1470-490

ട്രോളിങ് നിരോധനം: കർശന പരിശോധന

വ്യാഴം രാത്രി 12ന്‌ സംസ്ഥാനത്ത്‌ ട്രോളിങ്‌ നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ്‌ നിരോധനം. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറുയാനങ്ങൾക്കും ഇത്‌ ബാധകമല്ല. ഇതരസംസ്ഥാന ബോട്ടുകൾ തീരം വിട്ടുതുടങ്ങി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഹാർബറുകളിലും ലാൻഡിങ്‌ സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ പൂട്ടും. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കുമായി മത്സ്യഫെഡ് ബങ്കുകൾ  പ്രവർത്തിക്കും. ചെറുയാനങ്ങളുടെ സുരക്ഷയ്‌ക്കായി  ലൈഫ്‌ഗാർഡുകളെയും സീ റെസ്‌ക്യൂ സ്‌ക്വാഡിനെയും നിയോഗിച്ചു. ഉപരിതല മത്സ്യബന്ധനത്തിനുപോകുന്ന വള്ളങ്ങളുടെ സുരക്ഷയ്‌ക്കായി ഇക്കുറി മൂന്ന്‌ മറൈൻ ആംബുലൻസ്‌ പ്രവർത്തിക്കും. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം.  80 കടൽരക്ഷാ ഭടന്മാരെയും (സീ റെസ്‌ക്യൂ സ്‌ക്വാഡ്‌) നിയോഗിച്ചു. 18 പട്രോളിങ്‌ ബോട്ടും കടലിലിറങ്ങും. രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ് വകുപ്പ്‌, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, കോസ്റ്റൽ പൊലീസ് എന്നിവയും സജ്ജം. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്  സഹായവും ഉറപ്പാക്കി.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ബയോമെട്രിക് ഐഡി കാർഡും സുരക്ഷാ ഉപകരണങ്ങളും കരുതണം. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, കൊച്ചി എന്നിവിടങ്ങളിലെ 85 ശതമാനം ബോട്ടുകളും തീരത്തെത്തി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223