1470-490

നഞ്ചിയമ്മയുടെ സംഗീതം ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതെന്ന് സംവിധായകൻ

നഞ്ചിയമ്മയ്ക്കൊപ്പം പ്രശാന്ത് കാനത്തൂർ

ചെന്നൈ: നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾക്കിടെ അനുഭവം പങ്കു വച്ച് സംവിധായകൻ’ സ്റ്റേഷൻ – 5 എന്ന ചിത്രത്തിൻ്റെ സംവിധായകനും പത്രപ്രവർത്തകനുമായ പ്രശാന്ത് കാനത്തൂരാണ് നഞ്ചിയമ്മയെ കുറിച്ച് പോസ്റ്റിട്ടത് ‘ നഞ്ചിയമ്മയുടെ സംഗീതം ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്ന് അനുഭവത്തിൽ നിന്നും തിരിച്ചറിഞ്ഞയാളാണെന്നും അദ്ദേഹം –

FB Post

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് വിവാദവും ചർച്ചയുമായി പടർന്നപ്പോൾ ഇടപെടാതിരുന്നത് ആ ഗായികയ്ക്ക് അർഹതയുണ്ട് എന്ന് തോന്നിയതിനാലാണ്. അതിനുള്ള പ്രധാന കാരണം നഞ്ചിയമ്മയുടെ സംഗീതം ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്ന് അനുഭവത്തിൽ നിന്നും തിരിച്ചറിഞ്ഞതിനാലാണ്.

നിഷ്കളങ്കമായ , സ്നേഹം മാത്രമുള്ള, കാപട്യമില്ലാത്ത, സംഗീതജ്ഞയെന്ന നാട്യമില്ലാത്ത ആ ശുദ്ധ മനസിന്റെ പ്രതിഫലനം കൂടിയാണ് നഞ്ചിയമ്മയുടെ സംഗീതം. രാഗങ്ങൾ അരച്ചുകലക്കി കുടിച്ചാലേ അല്ലെങ്കിൽ പഠിച്ചാലേ ഗായകരും സംഗീത സംവിധായകരും ആകാവൂ എന്ന മൂഢ ധാരണ പലരും വെച്ചുപുലർത്തുന്നുണ്ട്. അവർക്കുള്ള പ്രഹരമാണിത്. ആ ചിന്താഗതി എസ്.പി.ബിയെപ്പോലുള്ള ചില മുൻഗാമികളെപ്പോലെ നഞ്ചിയമ്മയും തിരുത്തിക്കുറിച്ചു. ഗോത്രഭാഷയിലല്ലാത്ത ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാനാവില്ല എന്നൊക്കെ പലരും വീരവാദം മുഴക്കുന്നുണ്ട്. സമയവും സാവകാശവും കൃത്യമായ നിർദ്ദേശവും കൊടുത്താൽ നഞ്ചിയമ്മയ്ക്ക് അതിനു സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

പഠിച്ചെടുക്കാൻ അവർക്ക് ഇത്തിരി സമയം വേണ്ടി വരും. ഉച്ചാരണത്തിലും ശ്രദ്ധിക്കണം. രാഗങ്ങളുടെ പേരു പറഞ്ഞ് അവരെ ഞെട്ടിപ്പിക്കാതെ , അവരുടെ സ്വാതന്ത്ര്യത്തിൽ പാടാൻ വിട്ടു കൊടുക്കുക. എത്ര സംഗീത സംവിധായകർ അതിനു തയ്യാറാവും എന്നിടത്താണ് കാര്യം. നഞ്ചിയമ്മയുടെ ഗോത്രഭാഷാ സംഗീതം ഊറ്റിയെടുക്കാൻ മാത്രമാണ് ഞാൻ അടക്കമുള്ള സംഗീത സംവിധായകർ ശ്രമിച്ചിട്ടുള്ളൂ എന്നും അൽപ്പം കുറ്റബോധത്തോടെ പറയട്ടെ. നഞ്ചിയമ്മയിലെ വേറിട്ട സ്വരമാധുരി ഇനിയും കാലം പലരിലൂടെയും പുറത്തു കൊണ്ടു വരട്ടെ.

നഞ്ചിയമ്മ ഒരു പാവം സ്ത്രീയായതു കൊണ്ടു കൂടിയാണ് ഈ വിവാദം സമാധാനപരമായി മുന്നോട്ടു നീങ്ങുന്നതെന്ന മന:ശാസ്ത്രപരമായ വശം കൂടിയുണ്ട്. അവരെ ആരും കടിച്ചു കീറാത്തതും അതുകൊണ്ടാണ്. എന്തായാലും അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് അവാർഡ് നല്കിയതിനെക്കാൾ മഹത്തരമാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചത് എന്ന് പറയാതെ വയ്യ.

