1470-490

വിഴിഞ്ഞം സമരത്തെ അടിച്ചമർത്താനുള്ള ശ്രമം അപലപനീയം : ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി

തലശ്ശേരി: അതിജീവനത്തിന് വേണ്ടി സമരം നടത്തിയ മത്സ്യത്തൊഴിലാളികളെ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പ്രസ്താവിച്ചു. തലശ്ശേരി അതിരൂപതയിലെ വൈദികരുടെ സമ്മേളനം മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിന്പൂർണ്ണ പിന്തുണ നൽകി. തിരുവനന്തപുരം ആർച്ച് ബിഷപ്പ് തോമസ് നെറ്റൊ പിതാവിനെയും വൈദികരെയും അന്യായമായി കേസിൽ ഉൾപ്പെടുത്തിയതിനെ യോഗം ശക്തമായി അപലപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി.  മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളെ പരിഗണിച്ചു എന്ന് പറയുന്ന സർക്കാർ കുടിയിറക്കപ്പെട്ടവരുടെ ദയനീയാവസ്ഥയ്ക്ക് വർഷങ്ങളായി യാതൊരു പരിഹാരവും കണ്ടിട്ടില്ല എന്ന സത്യം വിസ്മരിക്കരുത്. സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടങ്ങളുടെ മറവിൽ മത്സ്യത്തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാനുള്ള തന്ത്രം തികച്ചും അപലപനീയമാണ്. സമരങ്ങളെ വർഗീയ വൽക്കരിക്കാനുള്ള ചില നേതാക്കളുടെ ശ്രമം രാജ്യത്തിന് തന്നെ അപമാനകരമാണെന്നും യോഗം വിലയിരുത്തി. അക്രമം ആര് ചെയ്താലും അപലപനീയമാണ്. എന്നാൽ, കുത്തക മുതലാളികൾക്ക് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന അക്രമങ്ങളുടെ മറവിൽ മത്സ്യത്തൊഴിലാളിയുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടരുത്. തലശ്ശേരി അതിരൂപത പ്രോട്ടോ സിഞ്ചല്ലൂസ്  മോൺ. ആന്റണി മുതുകുന്നേൽ യോഗത്തിന് സ്വാഗതം പറഞ്ഞു. വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. മാത്യു ഇളംതുരുത്തി പടവിൽ, ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപതാ പ്രക്രേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Comments are closed.