1470-490

ചാലക്കുടി മണ്ഡലത്തിലെ റോഡ് വികസനം: നിതിൻ ഗഡ്കരി വിളിച്ച യോഗത്തിൽ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞ് ബെന്നി ബഹനാൻ എം പി

ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാതകളെ സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വിളിച്ചുചേർത്ത എം പി മാരുടെ യോഗത്തിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എണ്ണിപറഞ്ഞ് ബെന്നി ബഹനാൻ എം പി. നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിൽ മണ്ഡലത്തിൽ ഇഴഞ്ഞു നീങ്ങുന്ന പണികളെ കുറിച്ചും പുതുതായി ലഭിക്കേണ്ട സഹായങ്ങളേ കുറിച്ചും എം പി മന്ത്രിയുമായി ചർച്ച നടത്തി. കരാറുകാരുടെ മോശം സമീപനം കൊണ്ട് ഭാഗികമായി മുടങ്ങിക്കിടക്കുന്ന ചാലക്കുടി അണ്ടർപാസിന്റെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രവർത്തി പുതിയ കോൺട്രാക്ടർക്ക് നൽകണമെന്നും എം പി ആവശ്യപ്പെട്ടു .എൻ എച്ച് 544-ൽ മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് ഓവർലേയുടെ പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും, ഡ്രെയിനേജ് സൗകര്യങ്ങളും ക്രോസ് ഡ്രെയിനേജ് സൗകര്യങ്ങളും സഹിതം അധിക സർവീസ് റോഡുകൾ മണ്ഡലത്തിൽ പെടുന്ന ദേശീയ പാതയോരങ്ങളിൽ പുതുതായി നിർമിച്ച് നൽകാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് .മണ്ഡലത്തിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന തൃപ്പൂണിത്തുറ ബൈപാസിന്റ ഏറ്റെടുത്ത ഭൂമി പ്രയോജനപ്പെടുത്തി തൃപ്പൂണിത്തുറ ടൗണിലേക്കുള്ള ഒരു സ്പർ റോഡ് കണക്റ്റിവിറ്റിയായി ബൈപാസിന്റെ നിർമ്മാണം പരിഗണിക്കാനും നടപടികൾ വേഗത്തിലാക്കാനും ശ്രദ്ധ ചെലുത്തണമെന്നും, എൻ എച്ച് 544ൽ അപകടാവസ്ഥയിലായ പഴയ മംഗലപ്പുഴ, മാർത്താണ്ഡവർമ പാലങ്ങൾ മാറ്റി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ പാലങ്ങൾ നിർമ്മിക്കണമെന്നും എം പി ആവശ്യപ്പെട്ടു .

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733