1470-490

കാലവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന വിളകള്‍ കാലത്തിന്റെ ആവശ്യം; അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തിന് തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന വിളകള്‍ കാലത്തിന്റെ ആവശ്യം. കാലിക്കറ്റിൽ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തിന് തുടക്കമായി. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകളും സസ്യങ്ങളും ഉത്പാദിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയും (ഐ.എസ്.പി.പി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ഉത്പാദന ക്ഷമതയും കുറയ്ക്കുന്ന പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ബയോകെമിക്കല്‍, ഫിസിയോളജിക്കല്‍ പ്രതികരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളുമാണ് സമ്മേളനത്തില്‍ നടക്കുക. സസ്യങ്ങളുടെ ഇത്തരം ജനിതക പ്രത്യേകതകള്‍ കണ്ടെത്തി അവ വികസിപ്പിച്ചെടുത്താല്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള ഭക്ഷ്യക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രൊഫ. സെര്‍ജി ഷാബാല (ഓസ്‌ട്രേലിയ) മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.പി.പി. പ്രസിഡന്റ് ഡോ. എം.ബി. ചെട്ടി അധ്യക്ഷനായി. ദക്ഷിണമേഖലാ സെക്രട്ടറി ഡോ. ആര്‍. ഗോമതി, ബോട്ടണി പഠനവ കുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ആന്ധ്രാപ്രദേശ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പിലെ പ്രൊഫ. പി. പാര്‍ഥസാരഥി, ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞ ര്‍ വരും ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. നവംബര്‍ നാലിനാണ് സമാപനം.

Comments are closed.