1470-490

ദേശീയ പാത വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ ആശങ്ക; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ദേശീയ പാത വികസന പ്രവർത്തി നടക്കുന്ന മേഖലയിൽ ജനങ്ങൾക്ക് ആശങ്കയുള്ള സ്ഥലങ്ങൾ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. പരിശോധനയുടെ മുമ്പായി കാക്കഞ്ചീരി കിൻഫ്ര ടെകനോപാർക്ക് കിൻഫ്ര കോൺഫ്രൻസ് ഹാളിൽ ഡോ:എം.പി. അബ്ദു സമദ് സമദാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എ, ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി ജമീല ടീച്ചർ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി എന്ന ബാവ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സുഹറാബി എന്നിവരും ഡെപ്യൂട്ടി കളക്ടർ ഡോ: ജെ.ഒ അരുൺ,ദേശീയ പാത വിഭാഗം ലെയ്സൺ ഓഫീസർ പി.പി.എം. അഷ്‌റഫ്,ദേശീയപാത വിഭാഗം സൂപ്രണ്ട് പി.ഗോപാലകൃഷ്ണൻ, ദേശീയ പാത സാങ്കേതികവിഭാഗം പ്രൊജക്ട് എഞ്ചിനിയർ ഹരിഗോവിന്ദ് മോഹൻ, ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയർ റഷീദലി പി.കെ, അസിസ്റ്റന്റ് എഞ്ചിനിയർ ഷിബിൻ അശോക്.പി എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. പ്രശ്നങ്ങളെ സംബന്ധിച്ച പൂർണ്ണമായ പ്രൊപ്പോസൽ ദേശീയ പാത വിഭാഗം തയ്യാറാക്കി റീജിയണൽ ഓഫീസർക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ചതായി ലെയ്സൺ ഓഫീസർ യോഗത്തിൽ അറിയിച്ചു. ഇടിമുഴിക്കൽ, താഴെചേളാരി, പടിക്കൽ എന്നീ മേൽപാലങ്ങൾ അകാശ പ്പാതയാക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത വരുന്നതിനാലും പദ്ധതി ഡി പി ആറിൽ കൂടുതൽ ഭേദഗതി ആവശ്യമാണ്. ഇതിന് അനുമതി കേന്ദ്രത്തിൽ നിന്നും ലഭിക്കണമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. എന്നാൽ, വെളിമുക്ക്, പാലക്കൽ, പാണമ്പ്ര, ചെട്ട്യാർമാട്, സ്പിന്നിംഗ് മിൽ, എന്നിവിടങ്ങളിൽ അടിപ്പാത വേണമെന്ന നിർദേശവും കോഹിനൂർ, മേലെ ചേളാരി എന്നിവിടങ്ങളിൽ വലിയ വാഹനങ്ങൾ കടന്ന് പോവുന്നതിനുള്ള മേൽപാലമോ, അടിപ്പാതയോ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും കേന്ദ്ര അനുമതിക്കായി സമർപ്പിക്കാൻ ഡെപ്പൂട്ടി കളക്ടർ ദേശീയ പാത വിഭാഗത്തിന് നിർദേശം നൽകി. അതേ സമയം ഡ്രൈനേജിൽ നിന്നും പുറത്ത് വിടുന്ന വെള്ളം ഒഴുക്കുന്നതിന് ഗ്രാമീണ മേഖലയിലേക്കുള്ള ഡ്രൈനേജ് നിർമ്മാണത്തിനുള്ള ഫണ്ട് ദേശീയ പാത വിഭാഗത്തിൽ നിന്നും ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം വഴി പ്രൊപ്പോസൽ സമർപ്പിക്കും. പദ്ധതിയുടെ ഡി.പി.ആർ തദ്ദേശ സ്വയം ഭരണ വിഭാഗം സാങ്കേതിക വിഭാഗം തയ്യാറാക്കി ഒരാഴ്ച്ചക്കകം നൽകണമെന്നും നിർദേശം നൽകി. കൂടാതെ ഡ്രൈനേജ് തിരിച്ചു വിടുന്നത് കാരണമായി കർഷകർക്ക് പ്രയാസം നേരിടുമെന്ന പരാതിയുള്ള ഭാഗവും മേൽപാലം നിർമ്മാണം നടക്കുന്ന പ്രദേശവും ഉന്നത സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ പരിശോധിച്ച് റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. അതേസമയം താഴെ ചേളാരി- പരപ്പനങ്ങാടി റോഡ് ജംഗ്ഷന് വേണ്ടിയും ബസ് ബേ നിർമ്മിക്കുന്നതിനും ടാക്സി സ്റ്റാന്റ് സ്ഥാപിക്കുന്നതിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രൊപ്പോസൽ ദേശീയ പാത വിഭാഗത്തിന് സമർപ്പിച്ചതായും ലെയ്സൺ ഓഫീസർ അറിയിച്ചു.

Comments are closed.