തിരൂരങ്ങാടിയിലും മങ്കി പോക്സ് സ്ഥിരീകരിച്ചു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
ജില്ലയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 30 വയസുള്ള യുഎഇയില്‍ നിന്ന് വന്ന വ്യക്തിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ജൂലൈ മാസം 27ന് യുഎ.ഇയില്‍ നിന്ന് കൊണ്ടോട്ടി കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയാണ് ഇദ്ദേഹം എത്തിയത്. ജൂലൈ 28ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയമാക്കുകയും ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ, ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയക്കുകയും ഇന്നലെ (ഓഗസ്റ്റ് രണ്ട്) പരിശോധന ഫലം വരുകയും ചെയ്തു.
ഇദ്ദേഹം ഇപ്പോള്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണുള്ളത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള നാല് പേരെ നിരീക്ഷണത്തിലാക്കി. എന്നാല്‍ ആരുമായും അടുത്ത സമ്പര്‍ക്കമില്ല. ഇതോടെ രണ്ട് പേര്‍ക്കാണ് ജില്ലയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്. കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്തവാളത്തില്‍ മങ്കി പോക്സിനെതിരായ നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments are closed.