1470-490

ചാലക്കുടി സുസജ്ജം; ക്യാമ്പുകളിൽ ആവശ്യ സൗകര്യങ്ങൾ ഒരുക്കി

ചാലക്കുടി  നിയോജകമണ്ഡലത്തിലെ   ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യ സൗകര്യങ്ങൾ ഒരുക്കിയതായി സനീഷ് കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സെന്റ് ജോർജ് എച്ച്  എസ്  പരിയാരം ,  ജി എൽ പി എസ്  കൊന്നക്കുഴി, ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മലയാളം  ബ്ലോക്ക് , സെന്റ് ആന്റണീസ്  ജി എച്ച്  എസ് കോട്ടാറ്റ്, തിരുമാന്ധാംകുന്ന്  അമ്പലത്തിലെ  ഹാൾ, യു പി എസ്  കാതിക്കുടം എന്നിവിടങ്ങളിലാണ്  ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക്  ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതൽ  ക്യാമ്പുകൾ  തുറക്കുന്നതിനുള്ള  നടപടികൾ  പൂർത്തിയായിട്ടുള്ളതായി എം എൽ എ അറിയിച്ചു.

പരിയാരം  ഗ്രാമപഞ്ചായത്തിലെ  കമ്മളം, മേലൂർ ഗ്രാമപഞ്ചായത്തിലെ ഡിവൈൻ കോളനി, എരുമപ്പാടം, ചാലക്കുടി നഗരസഭ പരിധിയിൽ  കൂടപ്പുഴ, റെയിൽവെ അണ്ടർപാസ്, കാടുകുറ്റി പഞ്ചായത്തിലെ ചെറുവാളൂർ എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവിൽ വെള്ളം കയറിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ  ഭാഗമായി കൂടുതൽ  ബോട്ടുകൾ  ഉൾപ്പടെയുള്ള   രക്ഷാദൗത്യ  സംവിധാനങ്ങൾ തയ്യാറായിട്ടുണ്ട്. എൻ ഡി ആർ എഫിന്റെ ഒരു യൂണിറ്റ് ചാലക്കുടിയിൽ എത്തി  ക്യാമ്പ് ചെയ്യുമെന്നും എം എൽ എ വ്യക്തമാക്കി.

സ്ഥിതിഗതികൾ  വിലയിരുത്തുന്നതിനായി ചാലക്കുടി താലൂക്ക്  ഓഫീസിൽ  മുഴുവൻ സമയ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.  ചാലക്കുടി പുഴയിലെ  വെള്ളത്തിന്റെയും  ചാലക്കുടിയിലെ  വിവിധ പ്രദേശങ്ങളിലായി പെയ്യുന്ന  മഴയുടെയും ചാലക്കുടി  പുഴയുമായി ബന്ധപ്പെട്ട ഡാമുകളിലെ  വെള്ളത്തിന്റെ  അളവും   സൂക്ഷ്മമായി  നിരീക്ഷിച്ചു വരുന്നതായും  എം എൽ എ അറിയിച്ചു.

വാഴച്ചാൽ ആദിവാസി കോളനികളിലുള്ളവർക്ക്  ഏതു സമയവും വാഴച്ചാലിലെ  വനംവകുപ്പിന്റെ  ഡോർമിറ്ററിയിലേയ്ക്ക്  മാറിത്താമസിക്കുവാനുള്ള  തയ്യാറെടുപ്പുകളും  പൂർത്തിയായിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.

Comments are closed.