1470-490

പുതു മോടിയിൽ പുലാക്കോടിന്റെ അയ്യപ്പൻ കുളം. വേണ്ടത് നാടറിഞ്ഞുള്ള വികസനമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

വികസന  പ്രവർത്തനങ്ങൾ  നാടിന്റെ ആവശ്യം  അറിഞ്ഞു നടത്തണമെന്ന് ദേവസ്വം പട്ടിക ജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലിമെന്ററി കാര്യ മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി വഴി നവീകരിച്ച പുലാക്കോടു അയ്യപ്പൻ കുളത്തിന്റെ  ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ. ഇനി വരുന്ന ഭാവിയിൽ വെള്ളത്തിന്റെ കാര്യം പ്രയാസമാകും. ജലം സംഭരിച്ചാലെ  ജലനിരപ്പ്  നിലനിർത്താൻ കഴിയൂ. കുളിക്കുക മാത്രം അല്ല കുളം  വഴി  ചെയ്യുന്ന കാര്യം. നമ്മുടെ ഭൂമിയുടെ ജലനിരപ്പും സന്തുലനവും ഉറപ്പ് വരുത്തുക കൂടിയാണ് കുളം ചെയ്യുന്നത്. തൊഴിലുറപ്പിനെ തൊഴിലിരുപ്പ്‌ എന്നാണ് ആക്ഷേപിക്കാറുള്ളത്. പക്ഷേ ഇവിടെ പണി മനോഹരമായി പൂർത്തീകരിച്ച തൊഴിലുറപ്പുകാർ തങ്ങൾ  ഈ നാടിനു  വേണ്ട കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ളവരാണ് എന്നു തെളിയിച്ചിരിക്കുകയാണ്. വികസന  പ്രവർത്തനങ്ങൾ  നാടിന്റെ ആവശ്യം  അറിഞ്ഞു നടത്തണം. ഭാവിയിൽ  വരാൻ  പോകുന്നത് വെള്ളത്തിന്റെ പ്രശ്നമാണ്. നമ്മൾ വെള്ളത്തിൽ നീന്തൽ  പഠിക്കുന്നത് ആരോഗ്യത്തിനും രക്ഷാപ്രവർത്തനത്തിനും  നല്ലതാണ്. കുട്ടികളെ നീന്തൽ  പഠിപ്പിക്കാൻ പരിശീലിപ്പിക്കണമെന്നും  മന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ച് 164 തൊഴിൽദിനങ്ങൾ എടുത്താണ് അയ്യപ്പങ്കുളം പുനർ നിർമ്മിച്ചത്. 25.8 സെന്റ് വിസ്തൃതിയുള്ള കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തി, കുളിക്കടവ്, ചുറ്റുമതിൽ എന്നിവ തീർത്തു മനോഹരമായി പെയിൻറ് ചെയ്യുകയും ചെയ്താണ് തൊഴിലുറപ്പുകാർ പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിക്കായി അഹോരാത്രം പ്രയത്നിച്ച വൈസ് പ്രസിഡൻറ് എച്ച്. ഷെലീലിനെയും തൊഴിലുറപ്പ് തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു. തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ശീതജ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം.അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ. മായ ടീച്ചർ മുഖ്യാതിഥി ആയി. ചടങ്ങിന് വൈസ് പ്രസിഡന്റും വാർഡ് ജനപ്രതിനിധിയുമായ എച്ച്. ഷെലീൽ ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ ആയ ഷിജിത ബിനീഷ്, എല്ലിശേരി വിശ്വനാഥൻ, ജാനകി ടീച്ചർ, ബീന മാത്യൂ, നിത്യ തേലക്കാട്ട്, എൽസി  ബേബി  ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Comments are closed.