1470-490

ചാലക്കുടി പുഴയിലെ നീരൊഴുക്ക് സുഗമമാക്കുവാനും പ്രളയ സാധ്യത ഒഴിവാക്കുവാനും പുഴയിലെ എക്കൽ നീക്കം ചെയുന്നതുൾപ്പടെയുള്ള പ്രവർത്തികൾ ഏകോപിപ്പിയ്ക്കുന്നതിനായി ചാലക്കുടി പുഴയ്ക്ക് പ്രത്യേകമായി ഒരു എക്സിക്യൂട്ടീവ് എഞ്ചിനിയറെ ചുമതലപ്പെടുത്തുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു

രവി മേലൂർ

ചാലക്കുടി പുഴയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനായും ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ശ്രദ്ധക്ഷണിയ്ക്കൽ വേളയിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.തെക്ക് പടിഞ്ഞാറൻ കാലവർഷസമയത്ത് മുൻകാലങ്ങളിൽ ലഭ്യമായിരുന്ന അളവിൽ മഴ ലഭിയ്ക്കുന്നില്ലെന്നത് പരിഗണിക്കുമ്പോൾ ജല സംരക്ഷണ പ്രവർത്തനങ്ങൾ വലിയതോതിൽ നിർവ്വഹിക്കേണ്ട ആവശ്യമാണുള്ളതെന്നും കോഴിക്കോട് ആസ്ഥാനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടത്തിയ പഠനത്തിൽ വെറ്റിലപ്പാറ , തുമ്പൂർമുഴി എന്നിവിടങ്ങളിൽ മഴ ലഭ്യതയിൽ കുറവ് വന്നിട്ടുള്ളതായും മന്ത്രി അറിയിച്ചു. ചാലക്കുടി പുഴ അന്തർസംസ്ഥാന നദിയാണ് എന്ന കാര്യം പരിഗണിച്ച് കേന്ദ്ര ജലകമ്മീഷൻ മാർഗ്ഗരേഖ പ്രകാരം മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നദിയിലെ ആവാസവ്യവസ്ഥ , അടിത്തട്ടിന്റെ അവസ്ഥ , ജലഗുണനിലവാരം , ജനസംഖ്യ , വാനപ്രദേശത്തിന്റെ പ്രത്യേകതകൾ , കാലാവസ്ഥ തുടങ്ങിയവ ഉൾപ്പെട്ട ശാസ്ത്രീയ പഠനം പൂർത്തിയാക്കിയാക്കുന്നതിനുള്ള നടപടികൾ CWRDM പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിർവ്വഹിയ്ക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.നദീതടത്തിലെ ചെറുതും വലുതുമായ നീർച്ചാലുകൾ വീണ്ടെടുക്കുന്നതിനായി ഹരിതകേരള മിഷന്റെ ഉപമിഷനായ ജലസമൃദ്ധി ഏറ്റെടുത്തിട്ടുള്ളതായും തദ്ദേശ സ്വയംഭരണ സ്ഥാപനടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ ഹരിതകേരള മിഷന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളതായും റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് നവകേരളം കർമ്മപദ്ധതി – 2 ൻ്റെ ഭാഗമായി കേരളം മുഴുവൻ നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. ചാലക്കുടി പുഴയുടെ വാട്ടർ ബാലൻസ് പഠനം നിർവ്വഹിയ്ക്കുവാനും ഇത് സഹായിയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments are closed.