1470-490

വഴി തെറ്റിയെത്തിയ വിസിലിംഗ് താറാവിൻകൂട്ടത്തെ യുവാക്കൾ രക്ഷിച്ചു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: മേലേ ചേളാരി മൃഗാശുപത്രി റോഡിൽ ദേശീയപാതയ്ക്ക് സമീപത്ത് വഴിതെറ്റിയെത്തിയ വിസിലിംഗ് താറാവ് (ഡെൻഡ്രോസിഗ്ന ജനുസ്സ്) മരത്താറാവ് എന്നും അറിയപ്പെടുന്ന കാട്ടുതാറാവിൻ കുടുംബത്തെ യുവാക്കൾ രക്ഷിച്ചു. വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേർന്നാണ് രക്ഷിച്ചത്. ഫോറസ്റ്റ് അധികൃതരെ പിന്നീട് വിവരമറിയിച്ചു. വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണ ഇവയെ കണ്ടു വരാറുള്ളത്. കൊയപ്പപ്പാടം മേഖലയിൽ മരത്തിൽ കൂടു കൂട്ടി കുട്ടികൾ നടക്കാറായപ്പോൾ അവയെയും കൂട്ടി ആവാസ സ്ഥലം തേടിയിറങ്ങിയപ്പോഴാണ് വഴി തെറ്റി ദേശീയ പാതയിലേക്ക് നീങ്ങിയത്. വിസിലിംഗ് ഡക്ക് ഇനത്തിൽപെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരെ നിന്ന് വരെ ഇണക്ക് തേടിയെത്താൻ കഴിയും. വൃക്ഷത്താറാവ് എന്നും പേരുള്ള ഇവ മൺസൂൽ കാലത്ത് പ്രജനനത്തിനായി കടലുണ്ടിയിൽ എത്താറുണ്ട്. 50 മുതൽ 60 മുട്ടകൾ വരെ ഇടാറുള്ള ഇവയിൽ ആൺ താറാവും പെൺ താറാവും 25 മുതൽ 30 ദിവസം വരെ അടയിരിക്കാറുണ്ട്. രണ്ട് മാസം കൊണ്ട് കുഞ്ഞുങ്ങൾ പറക്കാനാവും. 15 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. വിസിലിംഗ് താറാവുകൾ പതുക്കെ ചിറകടിച്ചും കാലുകൾ പുറകിലുമായി പറക്കുന്നു. അവർ ചിലപ്പോൾ മരങ്ങളിലോ പോസ്റ്റുകളിലോ ഇരുന്നു നിവർന്നുനിൽക്കുന്ന നിലപാടുകളോടെ എളുപ്പത്തിൽ നടക്കുന്നു. പൊള്ളയായ മരങ്ങളിൽ പല ഇനങ്ങളും കൂടുണ്ടാക്കുന്നുണ്ടെങ്കിലും, ഗ്രൗണ്ട് സൈറ്റുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. കൂടുണ്ടാക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഡ്രേക്കുകൾ സഹായിക്കുന്നു; ചില സ്പീഷീസുക ളിൽ അവ ഇൻകുബേഷനിലും പങ്കുചേരുന്നുയെന്നും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജന്തു ശാസ്ത്ര വിഭാഗം അസി.പ്രൊഫസറും പക്ഷിശാസ്ത്രജ്ഞനുമായ സുബൈർ മേടമ്മൽ വ്യക്തമാക്കുന്നു .

Comments are closed.