വണ്ടി മുക്കാല്‍ മണിക്കൂർ ലേറ്റാണല്ലോ എന്നോര്‍ത്തുകൊണ്ട് അയാൾ കയ്യിലെ ചെറിയ ബാഗുമായി ആ വലിയ സ്റ്റേഷനിലിൽനിന്നും ഉളം വെയിലിലേയ്ക്കിറങ്ങി. ഇരുപത്തൊന്നു കൊല്ലം… എന്തെന്തു മാറ്റങ്ങള്‍..! പാതയോരത്ത് ഒരു ചായകുടിച്ചുകൊണ്ട് വലിയ ബോര്‍ഡുകൾ വായിക്കാൻ തുടങ്ങി. ഇല്ല, ഒന്നും മറന്നിട്ടില്ല. കമ്പനി വക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സെക്കന്‍റ് ലാംഗ്വേജായി ഞങ്ങൾ മലയാളം പഠിച്ചാല്‍ മതിയെന്നത് അച്ഛന്‍റെ നിബന്ധമായിരുന്നു. അമ്മക്ക് അത് തീരെ ഇഷ്ടമല്ലായിരുന്നുവെങ്കിലും. അമ്മ വീട്ടില്‍ ഹിന്ദിയിലും ബിഹാറിയിലും അച്ഛനും ഞങ്ങളും മലയാളത്തിലും സംസാരിച്ചു. അച്ഛന്‍ ഹിന്ദിച്ചുവയില്ലാതെ മലയാളം സംസാരിക്കുന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു. ‘ഞങ്ങള്‍ യഥാര്‍ത്ഥ മലയാളികളാണ്, ഉത്തരേന്ത്യക്കാരായ മലയാളികള്‍’ എന്ന് അച്ഛനും ഞങ്ങൾ കുട്ടികളും എല്ലാവരോടും പറയും. അയാള്‍ ബസ്റ്റാന്‍റിലേയ്ക്ക് നടന്നു. പഴയ റോഡെല്ലാം വീതി കൂടി, ഓരങ്ങളില്‍ വലിയ വലിയ കെട്ടിടങ്ങൾ. ഒരു മാറ്റവുമില്ലാത്ത ബസ്സ് സ്റാറാന്‍റിൽ ടൂറിസ്റ്റ് ബസ്സുകളെപ്പോലെയുള്ള ബസ്സുകൾ. നളന്ദയിലെ ഗ്രാമത്തിൽ പൊടിപിടിച്ച ടെംപോ ട്രാവലുകളുടെ മുകളിലിരുന്ന് മയമില്ലാത്ത നാട്ടുവഴികളിലൂടെ രാജ്ഗിറിലേയ്ക്കും ബിഹാർഷെരീഫിലേയ്ക്കും യാത്ര ചെയ്യുന്നത് ഓർമ്മയിലെത്തിയപ്പോ… “ടിക്കറ്റ്….” “ഒരു മാവൂര്….” കണ്ടക്ടറോട് അത് പറയുമ്പൊ സ്വയം അയാള്‍ക്ക് അത്ഭുതം തോന്നി. വഷങ്ങള്‍ക്കു ശേഷം താനൊരു മലയാളിയോട് മലയാളം സംസാരിക്കുന്നു. മാവൂർ വിട്ടതിന് ശേഷവും പെങ്ങളും ഞാനും മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത്. അമ്മയോട് വല്ലപ്പോഴും. അമ്മക്കതിഷ്ടമല്ലായിരുന്നു താനും. പെങ്ങൾ കല്ല്യാണം കഴിഞ്ഞു പോയപ്പൊ പിന്നീട് ഫോണിലുടെ വല്ലപ്പോഴും മാത്രമായി. ഇടക്ക് അവിടെയും മലയാളത്തിൽ പറയാൻ അവസരമുണ്ടായിട്ടുണ്ട്. നളന്ദയിലെ ആര്‍ക്കിയോളജിക്കൽ മ്യൂസിയത്തിലെ താല്‍ക്കാലിക തൂപ്പുകാരനായിരുന്നപ്പൊ, ചൊറിയൻ സൂപ്രണ്ടിന്‍റെ പുലയാട്ടിന് മറുപടി നല്‍കിയിരുന്നത് നല്ല മലയാളത്തിലായിരുന്നല്ലോ. ചിരിച്ചുകൊണ്ട്, അതും നല്ല പ്രാസമൊപ്പിച്ച ഊക്കന്‍ തെറി. “തുംനെ ക്യാ കഹാ.? ബിഹാറി യാ ഹിന്ദി മേം ബോലോ… ഗദ്ധ… “ “ഗദ്ധ നിന്‍റച്ഛന്‍… “ “അഛാ” ആ തടിയൻ ഒക്കെ മനസ്സിലായെന്ന അർത്ഥത്തിൽ രൂക്ഷമായി നോക്കി തലകുലുക്കി തിരിഞ്ഞു നടക്കും. ഓര്‍ത്തപ്പൊ ശങ്കറിന് ചിരിവന്നു. ഞങ്ങൾ പോകുന്ന കാലത്ത് പുതിയ ബസ്സ്റ്റാൻറിന്‍റെ പണി പൂർത്തിയായിരുന്നില്ല. കണ്ടൽ നിറഞ്ഞ ചതുപ്പിലൊക്കെ ഉയർന്ന വലിയ വലിയ കെട്ടിടങ്ങൾ നോക്കിയിരിക്കെ അസഹ്യമായൊരു മണത്തിലേയ്ക്ക്  ബസ്സ് ഊളിയിട്ടു.  മാവൂർ റോഡ് ശ്മശാനത്തിൽ ഏതോ ഒരു മനുഷ്യന്‍റെ ജീവൻ വാർന്ന ഇറച്ചിക്ക് തീപ്പിടിച്ചിരിക്കുന്നു. കുറച്ചുപേർ മൂകമായി അതിനടുത്തെവിടെയോ നിൽപ്പുണ്ടാവും. ശങ്കറിന് വായിൽ ഇരു കവിളിനുള്ളിലും ഉമിനീര്‍ പൊടിഞ്ഞ്  ഓക്കാനം വന്നു.   അച്ഛനെ ഈ ശ്മശാനത്തിലെ അഗ്നിയാണ് വിഴുങ്ങിയത്.  അച്ഛൻ കത്തിയമർന്നപ്പോഴും ഇതേ മണം വന്നിരിക്കും.  ശ്മശാനത്തിന് മുമ്പിലെ  കെട്ടിടത്തിൽ ആ ബോർഡ് ഇപ്പോഴുമുണ്ട് ഊദും ഊദിന്‍റെ അത്തറും. എത്ര അത്തറിൽ മുങ്ങിയാലും ഇറച്ചിക്ക് തീപ്പിടിച്ചാൽ ഒരേ മണം തന്നെ. പാവപ്പെട്ടവനോ പണക്കാരനോ ഭേദമില്ല… ഒറ്റ മണം. ഐ.ടി.ഐ. യിൽ പഠിക്കുന്ന കാലത്ത് പ്രമോദ് ഊദും ഊദിന്‍റെ അത്തറും എന്ന ബോർഡ് ഉറുദുവും ഉറുദുവിന്‍റെ അർത്ഥവും എന്ന് തെറ്റി വായിച്ചതോർത്തപ്പൊ അയാൾ ചിരിച്ചു. അടുത്തിരുന്നയാൾ കൌതുകത്തോടും സംശയത്തോടും കുടി നോക്കിയപ്പൊ അയാളൊന്നു കണ്ണിറുക്കി. ശ്മശാനത്തിൽ നിന്നുള്ള മണത്തിൽ നിന്നും കുതറി, ബസ്സ് നഗരത്തിന് പുറത്തേയ്ക്ക് പാഞ്ഞുകൊണ്ടിരുന്നു. ഇ.എം.എസ്സ്. മരിച്ച കൊല്ലം അവസാനത്തിലാണ് അച്ഛൻ മരിച്ചത്. കമ്പനിയിൽ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.  