1470-490

സഖാവ്: കൊടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ

അസമവും വിവേചനപരവുമായ സാമൂഹ്യ സാഹചര്യങ്ങളിൽ അടിച്ചമർത്തപ്പെട്ടുവരുടെയും  അശരണരുടെയും അവശരുടെയും ജീവിവിതാവസ്ഥകൾ മാറ്റി മറിക്കാനായി രൂപപ്പെടുത്തിയ സംഘടിതമായപാർട്ടിയിലേക്ക് ഇളംപ്രായത്തിലേ കയറിവരികയും വ്യക്തി ജീവിത താല്പര്യങ്ങൾ സംഘടനാ ചട്ടക്കൂടുകളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്ത ധീരനായിരുന്നു സഖാവ് കൊടിയേരി ബാലകൃഷ്ണൻ. 

ചിട്ടയായ സംഘടനാ പ്രവർത്തനവും കാര്യനിർവഹണ ശേഷിയും അദ്ദേഹത്തിന് സഹജമായിരുന്നു.  വിവിധ നിലകളിലെ പാർട്ടി ഭാരവാഹിത്വത്തിലും MLA, മന്ത്രി, മുന്നണി നേതാവ് എന്നീ രംഗങ്ങളിലുമെല്ലാം സഖാവ് തന്റെ പ്രവർത്തനമികവിനാൽ ശ്രദ്ധിക്കപ്പെട്ടു.    രാഷ്ട്രീയ  സാഹചര്യങ്ങളെ നിരീക്ഷിക്കുകയും ശരിയായി വിലയിരുത്തുകയും സംഘടനയെയും മുന്നണിയേയും ശരിയായി നയിക്കാനുള്ള ദിശ നിർണയിക്കുകയും പരിപാടികൾ കാര്യക്ഷമമായി രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ സഖാവിന്റെ നിസ്തുലമായ ശേഷി ഏവർക്കും ബോദ്ധ്യമുള്ളതാണ്.   

വ്യക്തിപരതക്കപ്പുറം സംഘടനയും മുന്നണിയും അതിനെ നയിക്കുന്ന രാഷ്ട്രീയവുമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ വെളിച്ചം വിതറി. 
കുടുംബ ജീവിതത്തിനും അതിന്റെ വൈരുദ്ധ്യങ്ങൾക്കുമിടയിലും നിസ്സംഗനായി തന്റെ ചുമതലകൾ പൂർത്തീകരിക്കാൻ സഖാവ് കൊടിയേരി ബാലകൃഷ്ണൻ ശ്രദ്ധിച്ചിരുന്നു.   
തന്റെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുമ്പോഴും അദ്ദേഹം ഒരു സംഘടനാ പ്രവർത്തകനു വേണ്ട പക്വത പുലർത്തുകയും  നിസ്സംഗത പാലിക്കുകയും ചെയ്തു.   അതുകൊണ്ടു തന്നെ തന്റെ രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിൽ പൊതു പിന്തുണ നിലനിർത്തിക്കൊണ്ട് പ്രവർത്തിക്കാൻ അദ്ദേഹത്തിനായി.   

ഒരു സംഘടനക്കുള്ളിലെ പരിമിതികളിൽ ഫലപ്രദമായും കാര്യക്ഷമമായും അക്ഷോഭ്യനായും പ്രവർത്തിക്കേണ്ടതെങ്ങനെയെന്നതിന് സഖാവിന്റെ പാർട്ടി ജീവിതം എന്നും മാതൃകയായിരിക്കും.

CPIM ന്റെ പ്രവർത്തന ചരിത്രത്തിൽ പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിലും സ്റ്റേറ്റ് സെക്രട്ടറി എന്ന നിലക്കും അച്ചുതാനന്ദൻ മന്ത്രിസഭയിൽ ആദ്യന്തര മന്ത്രി എന്ന നിലക്കും മായ്ക്കപ്പെടാനാവാത്ത ഏടുകൾ സഖാവ് കൊടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തിട്ടുണ്ട്.

Comments are closed.