1470-490

സമ്പുഷ്ട അരി വിതരണത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന് ഗൂഢലക്ഷ്യം- അജ്മല്‍ ഇസ്മായീല്‍

തിരുവനന്തപുരം: അടുത്ത ഏപ്രില്‍ മുതല്‍ രാജ്യമാകെ റേഷന്‍ കടകളിലൂടെ പോഷകസമ്പുഷ്ട അരി വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം സബ്സിഡി നിര്‍ത്തലാക്കുമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശാസ്ത്രീയ പഠനത്തെ അടിസ്ഥാനമാക്കി മാത്രമേ തീരുമാനം നടപ്പാക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിളര്‍ച്ച, വളര്‍ച്ചക്കുറവ്, വൈറ്റമിന്‍ ബിയുടെ കുറവു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരമെന്ന നിലയ്ക്ക് സമ്പുഷ്ട അരി വിതരണം ചെയ്യുമ്പോള്‍ ആരോഗ്യവിദഗ്ധര്‍ക്ക് പോലും ഈ വിഷയത്തില്‍ ഏകാഭിപ്രായമില്ല. പോഷകങ്ങളുടെ കുറവ് പലതരത്തിലുണ്ടാകാം. ഓരോരുത്തരിലും എന്തെല്ലാം പോഷകങ്ങളുടെ അഭാവമുണ്ടെന്നു കണ്ടെത്തി അതിനു ചികിത്സ നല്‍കുകയെന്നതാണ് ശരിയായ മാര്‍ഗം (ടാര്‍ഗറ്റഡ് ചികിത്സ). പകരം എല്ലാവര്‍ക്കും സമ്പുഷ്ട അരി നല്‍കി പ്രശ്നം പരിഹരിക്കുകയെന്നതു വിപരീത ഫലം ചെയ്യും. ജനസംഖ്യയിലെ പകുതിയിലേറെ ആളുകള്‍ക്ക് അയണിന്റെ അംശം കൂടുതലടങ്ങിയ സമ്പുഷ്ട അരി ആവശ്യമില്ല. സമ്പുഷ്ട അരി കൂടുതലായി ഉപയോഗിക്കുന്നത് പ്രമേഹം വര്‍ധിപ്പിക്കും. സാധാരണയാളുകളില്‍ അയണിന്റെ അംശം കൂടിയാല്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ചിലരില്‍ ലിവര്‍ സിറോസിസ് പോലുള്ള അവസ്ഥയ്ക്കു വരെ കാരണമാകും. അയേണ്‍ കൂടുന്നത് കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. സമൂഹത്തിലെ ചെറിയൊരു ശതമാനം നേരിടുന്ന പോഷകക്കുറവിന്റെ പേരില്‍ ജനങ്ങളെയൊന്നടങ്കം സമ്പുഷ്ട അരി ഭക്ഷിപ്പിച്ച് ഗുരുതര രോഗികളാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.

Comments are closed.