1470-490

പ്രൊഫ.വി.അരവിന്ദാക്ഷൻ പുരസ്കാരം – 2022 അടൂർ ഗോപാലകൃഷ്ണന്

പ്രബുദ്ധ കേരളത്തിനു മുമ്പിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രതിഭാധനനാണ് പ്രൊഫ. വി. അരവിന്ദാക്ഷൻ. പുരോഗമനകാരിയായ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനനുമായിരുന്ന അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം നല്കി വരുന്ന പുരസ്കാരത്തിനു ഈ വർഷം അർഹനായിരിക്കുന്നതു വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്.അമ്പതിനായിരം രൂപയും വിനയലാൽ രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവുമടങ്ങിയതാണ് അവാർഡ് .കെ. സച്ചിദാനന്ദൻ, ടി.എം.കൃഷ്ണ, റൊമീല ഥാപർ, ആനന്ദ് തെൽ തുംബ്ദെ, ഡോ.ഗഗൻദീപ് കാങ് എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ചെയർമാനും പ്രൊഫ.കെ.സച്ചിദാനന്ദൻ, പ്രൊഫ.സി.വിമല, ഡോ.കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.ലോക സിനിമാ വേദിയിൽ ഏറെ അംഗീകരിക്കപ്പെടുന്ന ചലച്ചിത്ര സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ സ്വയംവരം ആധുനിക മലയാള സിനിമയുടെ തുടക്കങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.അതു വരെ മലയാളിക്കു പരിചിതമായ പരമ്പരാഗത വഴക്കങ്ങൾക്കു വ്യത്യസ്തമായി നവീന സംവേദന തലങ്ങൾ രൂപപ്പെടുത്തുന്നതിൽ അടൂർ സിനിമകൾക്കു നിർണായകമായ പങ്കുണ്ട്. തീർച്ചയായും കമ്പോളാ ഭിരുചിയെ തൃപ്തിപ്പെടുത്തുന്ന പൊതു ധാരാ സിനിമകളിൽ നിന്നു വേറിട്ട ധാരയായി ആ ചലച്ചിത്രങ്ങൾ നിലക്കൊള്ളുന്നു .അര നൂറ്റാണ്ടിലേറെ ദൈർഘ്യമുള്ള ആ ചലച്ചിത്ര സപര്യയിൽ പിറന്ന സിനിമകൾ മലയാളി സ്വത്വത്തിൻ്റെ വൈവിധ്യമാർന്ന പ്രതിനിധാനങ്ങളാണ് .ഒരു ഡസനിലേറെ ഫീച്ചർ സിനിമകളും ഒട്ടേറെ ഡോക്യുമെൻ്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.എലിപ്പത്തായവും കൊടിയേറ്റവും മുഖാമുഖവും കഥാപുരുഷനും വിധേയനും മതിലുകളും നിഴൽക്കുത്തും സംവിധാനം ചെയ്ത ഉന്നതശീർഷനായ അടൂരിനു ഒട്ടേറെ സാർവദേശീയ, ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്.പത്മവിഭൂഷൺ, ദാദാ സഹേബ്ബ് ഫാൽക്കേ അവാർഡ്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് തുടങ്ങിയ ബഹുമതികൾ നേടിയ അദ്ദേഹം മികച്ചൊരു ചലച്ചിത്ര ഗ്രന്ഥകാരൻ കൂടിയാണ്.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടകൻ കൂടിയായ അടൂരിന് ഒക്ടോ.17 ന് തൃശൂർ സാഹിത്യ അക്കാദമി ആഡിറ്റോറിയത്തിൽ ചേരുന് പ്രൊഫ.വി.അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുംഎഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ജെ.എൻ.യു അധ്യാപികയുമായ പ്രൊഫ. നിവേദിത മേനോൻ ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ വീണ്ടെടുപ്പ് (Reclaiming the Republic) എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.

Comments are closed.