1470-490

മണ്ണുമാഫിയ തുരന്ന കുട്ടിമാക്കൂൽ അന്തോളി മല ഇടിഞ്ഞു- കല്ലും മണ്ണും ചെളിയും റോഡിൽ- 25 ഓളം വീടുകൾ ഭീഷണിയിൽ

തലശ്ശേരി: മണ്ണ് മാഫിയ തുരന്ന് താറുമാറാക്കിയ കുട്ടി മാക്കൂലിലെ അന്തോളി മല പൊടുന്നനെയിടിഞ്ഞു – ഏക്കറുകളോളം വിസ്തൃതിയും ഉയരവുമുള്ള മൂഴിക്കരക്കുന്നിൻ്റെ ഭാഗമായ അന്തോളി മലയിൽ കുട്ടി മാക്കൂൽ ഭാഗത്താണ് മണ്ണിടിഞ്ഞത്. കനത്ത്  മഴയിൽ കുതിർന്ന കുന്ന് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ഇടിഞ്ഞു വീണത്. ഉരുൾപൊട്ടൽ സമാനം താഴേക്ക് ഇളകി മറിഞ്ഞെത്തിയ കല്ലും മണ്ണും ചെളിയും സമീപത്തെ ചാലിൽ കോളനി റോഡിൽ വരെ  എത്തി. ഇത് കാരണം ഇട റോഡ് തടസ്സപ്പെട്ടു. ജെ.സി.ബി ഉൾപെടെ ഉപയോഗിച്ചാണ് രാവിലെ തടസ്സം മാറ്റിയത്. മഴ ഇനിയും ശക്തിപ്പെട്ടാൽ കുന്നിൻ്റെ മറ്റു ഭാഗങ്ങളും ഇടിയുമെന്ന ആശങ്കയുണ്ട്. പരിസരത്തുള്ള ഒട്ടേറെ വീടുകൾക്ക് അപകട ഭീഷണിയുണ്ട്. വിവരമറിഞ്ഞ് സബ്ബ് കലക്ടർ അനുകുമാരി.ഐ. എ.എസ്. നഗരസഭ ചെയർപേഴ്സ്ൺ ജുമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കൌൺസിലർമാരായ സി.സോമൻ, കെ.ഭാർഗ്ഗവൻ, വില്ലേജ് ഓഫീസർ രാജേഷ്, തുടങ്ങിയവർ സ്ഥലത്തെത്തി. അപകടാവസ്ഥ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സബ്ബ് കലക്ടർ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മണ്ണ് മാഫിയ അന്തോളി മല ഇടിച്ച് മണ്ണ് കടത്തിക്കൊണ്ടിരിക്കയാണ്. ഇതാണ് മണ്ണിടിച്ചലിന് വഴിവച്ചതെന്ന് കൌൺസിലർമാർ പ്രതികരിച്ചു. മണ്ണ് മാറ്റിയ ഭാഗം തട്ടുകളായി തിരിച്ച് അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206