1470-490

കള്ളക്കേസ് ചുമത്തി അമീറലിയെ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹം: റോയ് അറയ്ക്കല്‍

തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീറലിയെ അറസ്റ്റുചെയ്ത പാലക്കാട് പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. സാമൂഹിക വിഷയങ്ങളിലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലും നിരന്തരം ഇടപെടുന്ന അമീറലി പാലക്കാട് പോലീസ് പല തവണ ലക്ഷ്യം വെച്ചിരുന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് പോലീസ് പിന്‍വാങ്ങിയിരുന്നത്. സജീവമായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും സംബന്ധിക്കുന്ന പൊതുപ്രവര്‍ത്തകനെ ഒരു അപകടവുമായി ബന്ധപ്പെട്ട് പോലീസ് വിളിപ്പിക്കുകയും തന്ത്രപരമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയുമായിരുന്നു. സംസ്ഥാനത്ത് ജനകീയ പോലീസ് സ്റ്റേഷനുകള്‍ മൂന്നാംമുറകളുടെയും അപരിഷ്‌കൃത മര്‍ദ്ദന മുറകളുടെയും ഇടിമുറികളായി മാറിയെന്ന ആക്ഷേപത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് നിരപരാധികളെ അറസ്റ്റുചെയ്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ജില്ലയില്‍ നടന്ന അക്രമസംഭവങ്ങളിലൊന്നും യാതൊരു ബന്ധവുമില്ലാത്തവരെ പോലും അറസ്റ്റുചെയ്തു തടവിലാക്കി സംഘപരിവാര ദാസ്യം തുടരുകയാണ് പോലീസ്. ആര്‍എസ്എസ്സുകാര്‍ പ്രതികളായ കൊലപാതക കേസുകളില്‍ നാമമാത്രമായവരെ മാത്രം പ്രതിയാക്കി ഗൂഢാലോചനയോ ആസൂത്രണമോ അന്വേഷിക്കാതെ ആര്‍എസ്എസ്സിനു വിടുപണി ചെയ്യുന്ന പോലീസ് മറ്റു സംഭവങ്ങളില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ പ്രതികളാക്കുകയാണ്. നിരപരാധികളെ വേട്ടയാടുന്നതില്‍ നിന്ന് പോലീസിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത അമീറലിയെ ഉടന്‍ വിട്ടയയ്ക്കണമെന്നും പോലീസ് രാജിനെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം ശക്തമാക്കുമെന്നും റോയ് അറയ്ക്കല്‍ മുന്നറിയിപ്പു നല്‍കി.

Comments are closed.