ഒരാഴ്ച തികയുന്നതിന് മുമ്പെ മരിച്ചു. ഞാൻ മരിച്ചാ നാട്ടിലേയ്ക്ക് കൊണ്ടു പോണ്ട എന്ന അച്ഛന്‍റെ ആഗ്രഹം പോലെ ഇവിടെ, ഈ ശ്മശാനത്തിൽ…  ബന്ധുക്കളൊന്നും അടുത്തില്ലെങ്കിലും അതിലേറെ സ്നേഹത്തോടെ ക്വാർട്ടേഴ്സിലുള്ളവരും  പ്ലാന്‍റിൽ കൂടെ പണിയെടുത്തവരും പാർട്ടിക്കാരും നാട്ടുകാരും  പത്തിരുപത്തഞ്ച് കൊല്ലം കമ്പനിയും അങ്ങാടിയും സ്വന്തം പോലെ കണ്ട് എന്തിനുമേതിനും ഓടിനടന്ന അച്ഛന്‍റെ കുടുംബത്തോടൊപ്പം നിന്നു.   വല്ലാത്തൊരു ശൂന്യതയായിരുന്നു പിന്നീട്. അച്ഛന്‍റെ തണലിൽ ജീവിച്ച നല്ലകാലത്തിന് അറുതിയായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ഭയപ്പെടുത്തി. അമ്മയേയും പെങ്ങളേയും പോറ്റേണ്ട ഉത്തരവാദിത്തം എന്നിലാണ്. വട്ടച്ചെലവിനായി ടിവി മെക്കാനിക്കായി സുഹൃത്തിന്‍റെ ടി.വി. റിപ്പയർഷോപ്പിൽ നിൽക്കുന്നു എന്നതൊഴിച്ചാൽ യാതൊരു വരുമാനവുമുണ്ടായിരുന്നില്ല. നാട്ടിലേയ്ക്ക് മടങ്ങാൻ അമ്മ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ജനിച്ചതും വളർന്നതുമൊക്കെ ഇവിടെയായതിനാൽ കൂട്ടുകാരും സ്വന്തക്കാരുമെല്ലാം ഇവിടെയായിരുന്നല്ലോ. കുറച്ചു നാളുകൂടി ക്വാർട്ടേഴ്സിൽ നിന്നു. കമ്പനിയിൽ നിന്ന് അച്ഛന് കിട്ടാനുള്ള ആനുകൂല്ല്യങ്ങൾ  കിട്ടിയപ്പൊ വിചാരിച്ചു പരിസരത്തെവിടെയെങ്കിലും സ്ഥലം വാങ്ങാമെന്ന്. അമ്മയ്ക്ക് ഒരേ നിർബന്ധമായിരുന്നു തിരിച്ചുപോകാൻ. വേരുകളൊക്കെ അവിടെയാണല്ലോ എന്ന്. വേരുകൾ…. വേരുകൾ മാത്രം പോരല്ലോ അതിന് പടരാൻ വളക്കൂറുള്ള മണ്ണും കൂടി വേണ്ടേ? അമ്മയുടെ ആഗ്രഹപ്രകാരം തിരിച്ച് അമ്മയുടെ നാട്ടിലേയ്ക്ക് പോയി. അച്ഛന് കമ്പനിയിൽ നിന്ന് കിട്ടിയ മരണാനന്തര ആനുകൂല്ല്യ ങ്ങളൊക്കെ കൂട്ടി പിറ്റേ കൊല്ലം പെങ്ങളെ കല്ല്യാണം കഴിപ്പിച്ചയച്ചു. അതിന് ശേഷം തിരിച്ച് മാവൂരേയ്ക്ക് പോരാനും കമ്പനിയിൽ ആശ്രിത നിയമനത്തിന് വല്ല സാധ്യതയും തെളിയുമോ എന്ന് നോക്കണമെന്നും വിചാരിച്ചിരിക്കുമ്പോഴാണ് നിരവധി ആളുകളെ നിരാലംബരാക്കി കമ്പനി എന്നേയ്ക്കുമായി പൂട്ടിയത്. ആശ്രയമായിരുന്ന വൻമരം വീണപ്പോൾ കിളികളെല്ലാം എന്തു ചെയ്യുമെന്നറിയാതെ പലയിടങ്ങളിലേയ്ക്കു പറന്നകന്നു. ചിലരൊക്കെ എവിടെയൊക്കെയോ ചേക്കേറി, ചിലരാകട്ടെ ചേക്കാനൊരിടം പോലുമില്ലാതെ ഇപ്പോഴും പറന്നുകൊണ്ടേയിരിക്കുന്നു. അമ്മ, ബന്ധുക്കളുടെ ഇടയിൽ സന്തുഷ്ടയായിരുന്നു. പറിച്ചു നട്ടിടത്ത് എനിക്ക് വേരു പിടിക്കാനായില്ല. മടുപ്പായിരുന്നു എല്ലാത്തിനോടും. ചുറ്റുമുള്ളതൊന്നും എന്നോട് ഇണങ്ങാത്തതുപോലെ. അവിടെയൊന്നും എന്‍റെ നാടെന്ന് എനിക്ക് തോന്നിയതേയില്ല. ആരും എന്‍റെയല്ല. ജനിച്ചു വളർന്ന കമ്പനി പരിസരവും അങ്ങാടിയും കൂട്ടുകാരും അവരുടെ ബന്ധുക്കളുമെല്ലാം കൺമുന്നിലെത്തും. കരച്ചിൽ വരും. ആദ്യമാദ്യം കൂട്ടുകാരുടെ വീട്ടിലേയ്ക്ക് ഫോൺ വിളിച്ചിരുന്നു. പതുക്കെ അതും നിലച്ചു. ബസ്സിൽ തിരക്കൊഴിഞ്ഞിരിക്കുന്നു. മാവൂരിലെത്താനാവുന്തോറും അയാളിൽ വല്ലാത്തൊരാവേശം വന്നു. അയാൾ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ഞാനെന്‍റെ ജന്മദേശത്ത് വീണ്ടും എത്തിയിരിക്കുന്നു. എന്നോ ഏതോ ദേശത്തേയ്ക്ക് പറന്നു പോയ ഒരു ദേശാടനക്കിളി പോയിടത്തേയ്ക്കു തന്നെ തിരിച്ചെത്തുന്നു. ശങ്കർ ടൌണാകെ നടന്നു. ഓരോന്നും കണ്ടു. പുതുമ അപ്പാടെ വിഴുങ്ങിയതിൽ പഴമയുടെ ശേഷിപ്പ് എന്തെങ്കിലും കാണുമ്പോൾ സന്തോഷിച്ചു. ബസ് സ്റ്റാന്‍റിനോട് ചേർന്നു കാണുന്ന, കാടുകറിയ ജീർണ്ണിച്ച, കമ്പനി വക ക്വാർട്ടേഴ്സ് നോക്കി അയാൾ നെടുവീർപ്പിട്ടു. നല്ല വിശപ്പ്.. നായര്ടെ ഹോട്ടലീന്ന് പണ്ടത്തെപ്പോലെ പൊറോട്ട തിന്നാം. പൊറോട്ട പറയുമ്പൊ പപ്പേട്ടൻ ചോദിക്കും- ‘കറിയെടുക്കണോ.. അതോ, പെയ്ന്‍റടിക്കണോ..?’ എന്ന്. ഒന്നും മിണ്ടാതിരിക്കുമ്പൊ ‘മോനേ… ഏത് പെയ്ന്‍റാ അടിക്കണ്ടേ…’ ന്ന്. അന്നത്തെപ്പോലെ, “ങ്ങക്കിഷ്ടള്ള കളറടിച്ചോളീ…” എന്ന് പറയണം. മാറ്റമില്ലാത്ത പഞ്ചായത്ത് ഷോപ്പിംഗ് കെട്ടിടത്തിനടിയിലൂടെ അയാൾ ആർ.