അതിഗുരുത സാഹചര്യം
അതിശക്തമായ മഴ സാധ്യത; മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ നിന്നും പുഴയോരങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കും

ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍നിന്നും പുഴയോരങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. റവന്യൂ മന്ത്രി കെ രാജന്, എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഓണ്‍ലൈനില്‍ നടത്തിയ അടിയന്തര യോഗത്തിലാണ് നിര്‍ദേശം. 2018 ന് സമാനമായ പ്രളയ സാഹചര്യം മുന്നില്‍ കണ്ടു വേണം നമ്മള് ഓരോരുത്തരും പ്രവര്ത്തിക്കുവാനെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അതിവേഗം അലേര്‍ട്ടുകള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതി ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളിലും ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. രാത്രിയാവുന്നതിന് മുമ്പ് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ മണലിപ്പുഴയില്‍ രണ്ടു മണിക്കൂറില്‍ 36 സെന്റീമീറ്റര്‍ വീതം ജലനിരപ്പാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ചാലക്കുടി പുഴയുടെ സമീപമുള്ളവരെ ഇന്നലെതന്നെ ഒഴുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ചാലക്കുടി പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട്, എന്‍ ഡി ആര് എഫ് സംഘങ്ങള്‍ എന്നീ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുഴകളിലെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മരങ്ങള്‍ നില്ക്കുന്നുണ്ടെങ്കില് അവ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കണം. ചാലക്കുടി പുഴയുടെ വെട്ടുകടവ് പാലത്തിന് താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളിലുള്ളവര്‍ ക്യാമ്പുകളില്‍ എത്തിയിട്ടില്ല എന്നത് ഗുരുതര വീഴ്ചയാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും സജ്ജമായിരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
Comments are closed.