1470-490

ആർ എസ് എസ്സിൻ്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കൾ അവസാനിപ്പിക്കണം: തുളസീധരൻ പള്ളിക്കൽ

തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തിൽ ആർ എസ് എസ്സിൻ്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കൾ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങൾക്കിവിടെ സുഖമായി കഴിയണമെന്ന വ്യാമോഹമാണ് മുസ്ലീം ലീഗിൻ്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ആർഎസ്എസ്സിന് അനുകൂല പ്രസ്താവനകൾ നടത്തുന്നതിനു പിന്നിൽ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടി നിശബ്ദമാക്കാൻ ഫാഷിസ്റ്റുകൾ നടത്തുന്ന ഗൂഢശ്രമങ്ങൾ ലീഗ് നേതാക്കൾക്ക് മനസിലാകാത്തതു കൊണ്ടല്ല. സംഘപരിവാർ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളാലാവും വിധം സഹായിക്കാനുള്ള ലീഗ് നീക്കം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ഇഡി ഊഴം കാത്തിരിക്കുകയാണെന്ന ഭയവും ലീഗ് നേതാക്കളുടെ പ്രസ്താവനകൾക്കു പിന്നിലുണ്ട്. കഴിഞ്ഞ 97 വർഷമായി പ്രവർത്തിക്കുന്ന ആർ എസ് എസ് എന്താണെന്ന് ലീഗ് നേതാക്കൾക്ക് നാളിതുവരെ തിരിച്ചറിയാനാവാത്തത് അപകടകരമാണ്. രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കളെയും സ്വതന്ത്ര ചിന്തകാരെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇ ഡിയുടെ നടപടിയെക്കുറിച്ച് ലീഗിൻ്റെ നിലപാട് തന്നെയാണോ യുഡിഎഫിനും എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.

Comments are closed.