1470-490

കടുവ മോഡലില്‍ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലംമാറ്റം

വടകര: കസ്റ്റഡി മരണ പരാതി ഉയര്‍ന്ന വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാനിരിക്കുന്നതയേയുള്ളു. അതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായിയുടെ അടിയന്തര ഇടപെടല്‍. സംഭവവുമായി ബന്ധപ്പെട്ട് സജീഷ് എന്ന പൊലീസുകാരനെക്കൂടി ഇന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്നത് കസ്റ്റഡി മരണമാണെന്ന് ആരോപണം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.

സംഭവത്തില്‍ വടകര എസ്.ഐ ഉള്‍പ്പെടെ 3 പേരെ സസ്പന്‍ഡ് ചെയ്തിരുന്നു. വടകര എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഐജി രാഹുല്‍ നായര്‍ ആണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.

Comments are closed.