1470-490

പാറന്നൂര്‍ചിറയില്‍ ആര്‍ച്ച് ബ്രിഡ്ജ് വരുന്നു

കുന്നംകുളം: ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക ടൂറിസം മുഖമായ പാറന്നൂര്‍ചിറയുടെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സന്ദര്‍ശകര്‍ക്കായി ഒരുക്കുന്ന ടോയ്ലറ്റ്, കഫറ്റീരിയ, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, പ്രദേശവാസികള്‍ക്കായി ഓപ്പണ്‍ ജിം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 12.14 ലക്ഷം രൂപയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. സെപ്റ്റംബര്‍ മാസത്തോടെ പണി പൂര്‍ത്തീകരിച്ച് ഇവ നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ പറഞ്ഞു. പാറന്നൂര്‍ ചിറയും പുഴയോരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.

പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനായി ഇരു കരകളെയും ബന്ധപ്പെടുത്തി ആര്‍ച്ച് ബ്രിഡ്ജ് നിര്‍മ്മിക്കും. കൂടാതെ നടപ്പാത വശം കെട്ടി സംരക്ഷിക്കും. 10.98 ലക്ഷം രൂപ എംഎന്‍ആര്‍ഇജി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നടപ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചിറയുടെ വശങ്ങളിലെ റോഡില്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സംരക്ഷണ ഭിത്തി, ഹാന്‍ഡ് റെയില്‍, പ്രഭാത സവാരിക്കായി നടപ്പാത എന്നിവ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പാറന്നൂരില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ വടക്ക് മാറിയാണ് ചിറ സ്ഥിതി ചെയ്യുന്നത്. ചൂണ്ടല്‍ പഞ്ചായത്തിലെ പ്രധാന ജലസംഭരണിയാണ് പാറന്നൂര്‍ ചിറ. സമീപ പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ളത്തിനും ജലസേചനത്തിനുമെല്ലാം ഉപകാരപ്രദമായ ജലസ്രോതസ് കൂടിയാണിത്.

വിശാലമായ പാടശേഖരത്തെ മുറിച്ചൊഴുകുന്ന പുഴ, പാറക്കെട്ടിനിടയിലൂടെ പാഞ്ഞെത്തുന്ന വെള്ളച്ചാട്ടം, പച്ചപ്പിനിടയില്‍ കൗതുകമുണര്‍ത്തി പറന്നെത്തുന്ന ദേശാടന പക്ഷികള്‍ എന്നിങ്ങനെ സഞ്ചാരികളുടെ മനം കവരുന്ന ഒട്ടനവധി ദൃശ്യങ്ങളാണ് പാറന്നൂര്‍ ചിറയെ മനോഹരിയാക്കുന്നത്. പ്രാദേശിക ജലസംഭരണികള്‍ ജനസൗഹൃദമാക്കി മാറ്റുന്നതിന്റെ മാതൃക കൂടിയാണ് പാറന്നൂര്‍ ചിറ. സര്‍ക്കാരിന്റെ വില്ലേജ് ടൂറിസം പ്രോത്സാഹന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശം കൂടിയാണിത്.

Comments are closed.