ഇ.സി. റോഡിലേയ്ക്കിറങ്ങി. പഴയതിന്‍റെ അവശേഷിപ്പുകൾ ഇപ്പോഴുമുണ്ടിവിടെ. നിരന്തരം നടന്നിരുന്ന, കയറിയിരുന്ന് സൊറ പറഞ്ഞിരുന്ന, സ്കൂൾ വിട്ടു വരുന്ന പെൺകുട്ടികളെ കമന്‍റടിച്ചിരുന്നിരുന്ന, പീടികത്തിണ്ണകളൊക്കെ മാറിപ്പോയിരിക്കുന്നു. ഒന്നുരണ്ട് പരിചയക്കാരുടെ മുന്നിൽ ചെന്നു നിന്നെങ്കിലും മഖത്തേക്കു സൂക്ഷിച്ചു നോക്കിയെന്നല്ലാതെ എന്നെയവർക്ക് മനസ്സിലായില്ല ! അത്രയും മാറിപ്പോയോ ഞാൻ ? നായരുടെ ഹോട്ടൽ നിന്നിടത്ത്, ഉണ്ണികൃഷ്ണേട്ടന്‍റെ പെട്ടിപ്പീടിക നിന്നിടത്ത്.. എല്ലായിടത്തും പുതിയ കെട്ടിടങ്ങൾ പൊങ്ങി നിൽക്കുന്നു. എപ്പോഴും കൊടി തോരണങ്ങളും ആളും ബഹളവും നിറഞ്ഞു നിന്നിരുന്ന സി.ഐ.ടി.യു. ഓഫീസും പരിസരവും മൂകം. ഓഫീസ് വരാന്തയിൽ നിന്ന് അച്ഛൻ തന്നെ കൈകാട്ടി വിളിക്കുമ്പോലെ. നിറഞ്ഞ കണ്ണുകൾ തുടച്ച് വീണ്ടും നടന്നു. കൂട്ടുകാരിൽ ചിലരെ ദൂരെ നിന്ന് കണ്ടു. എന്തോ, അവരെ ചെന്ന് വിളിക്കാൻ തോന്നിയില്ല. കുന്നിൻ മുകളിലെ സ്റ്റാഫ് ക്വോർട്ടേഴ്സിന് തൊട്ടുള്ള അമ്പലമുറ്റത്ത് നിന്ന് ശങ്കർ നിർവ്വികാരമായി താഴെ ചാലിയാറിന്‍റെ തീരത്തേയ്ക്ക് നോക്കി നിന്നു. കടത്തു തോണി മാത്രമുണ്ടായിരുന്ന കിഴക്കേ കടവിലെ പുതിയ പാലത്തിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നു. കമ്പനി നിന്നിരുന്ന സ്ഥലം ഒരു ശ്മശാനഭൂമി പോലെ കാടു പിടിച്ചു കിടക്കുന്നു. ഇരുപത്തിനാല് മണിക്കൂറും സജീവമായിരുന്ന നിരവധിയായ കെട്ടിടങ്ങളും വെളുത്തും കറുത്തും ആകാശത്തേയ്ക്ക് പുക പടർത്തിക്കൊണ്ടിരുന്ന വലിയ പുകക്കുഴലുകളും അപ്രത്യക്ഷമായിരിക്കുന്നു. സന്ധ്യാ നേരത്തെ ചുവപ്പാർന്ന ആകാശത്തിനു കീഴിൽ പുഴയും തീരവും ഒരു പെയ്ന്‍റിംഗ് പോലെ ശങ്കറിന് തോന്നി. പടിഞ്ഞാറു നിന്നും തണുത്ത കാറ്റ് അയാളെക്കടന്ന് അമ്പലത്തിന്‍റെ തുരുമ്പെടുത്ത