1470-490

ട്രെയ്‌നുകളുടെ കൂട്ടയോട്ടം: ഇതാണ് റെയ്ല്‍വേ നിലപാട്

പാലക്കാട്:  രാവിലെ കോഴിക്കോട് ഭാഗത്തേയ്ക്കുള്ള ട്രെയ്‌നുകളുടെ കൂട്ടയോട്ടം എന്ന രീതിയിലുള്ള യാത്രക്കാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് റെയ്ല്‍വേ അധികൃതര്‍. ചില പ്രത്യേക സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്കായി മാത്രം ട്രെയ്ന്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും അധികൃതര്‍.
രാവിലെ തൃശൂരില്‍ നിന്നുള്ള പാസഞ്ചര്‍ 8.34നാണ് തിരൂരില്‍ എത്തുന്നത്. എറണാകുളം ഇന്റര്‍സിറ്റി 8.54നും തിരൂരിലെത്തുന്നുണ്ട്. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 8.27നാണ് തിരൂരില്‍ എത്തുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ട്രെയ്‌നുകളെല്ലാം പ്രത്യേക സാഹചര്യത്തിലും മേഖലയിലുമുള്ളവരുടെ സൗകര്യം കൂടി പരിഗണിച്ചാണ് സര്‍വീസ് നടത്തുന്നത്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന എക്‌സ്പ്രസ് ഇടയ്ക്കുള്ള ഏതാണ്ടെല്ലാ സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള ട്രെയ്‌നാണ്. അതുകൊണ്ടു തന്നെ ചെറുകിട സ്റ്റേഷനുകളില്‍ ഇറങ്ങുന്നവര്‍ക്ക് യോജിച്ച ട്രെയ്‌നാണിത്. മാത്രമല്ല പത്തു മണിയ്ക്കുള്ളില്‍ കോഴിക്കോട്ടെത്തേണ്ടുന്നവര്‍ക്ക് വലിയ തിരക്കില്ലാത്ത യാത്ര നല്‍കുന്ന ട്രെയ്ന്‍ കൂടിയാണ് തൃശൂര്‍-കോഴിക്കോട് എക്‌സ്പ്രസ്.
അതേസമയം രാവിലെ എറണാകുളത്തുള്ള യാത്രക്കാര്‍ക്കടക്കം പത്തു മണിയോടെ കോഴിക്കോട്ടെത്താന്‍ സാധിക്കുന്ന വിധമാണ് ഇന്റര്‍സിറ്റിയുടെ സമയം. കൂടുതല്‍ സ്‌റ്റോപ്പുകളില്ലാത്തതിനാല്‍ തൃശൂര്‍ മുതലുള്ള അത്യാവശ്യ യാത്രക്കാര്‍ക്കും ഉപകാരപ്രദമാണിത്.
കോയമ്പത്തൂര്‍, പാലക്കാട് മേഖലയിലുള്ള യാത്രക്കാര്‍ക്ക് പത്തു മണിയ്ക്കു മുന്‍പായി കോഴിക്കോട്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സമയം ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ സ്റ്റോപ്പുകളില്ലാത്തതിനാല്‍ അതിവേഗ യാത്രയും ഈ ട്രെയ്ന്‍ വഴി സാധിക്കുന്നുണ്ട്. ചുരുക്കത്തില്‍ വിവിധ മേഖലയിലെ വിവിധ സാഹചര്യങ്ങളിലുള്ളവര്‍ക്കായാണ് മൂന്നു ട്രെയ്‌നുകളുടെയും സമയം ക്രമീകരിച്ചിട്ടുള്ളത്. ഷൊര്‍ണൂരിനും തിരൂരിനുമിടയിലുള്ള വര്‍ക്ക് അടുത്ത സമയങ്ങളിലാണ് ട്രെയ്ന്‍. 8.27 മുതല്‍ 9 മണി വരെ മൂന്നു ട്രെയ്‌നുകള്‍ തിരൂരില്‍ നിന്നു യാത്ര ചെയ്യുന്നവര്‍ക്കായുള്ളതാണ് പരാതിയായി യാത്രക്കാര്‍ ഉയര്‍ത്തുന്നത്. തിരൂരിലെ യാത്രക്കാരുടെ മാത്രം സൗകര്യത്തിനായി ട്രെയ്ന്‍ സമയം മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടാണ് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ക്കുള്ളത്. അതേസമയം ഒമ്പതു മണിക്കു ശേഷം രണ്ടര മണിക്കൂറോളം വണ്ടികളൊന്നുമില്ലാത്തത് അസൗകര്യം തന്നെയാണ്. അതു പരിഹരിക്കാന്‍ പുതിയ ട്രെയ്‌നുകള്‍ക്കു മാത്രമേ സാധിക്കൂ. ഇക്കാര്യത്തിനായി നിലവിലെ ട്രെയ്‌നുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയാല്‍ മറ്റു മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും റെയ്ല്‍വേ അധികൃതര്‍ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584