1470-490

ഷാജഹാന്റെ കൊലപാതകം: ആര്‍എസ്എസ്സിന്റെ വര്‍ഗീയ അജണ്ടയിലേക്ക് സിപിഎം അണികള്‍ പാകപ്പെടുന്നത് ആശങ്കാജനകം- പി അബ്ദുല്‍ ഹമീദ്

പാലക്കാട്: ആര്‍എസ്എസ്സിന്റെ വര്‍ഗീയ അജണ്ടയിലേക്ക് സിപിഎം അണികള്‍ പാകപ്പെടുന്നത് ആശങ്കാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. മതനിരപേക്ഷതയും വര്‍ഗീയ വിരുദ്ധതയും കേട്ടുവളരുന്ന സഖാക്കള്‍ രാത്രി ഇരുട്ടി വെളുക്കുമ്പോഴേയ്ക്ക് ആര്‍എസ്എസ്സിന്റെ കൊലപാതക പാതയിലേക്ക് ആനയിക്കപ്പെടുന്നത് സിപിഎമ്മും ഇടതുപക്ഷവും ഗൗരവമായെടുക്കണം. മതനിരപേക്ഷത പ്രസംഗിക്കുന്ന സിപിഎമ്മിന് അണികളെ മതനിരപേക്ഷതയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. നാദാപുരം, തളിപ്പറമ്പ് ഉള്‍പ്പെടെ മുസ്ലിം ലീഗ്-സിപിഎം സംഘട്ടനങ്ങള്‍ വര്‍ഗീയ കലാപങ്ങളായി മാറിയ നിരവധി ഉദാഹരണങ്ങളുണ്ട്. സിപിഎമ്മിലെ ഹിന്ദു അണികളെ മതേതരവല്‍ക്കരിക്കാന്‍ നാളിതുവരെ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായത് പകയ്ക്കും വിദ്വേഷത്തിനും ഇടയാക്കിയെന്നും അതാണ് കൊലയ്ക്കു കാരണമെന്നുമുള്ള പോലീസ് കണ്ടെത്തല്‍ ഗൗരവതരമാണ്. കൂടാതെ കൊല്ലപ്പെടുന്ന പ്രവര്‍ത്തകര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെങ്കില്‍ പാര്‍ട്ടി പ്രതികരണമുണ്ടാകില്ല എന്ന മുന്‍കാല അനുഭവവും ഷാജഹാനെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍എസ്എസ്സിന് പ്രചോദനമായിട്ടുണ്ട്. സിപിഎമ്മിനും ഇടതുപക്ഷത്തിനും ശക്തമായ അടിത്തറയുള്ള പാലക്കാട് ജില്ലയില്‍ ആര്‍എസ്എസ്സുകാര്‍ വ്യാപകമായി ഡിവൈഎഫ്‌ഐയിലുള്‍പ്പെടെ നുഴഞ്ഞുകയറുന്നതായും റിപ്പോര്‍ട്ടുണ്ട്. സിപിഎമ്മും സംഘപരിവാരവും സാമൂഹിക നിലപാടുകളില്‍ പലപ്പോഴും ഐക്യപ്പെടുകയാണ്. ഇത് അടിസ്ഥാന ജനവിഭാഗങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള സമീപനങ്ങളും ഒന്നാക്കിമാറ്റുന്നു. ഇത് ക്രമേണ രാഷ്ട്രീയ നിലപാടുകളായി മാറുകയാണ്. ഇതാണ് തൃപുരയിലുള്‍പ്പെടെ കണ്ടത്. ആശയപരമായി ബോധവല്‍ക്കരണം നടത്തപ്പെട്ട ഇടതുപക്ഷം ഇന്ന് ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ജനകീയ വിഷയങ്ങളില്‍ സമരം ചെയ്യുന്നവരെ ആറാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖാനിക്കുന്ന മന്ത്രിയടക്കമുള്ള സിപിഎം നേതാക്കളുടെ പ്രസ്താവന വംശീയമാണ്. ഗെയില്‍, നാഷനല്‍ ഹൈവേ, ആവിക്കല്‍ തോട് വിഷയങ്ങളിലൊക്കെ ഇതാണ് വ്യക്തമായത്. ഇതാണ് മതനിരപേക്ഷത വായ്ത്താരിയാക്കുമ്പോഴും അണികള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ കാരണമാകുന്നത്. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സംഘപരിവാറിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ഇത്തരം അക്രമങ്ങള്‍ക്ക് പ്രോല്‍സാഹനമാകുന്നത്. ആര്‍എസ്എസ്സുകാര്‍ പ്രതികളാകുന്ന കേസുകളില്‍ പോലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വിഷു ദിനത്തില്‍ ആര്‍എസ്എസ്സുകാര്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പ്രതികളെ രക്ഷപ്പെടുത്താനായിരുന്നു പോലീസ് ശ്രമം. അതേസമയം ആര്‍എസ്എസ്സുകാര്‍ക്കെതിരായുണ്ടാവുന്ന ചെറുത്തുനില്‍പ്പുകളെ പോലും ഒരു സമൂഹത്തെയാകെ വേട്ടയാടാന്‍ കരുവാക്കുകയാണ് പോലീസും സര്‍ക്കാരും. ഹിന്ദു മുനിസിപാലിറ്റി എന്നു ബോര്‍ഡ് വെച്ചും ജയ് ശ്രീറാം ഫ്‌ളക്‌സ് വെച്ചും ആര്‍എസ്എസ് അജണ്ട നടപ്പാക്കി വര്‍ഗീയ വിദ്വേഷവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും അധികൃതര്‍ മൗനമവലംബിച്ച് പ്രതികള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് മുസ്ലിം യുവാക്കളാണ് ആര്‍എസ്എസ് കൊലക്കത്തിക്കിരയായത്. കൊല ചെയ്യുന്നത് ആര്‍എസ്എസ്സുകാരെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും താല്‍പ്പര്യമില്ലാത്തവിധം പൊതുസമൂഹം സംഘപരിവാരത്തോട് വിധേയപ്പെട്ടിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയും ആയുധ പരിശീലനവും നടത്തിയ ശേഷം ആര്‍എസ്എസ് നടത്തുന്ന അരുംകൊലകളില്‍ യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്ന പോലീസ് ഉന്നതതല പിന്തുണയും അക്രമികള്‍ക്ക് തണലൊരുക്കുകയാണ്.പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ ആര്‍എസ്എസ്സുകാര്‍ പിടിയിലായിട്ടും അവരെ കൊലയാളികളായി പോലും കാണാന്‍ മനസില്ലാത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിലുള്ള അന്തര്‍ധാര പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. അക്രമത്തിലും സംസ്‌കാരത്തിലും ആര്‍എസ്എസ്സിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുന്നത്. ഇഡി പേടി ആര്‍എസ്എസ്സിന് വിധേയപ്പെടാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു എന്നാണ് വ്യക്തമാകുന്നതെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീറലി, ജില്ലാ പ്രസിഡന്റ് ശഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി സംബന്ധിച്ചു.

Comments are closed.