1470-490

വായനക്ക് അനുസൃതമായ വളര്‍ച്ച കേരളം നേടിയോയെന്ന് പരിശോധിക്കണം – ബെന്യാമിന്‍

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച വായനദിന പരിപാടിയില്‍ ബെന്യാമിന്‍ സംസാരിക്കുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :വായനക്ക് അനുസൃതമായി സാമൂഹിക, മാനസിക വളര്‍ച്ച കേരളീയ സമൂഹം നേടിയിട്ടുണ്ടോയെന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ടെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെ ദൈവങ്ങളെപ്പോലെ ബഹുമാനിക്കുന്ന നാടാണ് കേരളം. വര്‍ഷം തോറും ഇവിടെ വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം നിശ്ചയിക്കാന്‍ സാധ്യമല്ല. നൂറ് ശതമാനം സാക്ഷരരാണെന്ന് നാം അഭിമാനിക്കുന്നു. പക്ഷേ പൊതുജീ വിതത്തില്‍ വായന എത്ര മാത്രം ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും ജീവിത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വഴി വിളക്കാ ണെന്നുമുള്ളതില്‍ കേരളീയ സമൂഹത്തെ ഓര്‍ത്ത് അഭിമാനത്തിന് വകയില്ലെന്ന് തോന്നുന്നു. പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വെളിച്ചമുണ്ടാകുകയും പുതിയ മനുഷ്യരായി മാറുകയും ചെയ്യുന്നില്ലെങ്കില്‍ വായന കൊണ്ട് കാര്യമില്ല. ദിവസവും മാധ്യമവാര്‍ത്തകളായി വരുന്ന സമൂഹത്തിന്റെ പിന്തിരിഞ്ഞു നടത്തങ്ങളും പ്രതിസന്ധികളും കാണുമ്പോഴും പരീക്ഷാഫലത്തില്‍ മനം നൊന്ത് കുട്ടികളുടെ ആത്മഹത്യകള്‍ പെരുകുമ്പോഴും വായന നമ്മെ വേണ്ട രീതിയില്‍ സ്വാധീനിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും ബെന്യമിന്‍ പറഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുമായ വായനക്കാരുമായി അദ്ദേഹം സംവദിച്ചു. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. മുഹമ്മദ് ഹനീഫ, അസി. ലൈബ്രേറിയന്‍ വി. ഷാജി, ഡോ. പി.കെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാലാ ലൈബ്രറി നടത്തിയ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനത്തിലെ പ്രബന്ധ സമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223