1470-490

ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം;രാഹുല്‍ഗാന്ധി മാര്‍ ജോസഫ് പാംപ്ലാനിക്ക് ഉറപ്പ് നല്‍കി

തലശ്ശേരി: സംരക്ഷിത വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരെയും പൊതുജനങ്ങളെയും കുടിയൊഴിപ്പിക്കാന്‍ കാരണമാകുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലോകസഭയിലും രാജ്യസഭയിലും നിലപാട് എടുക്കുമെന്ന് രാഹുല്‍ഗാന്ധി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ഉറപ്പ് നല്‍കി. പരിസ്ഥിതിലോല മേഖലയായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ അതിരൂപതക്കും കര്‍ഷകര്‍ക്കുമുള്ള ആശങ്ക അറിയിക്കുന്നതിനും സുപ്രീംകോടതിയെ കൊണ്ട് വിധി തിരുത്തിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ മട്ടന്നൂരിൽ  തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത പ്രതിനിധി സംഘം രാഹുല്‍ഗാന്ധിയെ കണ്ടപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് അറിയിച്ചത്. കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ഇക്കാര്യത്തില്‍ തലശേരി അതിരൂപത ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളും കര്‍ഷക സംഘടനകളും നടത്തുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും അറിയിച്ചു. ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിലുള്ള സാമാന്യനീതിയുടെ ലംഘനം മാര്‍ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ഒരു കിലോമീറ്റര്‍ വായു ദൂരമാണ് പരിസ്ഥിതി ലോല മേഖലയാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചര ലക്ഷത്തോളം ജനങ്ങളെ പെരുവഴിയിലാക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ പ്രതിപക്ഷ ഭേദമെന്യേ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും പൗരപ്രമുഖരും കര്‍ഷകര്‍ വെറുംകയ്യോടെ തങ്ങള്‍ അധ്വാനിച്ച് ഫലഭൂയിഷ്ടമാക്കിയ ഭൂമി വിട്ടൊഴിഞ്ഞ് പോകേണ്ടി വരുന്ന ഗുരുതര പ്രതിസന്ധി ഒഴിവാക്കിയെടുക്കുന്നതിനായി നിലകൊള്ളണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപിനൊപ്പം അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററും കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടറുമായ ഫാ.ഫിലിപ്പ് കവിയില്‍, ടിഎസ്എസ് ഡയറക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍, കെസിവൈഎം ഡയറക്ടര്‍ ഫാ.ജില്‍സ് വാളിപ്ലാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ.സുധാകരന്‍ എംപി, കെ.സി.വേണുഗോപാല്‍ എംപി, സണ്ണി ജോസഫ് എംഎൽ എ, സജീവ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, പി.ടി.മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് അതിരൂപതാ സംഘം രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098