ഗെയ്റ്റിനോട് ചേർന്നുള്ള കാറ്റാടിമരങ്ങളെ ചൂളമടിപ്പിച്ചുകൊണ്ടിരുന്നു. ജനിച്ചുവളർന്ന സ്ഥലം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരത്താണിയും ആശ്വാസവുമാണ്. എത്ര പറിച്ചെറിഞ്ഞാലും കിളുർത്തു പൊന്താനാവുമെന്ന ഒരു തോന്നലാണത്. പറിച്ചു നടാൻ ശ്രമിക്കാം, വേരുപിടിക്കണമെന്ന് ശഠിക്കാനാവില്ലല്ലോ. ഓരോന്ന് നിനച്ചുകൊണ്ട് സങ്കടം ഇരയ്ക്കുന്ന മനസ്സുമായി അയാൾ കാറ്റിലേയ്ക്ക് മുഖമുയർത്തി നിന്നു. ആയാൾ ആരേയും കാണ്ട് പരിചയം പുതുക്കാൻ ശ്രമിച്ചില്ല. എന്തോ, അയാൾക്ക് ഒന്നുമാവാനാവാതെ പോയ ഇന്നത്തെ നിലയിൽ അടുത്ത സുഹൃത്തുക്കളെപ്പോലും കാണാൻ തോന്നിയില്ല. അയാളിലെ അപകർഷതാ ബോധം അയാളെ അതിനനുവദിച്ചില്ല. ആർക്കും അയാളെ മനസ്സിലായതുമില്ല. നിലാവുവീണ രാത്രി, ആരുടേയും കണ്ണിൽ പെടാതെ, ഇടിഞ്ഞുകിടക്കുന്ന മതിൽ വിടവിലൂടെ ശങ്കർ തങ്ങൾ പാർത്തിരുന്ന ജീർണ്ണിച്ച് നിലംപൊത്താറായ ക്വാർട്ടേഴ്സിലേയ്ക്ക് കയറി, മുഷിഞ്ഞ നിലത്ത് കിടന്നു. പന്നിയും കുറുക്കനും ഇഴജന്തുക്കളും പുളയ്ക്കുന്ന കാടുപിടിച്ച മതിൽകെട്ടിനകത്ത് അയാൾക്ക് പേടി തോന്നിയതേയില്ല. അവിടെയൊക്കെ പഴയതുപോലെ ആയതായി അയാൾക്ക് തോന്നി. രാത്രിയും പകലുപോലെ വെളിച്ചം വിതറുന്ന വലിയ വിളക്കു കാലുകൾക്ക് ചുവട്ടിൽ ഭംഗിയാർന്ന ഇടങ്ങളിൽ തങ്ങൾ കുട്ടികൾ കളിച്ചു തിമിർക്കുന്നതും പെണ്ണുങ്ങളും ആണുങ്ങളും വട്ടം കൂടിയിരുന്ന് വർത്തമാനം പറയുന്നതും അയാൾ കണ്ടു. അങ്ങാടിയിൽ നിന്നും ഹൈദരാക്കയുടെ തട്ടുകടയിൽ നിന്ന് പരിപ്പുവടയുമായി കയറി വരുന്ന അച്ഛന്‍റെ വിയർത്ത മുഖം കണ്ണിൽ തെളിഞ്ഞപ്പോൾ അയാൾ കരഞ്ഞുപോയി. ഏങ്ങിയേങ്ങി കരഞ്ഞ് ഉറങ്ങിപ്പോയ അയാൾ നേരം നല്ലപോലെ വെളുത്തപ്പോഴാണ് ഉണർന്നത്. എത്ര കൊല്ലമായി ഇങ്ങനെയൊന്ന് ഉറങ്ങിയിട്ട്!! വാതിലുകളും ജനലുകളും പോയി, വെയിലും മഴയും മാറിമാറി ഏറ്റ്, എത്രയോ കൊല്ലമായി ആൾപ്പെരുമാറ്റമില്ലാതെ വികൃതമായിക്കിടക്കുന്ന മുറിയിലാകെ ശങ്കർ നടന്നു. ഓരോ ഇടവും അയാളുടെ ഓർമ്മകളെ പൊള്ളിച്ചു. അടുക്കളയിൽ നിന്ന് ഒരു പാമ്പ് ജനലിലൂടെ പുറത്തെ ഇലപ്പടർപ്പിലേയ്ക്കിഴഞ്ഞിറങ്ങി. നനഞ്ഞടർന്നു തുടങ്ങിയ ഇളം നീലപോലെ തോന്നിച്ച ചുവരിൽ അച്ഛൻ പണ്ടെന്നോ കുറിച്ചിട്ട എതോ ചില കണക്കുകൾ, ഓർമ്മകൾ പോലെ മായാതെ കിടക്കുന്നു. ചുവരിലെ ഷെൽഫിൽ മണ്ണ് പിടിച്ചുപോയ എന്തൊക്കെയാ സാധനങ്ങൾ. കൂട്ടത്തിലുള്ള ഒരു കണ്ണട ശങ്കർ എടുത്തു തുടച്ചു. അച്ഛന്‍റെ കണ്ണട.. അച്ഛനെ തൊട്ടതുപോലെ ഒരാശ്വാസം അയാളിലുണ്ടായി. പുഴയിൽ കൂട്ടുകാരോടൊത്ത് തിമിർക്കാറുണ്ടായിരുന്ന കമ്പനി ഗേറ്റിനടുത്തുള്ള കടവ് ആളിറങ്ങാനില്ലാതെ കൽക്കെട്ടുകളിൽ ചളി നിറഞ്ഞു കിടക്കുന്നു. നിറച്ചും ആളുകളെ കയറ്റി അക്കരെയിക്കരെ പോയിവന്നുകൊണ്ടിരുന്ന തോണിക്കടവ് തോണിയോ ആളോ ഇല്ലാതെ പുഴയോട് ഗതകാലസ്മരണകളുടെ പതംപറഞ്ഞു കിടക്കുന്നു. ഒരു ചുറ്റു നീന്തി കുളിച്ചു കയറി. പ്രിയപ്പെട്ട പുഴയേ.. ഇനിയെന്നെങ്കിലും നിന്നിലേയ്ക്ക് എനിക്കെത്താനാവുമെന്ന് തോന്നുന്നില്ല. നീ നൽകിയ പരിലാളന എക്കാലവും ഓർമ്മിക്കും. പുഴയെ പിന്‍തിരിഞ്ഞ് ഒന്നുകൂടി നോക്കി ശങ്കർ തിരിച്ചു നടന്നു. ബസ് സ്റാറാന്‍റിൽ ഏറെ നേരം വെറുതെ നിന്ന ശേഷം പൊള്ളുന്ന ഹൃദയത്തോടെ ബസ്സിൽ കയറിയിരുന്നു. ബസ്സ് വിശാലമായ കൽപ്പള്ളിപ്പാടം കടന്നു പോകുമ്പോൾ ആയാൾ ആർത്തിയോടെ പുറം കാഴ്ചകളിലേയ്ക്ക് നോക്കി. നിറഞ്ഞു പോകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് മുഖത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന കാറ്റിനോട് പറഞ്ഞു.- “ഈ മഹാ പ്രപഞ്ചത്തിൽ ഇങ്ങനെയൊരിടത്ത് ഇതുപോലൊരു തൊഴിലിടം ഉണ്ടായിട്ടേയില്ല, ഇവിടേയ്ക്ക് ഏതൊക്കെയോ നാട്ടിൽ നിന്നും ആളുകൾ ചേക്കേറിയിട്ടേയില്ല. ഞാനിവിടെ ജനിച്ചിട്ടോ ജീവിച്ചിട്ടോ ഇല്ല. എനിക്കിവിടെ കൂട്ടുകാരോ പരിചയക്കാരോ ഇല്ല. എല്ലാം തോന്നലുകളായിരുന്നു. വെറും തോന്നൽ.

.

.

Comments are closed.