1470-490

അദ്ധ്യാപികയ്ക്ക് നിയമനം നൽകാൻ കോടതി വിധി. അധ്യാപക നിയമനത്തിൽ പിന്തുടർന്ന സംവരണ വ്യവസ്ഥ തെറ്റെന്ന് കോടതി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: അദ്ധ്യാപികയ്ക്ക് നിയമനം നൽകാൻ കോടതി വിധി. കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന അധ്യാപക നിയമനത്തിൽ പിന്തുടർന്ന സംവരണ വ്യവസ്ഥ തെറ്റെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി. ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ച് രണ്ടാം റാങ്ക് നേടിയ മലപ്പുറം പള്ളിക്കൽ സ്വദേശി സോമ നിവാസിൽ ഡോ. കെ പി അനുപമയുടെ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. സംവരണപ്പട്ടിക ശരിയായ വിധത്തിൽ ക്രമപ്പെടുത്താനാനും കോടതിയുടെ നിർദ്ദേശം. ഭിന്നശേഷി സംവരണത്തിന് കേരള സർവ്വീസ് നിയമത്തിലെ സംവരണ പട്ടികയിൽ പറയാത്ത പുതിയ ടേണുകൾ സൃഷ്ടിച്ച് നിയമനം നടത്തിയതിലൂടെ സാമുദായിക സംവരണക്രമം പാലിച്ചില്ലെന്ന് കോടതിയുടെ കണ്ടെത്തൽ. സർവ്വീസ് നിയമത്തിന് വിരുദ്ധമായി ഒന്ന് എ, 26എ, 51എ എന്നിങ്ങനെ പുതിയ ടേണുകൾ ഭിന്നശേഷി സംവരണത്തിന് വേണ്ടി സൃഷ്ടിച്ചത് വഴി മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഈഴവ വിഭാഗത്തിന് ലഭിക്കേണ്ട സംവരണ സീറ്റ് 51 എ എന്ന നിയമ വിരുദ്ധ ടേണായി മാറിയെന്നും ഇതിനെതുടർന്ന് ഈഴവ വിഭാഗത്തിൽപെട്ട തനിക്ക് നിയമനം ലഭിച്ചില്ലെന്നുമായിരുന്നു പരാതി. ഭിന്നശേഷി സംവരണം സമാന്തരമായി നടത്തേണ്ടതെന്നും പ്രശസ്തമായ ഇന്ദിരാ സാഹ്നി കേസിലടക്കം ഇതിനായി പിന്തുടരേണ്ട രീതി സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നു. അതിന് വിരുദ്ധമായി സാമുദായിക സംവരണം പോലെ ഭിന്നശേഷി സംവരണവും പ്രത്യേക ടേൺ വെച്ച് നടത്തുക വഴി മൊത്തം സംവരണക്രമം സർവകലാശാല തെറ്റിച്ചെന്നും ഇതുവഴി സാമുദായിക സംവരണ വിഭാഗങ്ങൾക്കുള്ള തസ്തികകളുടെ എണ്ണം കുറഞ്ഞുവെന്നും കോടതി കണ്ടെത്തി. 63 തസ്തികളിൽ നിയമനം നടന്നപ്പോൾ ഈഴവ വിഭാഗത്തിന് ലഭിക്കേണ്ടത് ഒൻപത് സീറ്റുകളാണ്. എന്നാൽ സർവകലാശാല ക്രമപ്പെടുത്തിയപ്പോൾ ആ വിഭാഗത്തിന് എട്ട് തസ്തികൾ മാത്രമാണ് ലഭിച്ചത്. എന്നതിനാൽ പരാതിക്കാരിക്കാരിയെ ജേർണലിസം ആന്റ് മാസ്കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാൻ കോടതി ഉത്തരവിട്ടു. ഇതോടൊപ്പം തെറ്റായ സംവരണപ്പട്ടിക ശരിയായ രൂപത്തിൽ ക്രമപ്പെടുത്താനും നിയമ വിരുദ്ധമായി നിയമിക്കപ്പെട്ടവരെ മറ്റൊരു വിധി ഉണ്ടാവുന്നത് വരെ താൽകാലികമായി നിലനിർത്താനും കോടതി നിർദ്ദേശിച്ചു. നിയമനത്തിന് അർഹത നേടിയിട്ടും ലഭിക്കാത്ത ഒട്ടേറെ ഉദ്യോഗാർത്ഥികൾ ഇതേ വാദം ഉന്നയിച്ച് പുതുതായി ഹർജികൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ക്രമംതെറ്റി നിയമിക്കപ്പെട്ട ഒട്ടേറെ അധ്യാപകർ നിയമക്കുരുക്കിലാവും. ഇതിനകം നടത്തിയ പ്രൊഫസർ, അസോസിയേറ്റ് പ്രഫസർ നിയമനങ്ങളെയും ഭാവി നിയമനങ്ങളെയും വിധി ബാധിക്കും. അധ്യാപക നിയമനത്തിൽ സംവരണ ക്രമം തെറ്റിക്കുന്നു എന്ന പരാതി നിയമന പ്രക്രിയ തുടങ്ങിയ സമയത്ത് തന്നെ സിണ്ടിക്കേറ്റംഗം ഡോ. റഷീദ് അഹ്മദ് നേരത്തെ ചൂണ്ടി ക്കാണിക്കുകയും ഇത് സംബന്ധിച്ച് ചാൻസലർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തെറ്റായ സംവരണക്രമം മൂലം നിയമ വിരുദ്ധമായി നിയമിക്കപ്പെട്ടവരുടെയും നിയമനം ലഭിക്കാതെ പോയവരുടെയും പട്ടികയും അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ മുഴുവൻ സർവ്വകലാശാലകളിലും സംവരണക്രമം വിജ്ഞാപനത്തിൽ പറയാറുണ്ട്. എന്നാൽ കാലിക്കറ്റ് സർവ്വകലാശാല അത് മറച്ച് വെച്ചാണ് നിയമ ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇടതുപക്ഷ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മയുടെ ആവശ്യത്തെത്തുടർന്നായിരുന്നു ഈ നടപടി. ഇതുമൂലം സംവരണം സംബന്ധിച്ച സുതാര്യത നഷ്ടപ്പെടുത്തുകയും അനധികൃത നിയമനങ്ങൾ നടത്തുകയുമാണെന്നു ആക്ഷേപം വ്യാപകമായിരുന്നു. വിധി നടപ്പിലാകുന്നതോടെ നിയമിതരായ 24 അസിസ്റ്റൻറ് പ്രൊഫസർമാർ പുറത്തു പോകേണ്ടിവരുമോയെന്ന ആശങ്കയിലാ ണ്.

Comments are closed.