1470-490

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ- ധനസഹായം വേണം

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും പറമ്പിക്കുളം മുതല്‍ പെരിങ്ങല്‍കുത്ത് വരെയുള്ള വിവിധ ഡാമുകള്‍ തുറന്നു വിട്ടതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടി നിയോജകമണ്ഡലത്തിലെ അതിരപ്പിള്ളി, കാടുകുറ്റി, പരിയാരം, മേലൂര്‍, കൊടകര, കോടശ്ശേരി ഗ്രാമപഞ്ചായത്തുകളിലെയും ചാലക്കുടി മുനിസിപ്പാലിറ്റിയിലെയും എഴുന്നൂറോളം വീടുകളില്‍ വെള്ളം കയറുകയും ഈ പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായി. ഏകദേശം അറൂന്നൂറോളം കുടുംബങ്ങള്‍ ബന്ധു വീടുകളില്‍ അഭയം തേടി. ഇവര്‍ക്ക് ഉടനെയൊന്നും സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ഇവര്‍ക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കേണ്ടതാണ്. ഓണവിപണി ലക്ഷ്യമിട്ട് കര്‍ഷകര്‍ പരിപാലിച്ചു വന്ന 45000 ഓളം വാഴ, 12 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി എന്നിവയും ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നശിച്ചു. കൂടാതെ 40 ഹെക്ടര്‍ കപ്പ, 235 ഓളം റബ്ബര്‍, 500 ഓളം ജാതി, 200 ഓളം തെങ്ങ്, 1300 ഓളം അടയ്ക്ക എന്നിവയെയും ബാധിച്ചിട്ടുണ്ട്. ഈ കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റെയില്‍വേ ട്രാക്കിലൂടെ പോകുകയായിരുന്ന രണ്ട് യുവതികള്‍ ‍ തോട്ടില്‍ വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാലക്കുടി നഗരസഭയിലെ 33-ാം ഡിവിഷനിലെ വി.ആര്‍. പുരം റെയില്‍വേ ബൈലൈന്‍ റോഡിലുള്ള വെള്ളക്കെട്ടിനെ തുടർന്ന് റെയില്‍വേ ട്രാക്കിലൂടെ നടക്കവെ പറയന്‍ തോട്ടിലേക്ക് വീണുണ്ടായ അപകടത്തിലാണ് വിജയരാഘവപുരം സ്വദേശി തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) മരണപ്പെട്ടതും ഒപ്പമുണ്ടായിരുന്ന ചെമ്പോത്തുപറമ്പിൽ മുജീബിന്റെ ഭാര്യ ഫൗസിയ (40) യ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതും. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകവേയാണ് ഇവര്‍ അപകടത്തില്‍പെടുന്നത്. നിര്‍ദ്ദന കുടുംബാംഗങ്ങളാണ്. മരണപ്പെട്ട ദേവീകൃഷ്ണയുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം അനുവദിക്കണം. കൂടാതെ ശ്രീമതി. ഫൗസിയയ്ക്ക് വിദഗ്ധചികിത്സ ഉറപ്പാക്കുകയും ധനസഹായം അനുവദിക്കുകയും വേണം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചാലക്കുടി നിയോജകമണ്ഡലത്തില്‍ വ്യാപകമായ നാശനഷ്ടവും കൃഷിനാശവുമാണ് ഉണ്ടായിട്ടുള്ളത്. കോടികണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. എത്രയും വേഗം നാശനഷ്ടങ്ങളുടെ കണക്കെടുത്ത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Comments are closed.