നഞ്ചിയമ്മയെക്കൊണ്ട് പാടിപ്പിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില സംഗീത സംവിധായകരിൽ ഒരാളാണ് ഞാൻ. സ്റ്റേഷൻ 5 എന്ന എന്റെ സിനിമയിൽ അവർ പൊടുന്നനെ ഗായികയായി എത്തിയതല്ല. ഞാൻ ആഗ്രഹിച്ച് കൊണ്ടുവന്നതാണ്. അട്ടപ്പാടി നരസുമുക്കിലെ ഒരു മലമുകളിൽ വെച്ചാണ് ആദ്യം അവരെക്കൊണ്ട് പാടിപ്പിച്ചത്. ഗോത്രഭാഷയിലുള്ള അഞ്ചു പാട്ടുകൾ അവർ പാടി. അതിൽ ചിലത് അയ്യപ്പനും കോശിയിലും ഉപയോഗിച്ചതായിരുന്നു. അവ ഒഴിവാക്കിയാണ് കേലെ കേലെ കുംബ എന്ന പാട്ട് തിരഞ്ഞെടുത്തത്.

ഷൂട്ടിങ് ദിവസം ഒരു രാത്രി ഞാനും നഞ്ചിയമ്മയും പളനിസ്വാമിയും അട്ടപ്പാടിയിൽ നിന്നും പാലക്കാടേക്ക് പോയി പ്രകാശ് ഉള്ള്യേരി യുടെ തത്വ സ്‌റ്റുഡിയോവിൽ നിന്നും ഗാനം റിക്കോർഡ് ചെയ്തു. തികഞ്ഞ സംതൃപ്തിയോടെയാണ് ഞങ്ങൾ മടങ്ങിയത്. പിന്നീട് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചു. പാട്ടിൽ മുഴുവനും ഗോത്രഭാഷയായതിനാലും മലയാളത്തിലും ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കണമെന്നും തോന്നിയപ്പോഴാണ് പ്രകാശ് മാരാരെക്കൊണ്ട് വരികൾ എഴുതിപ്പിച്ചതും പിന്നീട് വിനോദ് കോവൂരിനെക്കൊണ്ട് നഞ്ചിയമ്മയ്ക്കൊപ്പം പാടിച്ചതും.

സ്റ്റേഷൻ 5 ലെ ടൈറ്റിൽ ഹമ്മിങ് പാടിയതും നഞ്ചിയമ്മയായിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷം അവർക്ക് നൽകുകയും ചെയ്തു. ഫൈനൽ മിക്സിങ്ങിനായി കോഴിക്കോട് വന്നപ്പോൾ കേലെ കേലെ കുംബ എന്ന് പാട്ടു കേട്ടി നഞ്ചിയമ്മ ഞെട്ടി. അവർ പോലും ഉദ്ദേശിക്കാത്ത ഒരു vibe അതിൽ ഒരുക്കിയിരുന്നു.

സ്റ്റേഷൻ 5 റിലീസായപ്പോൾ അഗളിയിലെ തീയ്യറ്ററിൽ നഞ്ചിയമ്മയ്ക്ക് ഒപ്പമിരുന്നാണ് സിനിമ കണ്ടത്. അതും ഒരു ആഗ്രഹമായിരുന്നു. അവരുടെ വീട്ടിൽച്ചെന്ന് കാറിൽ തീയ്യറ്ററിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നു. അവർ ആസ്വദിച്ച് സിനിമ കണ്ടു. ‘ഇന്നത്തെ കാലത്ത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ – എന്നായിരുന്നു അവരുടെ ഹൃദയത്തിൽ നിന്നുള്ള പ്രതികരണം. ബുദ്ധിജീവികളെന്നു നടിക്കുന്നവരുടെ പരിഹാസം കലർന്ന വാഴ്ത്തലുകളെക്കാൾ മനസ് കൊണ്ട് ഇഷ്ടപ്പെടുന്നതും നഞ്ചിയമ്മയെപ്പോലുള്ള സാധാരണക്കാരുടെ ആർദ്രമായ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്.

നഞ്ചിയമ്മ ചേച്ചീ….
ഇനിയും ഉയരങ്ങളിലേക്കാവട്ടെ യാത്ര… ഭാവുകങ്ങൾ

Comments are closed.